എനിക്കുള്ള പാട്ടുകൾ എന്നിലേക്കു വരും; ആവലാതിയില്ല: കെ.കെ നിഷാദ്
Mail This Article
കോളജിൽ പഠിച്ചിരുന്നപ്പോൾ പലരും കരുതിയിരുന്നത് കെ.കെ.നിഷാദ് ഭാവിയിൽ അറിയപ്പെടുന്നു ഒരു കാഥികൻ ആകുമെന്നായിരുന്നു. കാരണം, യൂണിവേഴ്സിറ്റി കലോത്സവത്തിൽ തുടർച്ചയായി കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് നിഷാദ്. അക്കാലത്ത്, പല വേദികളിലും കഥാപ്രസംഗം നടത്താൻ നിഷാദിനെ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷേ, തന്റെ മേഖല സംഗീതമാണെന്നു തിരിച്ചറിഞ്ഞ നിഷാദ് കഥാപ്രസംഗ വേദികളോട് സ്നേഹത്തോടെ യാത്ര പറഞ്ഞു. ഭാവസാന്ദ്രമായി കഥ പറഞ്ഞ് കാണികളെ കയ്യിലെടുക്കാനുള്ള അനുഭവപരിചയം ചലച്ചിത്ര പിന്നണിഗാനരംഗത്ത് കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. 21 വർഷമായി പിന്നണിഗാനരംഗത്തുള്ള നിഷാദിന്റെ കരിയറിൽ ഒരുപാട് ഹിറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അതിനൊപ്പം അദ്ദേഹത്തിന്റെ പേര് പലപ്പോഴും രജിസ്റ്റർ ആയിട്ടില്ല. "വിചാരിക്കുന്ന പാട്ടുകൾ ഹിറ്റാകണമെന്നില്ല. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പാട്ട് ആളുകൾ സ്വീകരിക്കും. എന്തോ ഒരു മാജിക് നടക്കുന്നുണ്ട്. അതെന്താണെന്ന് അറിയില്ല," നിഷാദ് പറയുന്നു. മനോരമ ഓൺലൈന്റെ അഭിമുഖ പരമ്പരയായ മ്യൂസിക് ടെയ്‍ൽസിൽ പാട്ടോർമകളുമായി കെ.കെ നിഷാദ്.
ആദ്യം പാടിയത് ഒരു സങ്കടപ്പാട്ട്
രാജസേനൻ സാറാണ് എനിക്ക് ആദ്യത്തെ പാട്ടു തന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിൽ. ഹൈ പിച്ചുള്ള പാട്ടാണ് അതിൽ പാടിയത്. 'പുത്തൂരം വീട്ടിലെ' എന്നു തുടങ്ങുന്ന ഒരു സങ്കടപ്പാട്ടാണ്. ബെന്നി കണ്ണൻ സാറായിരുന്നു മ്യൂസിക്. അതു പാടി കഴിഞ്ഞപ്പോൾ, സർ എനിക്കൊരു പാട്ടു കൂടി തന്നു. അങ്ങനെയാണ് സിനിമയിലേക്കുള്ള എൻട്രി. അവിടെ നിന്ന് അടുത്തടുത്ത സിനിമകളിലും അവസരങ്ങൾ കിട്ടി. സ്വപ്നം കൊണ്ടു തുലാഭാരം ആയിരുന്നു അടുത്ത സിനിമ. ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ പാട്ടുകൾ പാടാൻ അങ്ങനെ അവസരം കിട്ടി. അന്ന് ഔസേപ്പച്ചൻ സർ ചെന്നൈയിലാണ്. അവിടെ ചെന്നാണ് ഞാൻ പാട്ടു പാടിയത്. ഒരു പാട്ടു പാടാൻ ചെന്ന എനിക്ക് അദ്ദേഹം മറ്റൊരു സിനിമയിലെ പാട്ടു കൂടി തന്നു. കൂടാതെ, അദ്ദേഹമാണ് എന്നെ മറ്റു സംഗീത സംവിധായകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അങ്ങനെയാണ് ഞാൻ ഇൻഡസ്ട്രിയിലേക്ക് കയറുന്നത്.
മുത്തു പോലെ സംഭവിച്ച പാട്ടുകൾ
രാജസേനൻ സാറാണ് എന്നെ എം.ജയചന്ദ്രൻ സാറിനു പരിചയപ്പെടുത്തിയത്. ഞാൻ പങ്കെടുത്ത റിയാലിറ്റി ഷോയിൽ വിധികർത്താവായി അദ്ദേഹം വന്നിരുന്നു. അങ്ങനെ എനിക്ക് അദ്ദേഹത്തെ മുമ്പെ അറിയാം. പെരുമഴക്കാലം മുതലുള്ള പടങ്ങളിൽ അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാൻ എന്നെയും വിളിച്ചു. അങ്ങനെ പോയ സമയത്ത് എനിക്ക് മുത്തു പോലെ ചില പാട്ടുകൾ കിട്ടി. മയങ്ങിപ്പോയി, കണ്ടു കണ്ടു, തുടങ്ങിയ പാട്ടുകളൊക്കെ അങ്ങനെ എനിക്ക് കിട്ടിയതാണ്. സിനിമയിൽ ചിത്ര ചേച്ചിയും സുജാത ചേച്ചിയും പാടിയ വേർഷനാണുള്ളത്. സിഡിയിൽ ഞാൻ പാടിയ ട്രാക്കുകൾ ഉണ്ടായിരുന്നു. ഈ രണ്ടു പാട്ടുകളും കേട്ട് എന്നെ ആരാധനയോടെ പലരും വിളിച്ചിട്ടുണ്ട്. കരിയറിൽ ഒരുപാടു ഗുണം ചെയ്തിട്ടുള്ള പാട്ടുകളാണ് ഇവ രണ്ടും.
ആദ്യ ഹിറ്റ് ബോയ്ഫ്രണ്ടിൽ
എന്റെ കരിയറിലെ ആദ്യ ഹിറ്റ് ബോയ്ഫ്രണ്ട് എന്ന സിനിമയിലെ 'ഓമനെ... ഉണ്ണി നിന്നെ' എന്ന പാട്ടാണ്. മണിക്കുട്ടന്റെ ആദ്യ സിനിമ! സിനിമയിൽ അഭിനയിക്കുന്നത് പുതിയ ആളാണല്ലോ, അപ്പോൾ പാടുന്നതും പുതിയ ആളാകട്ടെ എന്നു പറയുകയും, അങ്ങനെ എന്നിലേക്ക് വരികയും ചെയ്ത പാട്ടാണ് അത്. ഈ പാട്ടുകളൊക്കെ ഞാനാണ് പാടിയതെന്ന് പലർക്കും അറിയില്ല. ഒരു പാട്ട് ആരാണ് പാടിയതെന്നോ, മ്യൂസിക് ചെയ്തത് ആരാണെന്നോ എഴുതിയത് ആരാണെന്നോ നോക്കാനുള്ള ക്ഷമ പലപ്പോഴും പലരും കാണിക്കാറില്ല. അവർക്കു പാട്ടു കേട്ടാൽ മതി. നല്ല പാട്ടാകണം എന്നു മാത്രം. അത് ആരുടെയും കുറ്റമല്ല. ചില പാട്ടുകൾ ആരു പാടിയതാണെന്ന് പെട്ടെന്നു രജിസ്റ്റർ ആകും. ചിലത്, എത്ര ശ്രമിച്ചാലും ആകില്ല. ഉദാഹരണത്തിന്, തിരക്കഥയിലെ 'പാലപ്പൂവിതളിൽ' എന്ന പാട്ട്. ഞാൻ സ്റ്റേജിൽ പാടുമ്പോഴായിരിക്കും പലരും അദ്ഭുതത്തോടെ അക്കാര്യം തിരിച്ചറിയുക. വിചാരിക്കുന്ന പാട്ടുകൾ ഹിറ്റാകണമെന്നില്ല. ചിലപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പാട്ട് ആളുകൾ സ്വീകരിക്കും. വിചാരിക്കാത്ത ചില പാട്ടുകൾ കേറിപ്പോകും. എങ്ങനെയാണ് അതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. വേറൊന്തോ മാജിക് നടക്കുന്നുണ്ട് അതിൽ.
അവസരങ്ങളെക്കുറിച്ച് വേവലാതിയില്ല
ഞാൻ പാടേണ്ട ഒരു പാട്ടാണെങ്കിൽ ഉറപ്പായും ഞാനതു പാടിയിരിക്കും. വേറെ പലരും പാടിയ പാട്ടുകൾ ഞാൻ മാറ്റിപ്പാടിയിട്ടുണ്ട്. തിരിച്ചും സംഭവിച്ചിട്ടുണ്ട്. എന്തു കളി കളിച്ചാലും, എനിക്കു വരേണ്ട പാട്ടുകൾ എന്നിലേക്കു തന്നെ വരും. അതിൽ യാതൊരു സംശയവുമില്ല. ഒരു ഗായകനെ വിശ്വസിച്ച് ഒരു മ്യൂസിക് ഡയറക്ടർ ഏൽപ്പിക്കുന്നതാണ് ഒരു പാട്ട്. അത് അയാൾ തന്നെ പാടണം. ചില പാട്ടുകൾ കേൾക്കുമ്പോൾ തോന്നില്ലേ, വേറും ആരു പാടിയാലും അതു ശരിയാകില്ലായിരുന്നു എന്ന്! പാട്ടിന്റെ അവസരങ്ങളെക്കുറിച്ച് വേവലാതിപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. എനിക്കു കിട്ടേണ്ട പാട്ടുകൾ എനിക്കു തന്നെ വന്നിരിക്കും.