ADVERTISEMENT

രൺബീർ കപൂർ നായകനായെത്തിയ ‘അനിമൽ’ സിനിമ സംബന്ധിച്ച് വിമർശനങ്ങൾ പുകയുന്നതിനിടെ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗായകൻ അദ്നാൻ സമി. ‘അനിമൽ’ ഒരു സിനിമ മാത്രമാണെന്നും അതിനെ ആ അർഥത്തിൽ മാത്രം എടുത്താൽ പോരെയെന്നും ഗായകന്‍ ചോദിക്കുന്നു. ഒരു കലാകാരന് അദ്ദേഹത്തിന്റെ കല പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അത് കാണാനും കാണിതിരിക്കാനുമുള്ള അവകാശം പ്രേക്ഷകർക്കുമുണ്ട്. ആരും സിനിമ കാണാൻ നിങ്ങളെ നിർബന്ധിക്കുന്നില്ല. എന്നും അദ്നാൻ സമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘ദയവായി സിനിമയെ വിശകലനം ചെയ്യുന്നതും സദാചാര പൊലീസിങ് നടത്തുന്നതും അമിതമായി ചിന്തിക്കുന്നതും ഒഴിവാക്കൂ. അനിമൽ ഒരു സിനിമ മാത്രമാണ്, ഫാന്റസിയാണ്, വിനോദമാണ്. നിങ്ങൾ യുക്തി അന്വേഷിക്കുകയാണെങ്കിൽ അമർ അക്ബർ അന്തോണിയിലെ യുക്തിരഹിതമായ രക്തദാന രംഗത്തിനു പിന്നിലെ യുക്തിയെക്കുറിച്ചും സംസാരിക്കൂ.

ഒരു അമ്മയുടെ മൂന്ന് ആൺമക്കൾ ഒരേ സമയം ഒരു ട്യൂബിലൂടെ അവൾക്ക് രക്തം ദാനം ചെയ്യുന്നു! ആ സിനിമ ഒരു കൾട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെടുന്നു. ശരിയാണ്, കാരണം നമുക്കെല്ലാവർക്കും അത് ഇഷ്ടമാണ്. ദീവാറിൽ കാണിക്കുന്ന ധാർമികതയും ഷോലെയുടെ ക്ലൈമാക്‌സിൽ കാലുകളും കൈകളുമില്ലാതെ 'ഠാക്കൂർ' ഗബ്ബറിനെ കൊലപ്പെടുത്തിയതിനു പിന്നിലെ യുക്തിയും വിശദീകരിക്കുക. അതും നാം ഇഷ്ടപ്പെടുന്ന ഒരു അവിശ്വസനീയമായ ക്ലാസിക് തന്നെ.

ഒരു സിനിമയ്ക്ക് 'എ' റേറ്റിങ് നൽകിയാൽ അതിനർഥം ഒരു മുതിർന്നയാൾക്ക് മാത്രമേ അത് കാണാൻ കഴിയൂ എന്നാണ്. കാരണം, മുതിർന്നവർ പക്വതയുള്ളവരും ധാർമികമായി ശരിയും തെറ്റും വേർതിരിച്ചു മനസ്സിലാക്കാൻ അറിവുള്ളവരുമാണ്. അതിനാൽത്തന്നെ അവരെ ആ സിനിമയിലെ യാതൊന്നും പ്രതികൂലമായി ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യില്ല. അതുകൊണ്ട് സിനിമ കണ്ട് ആസ്വദിച്ച് വീട്ടിലേക്കു മടങ്ങൂ. 

ഞാൻ ഇതുവരെ 'അനിമൽ' കണ്ടിട്ടില്ല. എന്നാൽ ഒരു ക്രിയേറ്റീവ് ആർട്ടിസ്റ്റിന്റെ ഏത് തരത്തിലുള്ള കലയും പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രേക്ഷകർക്ക് ആ കലയെ ഇഷ്ടപ്പെടാനും നിരസിക്കാനുമുള്ള അവകാശമുണ്ട്. നമുക്ക് ജീവിക്കാൻ അവകാശമുണ്ട്. അതുപോലെ മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം. അത് വളരെ പ്രധാനമാണ്. സഹവർത്തിത്വത്തോടെ ജീവിക്കുക. ഒന്നും കാണാനും കേൾക്കാനും ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് ഒരു ഫാന്റസി അവതരിപ്പിക്കുമ്പോൾ. ഇറ്റ്സ് ജസ്റ്റ് എ ഫിലിം’, അദ്നാൻ സമി കുറിച്ചു. 

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമാണ് ‘അനിമൽ’. വിശ്വാസ വഞ്ചന, അവിഹിതബന്ധങ്ങൾ, സ്ത്രീവിരുദ്ധത തുടങ്ങിയവയെ ന്യായികരിക്കുന്ന പരാമർശങ്ങളും ദ്വയാർഥ സംഭാഷണങ്ങളുമുള്ള ചിത്രം റിലീസ് ചെയ്ത അന്നു തന്നെ വിവാദത്തിൽ കുടുങ്ങി. എന്നാൽ ‘അനിമൽ’ ബോക്സ്ഓഫിസിൽ കുതിപ്പു തുടരുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളും ചർച്ചകളും സജീവമാകുമ്പോൾ ഇതൊന്നും ബാധിക്കാതെയാണ് സിനിമയുടെ കലക്‌ഷൻ ഉയരുന്നത്.

English Summary:

Adnan Sami supports Ranbir Kapoor on Animal movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com