ഹൃദയം തൊടും മെലഡിയുമായി മോഹൻലാലിന്റെ ‘നേര്’; ലിറിക്കൽ വിഡിയോ പുറത്ത്
Mail This Article
ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന നേരിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘റൂഹേ...’ എന്നു തുടങ്ങുന്ന മനോഹര മെലഡിയുടെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണമൊരുക്കി. കാർത്തിക് ആണ് ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്.
മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് ‘നേര്’. പ്രിയാ മണി നായികയാകുന്നു. എലോണിനു ശേഷം തിയറ്ററുകളിൽ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാം ചിത്രമാണ് ‘നേര്’.
സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും നേരിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡിസംബർ 21ന് ‘നേര്’ തിയറ്ററുകളിലെത്തും.