പ്രണയഗാനവുമായി ‘താൾ’; പിന്നണിയിൽ നജീം അർഷാദും സംഗീത ശ്രീകാന്തും
Mail This Article
രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ക്യാംപസ് കഥ പറയുന്ന ‘താൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കാറ്റ് പാടുന്നൊരീ...’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച ഗാനത്തിന് ബിജിബാൽ ഈണമൊരുക്കിയിരിക്കുന്നു. നജീം അർഷാദും സംഗീത ശ്രീകാന്തും ചേര്‍ന്നാണു ഗാനം ആലപിച്ചത്.
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘പുലരിയിൽ ഇളവെയിൽ’, ‘പുഞ്ചവയൽക്കരയിൽ പുഞ്ചിരിപ്പൂ വിടർന്നേ’ എന്നു തുടങ്ങുന്ന ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോരമ മ്യൂസിക് ആണ് പാട്ടുകൾ പ്രേക്ഷകർക്കരികിലെത്തിച്ചിരിക്കുന്നത്.
രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘താൾ’. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ഡോ.ജി.കിഷോർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ആൻസൺ പോൾ, ആരാധ്യ ആൻ, അരുൺകുമാർ, നോബി മാർക്കോസ്, വിവ്യ ശാന്ത് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.