മക്കളെയെല്ലാം ഒരുമിച്ചു കാണാൻ ഞാൻ ജീവൻ വെടിയുന്നതിന്റെ വക്കിലെത്തേണ്ടിവന്നു: മഡോണ
Mail This Article
ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിൽക്കഴിഞ്ഞ ദിനങ്ങളോർത്തെടുത്ത് പോപ് താരം മഡോണ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ആദ്യ 48 മണിക്കൂർ താൻ കോമയിലായിരുന്നുവെന്നും ബോധം വന്നപ്പോൾ തനിക്കു ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോഴാണ് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നു ബോധ്യമായതെന്നും മഡോണ പറഞ്ഞു. അടുത്തിടെ സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയപ്പോൾ പൊതുവേദിയില്‍ വച്ചാണ് ഗായിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. താൻ ഇപ്പോഴും ജീവനോടെയിരിക്കുന്നത് അദ്ഭുതം കൊണ്ടു മാത്രമാണെന്ന് മഡോണ പറയുന്നു.
‘എന്താണ് സംഭവിച്ചതെന്ന് എനിക്കു കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. ബാത്‌റൂമിൽ കുഴഞ്ഞുവീണ ഞാൻ, ബോധം തെളിയുമ്പോള്‍ ആശുപത്രിയില്‍ ഐസിയുവിൽ ആണ്. ആദ്യ 48 മണിക്കൂറുകൾ ഞാൻ കോമ സ്റ്റേജിൽ ആയിരുന്നുവെന്ന് പിന്നീട് മെഡിക്കൽ സംഘം അറിയിച്ചു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ആദ്യം ആലോചിച്ചത് എന്റെ മക്കളെക്കുറിച്ചാണ്. അവർ എല്ലാവരും എന്റെ ചുറ്റിലുമുണ്ടായിരുന്നു. കണ്ണ് തുറന്ന് ഞാൻ ആദ്യം നോക്കിയത് അവരെത്തന്നെ. എന്റെ മക്കളെയെല്ലാം ഒരുമിച്ചൊരു മുറിയിൽ കാണാന്‍ ഞാൻ ജീവൻ വെടിയുന്നതിന്റെ വക്കിലെത്തേണ്ടിവന്നു’, മഡോണ പറഞ്ഞു.
ഈ വർഷം ജൂണിലാണ് ബാക്ടീരിയ അണുബാധയെത്തുടർന്ന് മഡോണ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആഴ്ചകളോളം തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം മഡോണ നീട്ടിവച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ പാട്ടുമായി വീണ്ടും ഗായിക ലോകവേദികളിലെത്തുകയായിരുന്നു. ജീവിതത്തിലേക്കു മടങ്ങി വരാൻ കഴിയുമെന്നു പ്രതീക്ഷിച്ചതേയില്ലെന്നും ഇതു തന്റെ രണ്ടാം ജന്മമാണെന്നും മഡോണ ആവർത്തിക്കുന്നു.