ഇമ്മനെ അതിശയിപ്പിച്ച മലയാളി പെൺകുട്ടി; തമിഴിൽ പാടാനൊരുങ്ങി ജാനകി ഈശ്വർ
Mail This Article
സംഗീതസംവിധായകന്‍ ഡി.ഇമ്മന്റെ സംഗീതത്തിൽ പാടാൻ മലയാളി പെൺകുട്ടി ജാനകി ഈശ്വർ. പാർഥിപന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ജാനകി ഗാനം ആലപിക്കുക. ഇമ്മൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യകുറിപ്പിലൂടെ ആരാധകരുമായി പങ്കുവച്ചത്. കൗമാരക്കാരിയായ ജാനകിയെ തന്റെ പാട്ടിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇമ്മൻ കുറിച്ചു. ജാനകിയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ചിത്രങ്ങളും ഇമ്മൻ പങ്കുവച്ചിട്ടുണ്ട്.
ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ എന്ന ലോകപ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ ആഗോള ശ്രദ്ധ നേടിയ താരമാണ് ജാനകി ഈശ്വർ. ഓഡീഷനിൽ ‘മാതേ മലയധ്വജ’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഗാനമാണ് ജാനകി ആലപിച്ചത്. ഇതിന്റെ വിഡിയോ വൈറൽ ആയിരുന്നു. ഗ്രാമി ജോതാവ് ബില്ലി ഐലിഷിന്റെ ‘ലവ്‌ലി’ എന്ന ഗാനം പാടുന്നതിന്റെ വിഡിയോയും പുറത്തു വന്നിരുന്നു.
ദ് വോയ്‌സ് ഷോയുടെ പത്താം സീസണിലായിരുന്നു ജാനകി മത്സരിക്കാനെത്തിയത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയും ആദ്യ ഇന്ത്യന്‍ വംശജയുമായിരുന്നു ജാനകി. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് കക്കോടി സ്വദേശികളായ അനൂപ് ദിവാകരൻ–ദിവ്യ ദമ്പതികളുടെ മകളാണ് ജാനകി. റിയാലിറ്റി ഷോ താരം അരുൺ ഗോപന്റെ ജ്യേഷ്ഠനാണ് അനൂപ്. അനൂപും സംഗീതരംഗത്തു സജീവമാണ്.