ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദ് ഇയർ’ ആയി ടെയ്‌ലർ സ്വിഫ്റ്റ്; പൂച്ചയെ കൂടെക്കൂട്ടിക്കോട്ടെയെന്ന് ഗായിക!
Mail This Article
ടൈം മാഗസിന്റെ 2023ലെ ‘പേഴ്സൺ ഓഫ് ദ് ഇയർ’ ആയി പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിനെ തിരഞ്ഞെടുത്തു. പാട്ടെഴുത്തുകാരിയും സ്വന്തം കഥയിലെ ഹീറോയുമായ അപൂർവവ്യക്തിയെന്നാണ് സ്വിഫ്റ്റിനെ ടൈം എഡിറ്റർ ഇൻ ചീഫ് സാം ജേക്കബ്സ് വിശേഷിപ്പിച്ചത്. ഓപ്പൺ എഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനേയും ചാൾസ് മൂന്നാമൻ രാജാവിനേയും പിന്നിലാക്കിയാണ് ടെയ്‌ലറിന്റെ ഈ വലിയ നേട്ടം.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ മുഖചിത്രമുള്ള മാഗസിന്റെ കവര്‍ ടൈം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുപൂച്ച ബെഞ്ചമിന്‍ ബട്ടനെ തോളിലേറ്റി നിൽക്കുന്ന ടെയ്‌ലറിനെയാണ് ചിത്രത്തില്‍ കാണാനാവുക. ഈ പോസ്റ്റ് ഷെയർ ചെയ്ത് ടെയ്‌ലര്‍ പങ്കുവച്ച രസകരമായ ചോദ്യവും ഉത്തരവും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
‘ടൈം മാഗസിന്‍: ടൈം വാരികയുടെ ഈ വര്‍ഷത്തെ വ്യക്തിയായി നിങ്ങളെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍: എന്റെ പൂച്ചയെ കൂടെ കൊണ്ടുവരാന്‍ പറ്റുമോ?’, എന്നാണ് ടെയ്‌ലര്‍ എക്സിൽ കുറിച്ചത്. ഈ പോസ്റ്റ് 9.8 മില്ല്യന്‍ ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഇക്കൂട്ടത്തിൽ പൂച്ചപ്രേമികളുടെ കമന്റുകൾ ശ്രദ്ധേയമാവുകയാണ്.
ടെയ്‌ലർ സ്വിഫ്റ്റിന്റെ വളർത്തുപൂച്ചകൾക്കും ആരാധകർ ഏറെയുണ്ട്. ബെഞ്ചമിന്‍ ബട്ടനെ കൂടാതെ 2 വളർത്തുപൂച്ചകൾ കൂടിയുണ്ട് ടെയ്‌ലറിന്. മെരെഡിത് ഗ്രേ, ഒലീവിയ ബെന്‍സണ്‍ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഇതിൽ ഒലീവിയ ബെന്‍സണ് 800 കോടിയാണ് വില. മറ്റു രണ്ടു പൂച്ചകളുടെ വില വ്യക്തമല്ല. വളർത്തുപൂച്ചകളിലൂടെ ടെയ്‌ലർ കോടിക്കണക്കിനു രൂപ സമ്പാദിക്കുന്നുണ്ട്. ഗായികയുടെ നിരവധി മ്യൂസിക് വിഡിയോകളിലും പരസ്യ ചിത്രീകരണങ്ങളിലും പൂച്ചകളുടെ സാന്നിധ്യമുണ്ട്. നിരവധി ബിഗ് ബജറ്റ് പരിപാടികളിലൂടെ പൂച്ചകൾ ടെയ്‌ലര്‍ സ്വിഫ്റ്റിനു കോടികൾ നേടിക്കൊടുത്തിട്ടുമുണ്ട്.