‘മിസ് ചെയ്യുന്നു അച്ഛാ...; മകളെക്കുറിച്ച് അഭിമാനത്തോടെ പാടി നടക്കുന്നത് ഞാൻ ഭൂമിയിലിരുന്ന് കാണുന്നുണ്ട്’
Mail This Article
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിൽ പാട്ട് പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ ഗായിക അഭയ ഹിരൺമയി. ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് അഭയയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയത്. തനിക്കിതൊന്നും വിശ്വസിക്കാനാകുന്നില്ലെന്നും ഏറ്റവും പ്രിയപ്പെട്ട സംഗീതജ്ഞനായ പ്രശാന്ത് പിള്ളയുടെ ഈണത്തിലാണ് ഗാനം ആലപിച്ചതെന്നും അഭയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ ഇതിനകം മില്യനടുത്ത് പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ് പാട്ട്. ശ്രീകുമാർ വാക്കിയിൽ ആണ് പാട്ടില്‍ അഭയയുടെ സഹഗായകൻ. പി.എസ്.റഫീഖ് വരികൾ കുറിച്ചിരിക്കുന്നു.
‘അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റുന്നില്ല. വലിയ മൂല്യമുള്ള നിമിഷമാണിത്. പ്രശാന്ത് പിള്ളയുടെ വലിയ ആരാധികയാണു ഞാന്‍. ഈയവസരത്തിൽ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദി പറയുന്നു. മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ലിജോ ജോസ് പെല്ലിശ്ശേരി ഈ ഗാനം സിസ്റ്റത്തിൽ കാണിച്ചുതന്ന ആ നിമിഷം ഞാൻ എക്കാലവും സ്നേഹപൂർവം സ്മരിക്കും. മോഹൻലാൽ സാറിനും ഒരുപാട് നന്ദി. ഗുരു കാരണവന്മാർക്കും ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവൻ പാടി നടക്കുന്ന അച്ഛനെ ഞാൻ ഭൂമിയിൽ ഇരുന്നു കാണുന്നുണ്ട്. ശരിക്കും ഒരുപാടൊരുപാട് മിസ് ചെയ്യുന്നു അച്ഛാ...’, പാട്ട് പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചു.
ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധേയമായ അഭയയുടെ കുറിപ്പിനു താഴെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അച്ഛനെക്കുറിച്ചുള്ള അഭയയുടെ നോവും വാക്കുകൾ ആരാധകരെയും വേദനിപ്പിക്കുകയാണ്. 2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.