ADVERTISEMENT

പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ മാറുന്നുണ്ട് ഉള്ളിന്റെയുള്ളിൽ. അവയൊന്നും കേൾക്കാതെ ഒരു ഡിസംബറും കടന്നുപോകില്ല. മഞ്ഞു പെയ്യുന്ന ധനു മാസത്തിലെ കുളിരുള്ള രാവില്‍ ബെത്‌‌ലഹേമിൽ കേട്ട ആ ദിവ്യ പൈതലിന്റെ കൊഞ്ചൽ നാദം ഓർമിക്കുന്ന ഓരോ മലയാളിയും അതേ ലാളനയോടെ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് ഈ ക്രിസ്മസ് ഈണങ്ങളെ. പണ്ടെപ്പോഴോ ഹൃദയത്താളിൽ കോറിയിട്ട ആ വരികളും സംഗീതവും ഓരോ ഡിസംബർ പിറക്കുമ്പോഴും നാമറിയാതെ തന്നെ ചുണ്ടുകളിലേക്കെത്തുന്നു. മൂളി നടക്കാനും താളം പിടിപ്പിക്കാനും ആഘോഷങ്ങളുടെ അകമ്പടിയായി എത്തുന്ന ക്രിസ്മസ് പാട്ടുകളെ എന്നും കൂടെക്കൂട്ടുന്നുണ്ട് ആസ്വാദകർ. കേട്ടുപഴകിയ, പാടിപ്പതിഞ്ഞ ആ നല്ലീണങ്ങള്‍ നെഞ്ചോരമെത്തിക്കഴിഞ്ഞു ഈ ക്രിസ്മസ് കാലത്തും. തിരുപ്പിറവിയെ ഓർമിപ്പിച്ച് മലയാളിയുടെ കൂടെക്കൂടിയ ആ ക്രിസ്മസ് പാട്ടുകളെ വീണ്ടും ഓർക്കുമ്പോൾ...

അസ്വസ്ഥമായ മനസ്സിലേക്കു വന്ന ‘കാവൽമാലാഖമാർ’

ഉണ്ണിയേശുവിന്റെ താരാട്ടിന്റെ അതിമനോഹരമായ ഗാനങ്ങളിലൊന്നാണ് 'കാവൽ മാലാഖമാരേ, കണ്ണടയ്ക്കരുതേ'. എ.ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സുജാത. 1986 ൽ തരംഗിണി ഇറക്കിയ സ്നേഹപ്രതീകം എന്ന ക്രിസ്മസ് ആൽബം വിൽപനയിൽ റെക്കോർഡിട്ടു. ഇന്നും അതിന് ആവശ്യക്കാർ ഏറെയാണ്. പല ഭാഷകളിലേക്കും പിന്നീട് ഈ ഗാനങ്ങൾ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. സുജാതയുടെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണ് ‘കാവൽ മാലാഖമാരേ...’ ഉണ്ണിയേശുവിനോടുള്ള വാത്സല്യം മുഴുവൻ എ.ജെ. ജോസഫ് നിറച്ചുവച്ചത് ഈ ഗാനത്തിലായിരുന്നു. ഗാനത്തിന്റെ പിറവിയെപ്പറ്റി ഒരിക്കല്‍ എ.ജെ. ജോസഫ് ഇങ്ങനെ പറഞ്ഞു. ‘‘രാത്രി മുറ്റത്ത് ഉലാത്തുകയായിരുന്നു ഞാൻ. നല്ല തണുപ്പുണ്ട്. തരംഗിണിക്കു വേണ്ടി അടുത്ത ക്രിസ്മസ് ആൽബം ഇറക്കണം എന്ന് യേശുദാസ് പറഞ്ഞിരുന്നതു മനസ്സിലുണ്ട്. ഒരുപാട്ടു മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒൻപതു പാട്ടുകൂടി വേണം. അതിന്റെ അസ്വസ്ഥത അലട്ടുന്നുണ്ട്. ശൂന്യമായ മനസ്സുമായി ആകാശത്തേക്കു നോക്കിനിന്നു, നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. പെട്ടെന്ന് എന്റെ മനസ്സിൽ പാട്ടു വന്നു. വരികളും ഈണവും ഒരേസമയം പിറന്നു, ‘കാവൽ മാലാഖമാരേ...’.

∙അപ്രതീക്ഷിതമായി ‘പൈതലാം യേശുവേ’ എന്ന പാട്ടിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷം കെ.എസ്.ചിത്ര പങ്കുവയ്ക്കുന്നത് ഇങ്ങനെ: ‘‘ഈയൊരു ഗാനം എനിക്കു പാടാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഏറ്റവും ജനപ്രിയമായ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആദ്യ നൂറ് പട്ടികയിൽ സ്ഥാനം പിടിച്ചതാണ് പൈതലാം യേശുവേ. അതില്‍ ഒരുപാട് അഭിമാനം തോന്നുന്നു. ഫാ.ജസ്റ്റിൻ വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് എന്നെ പാട്ടുപഠിപ്പിച്ചു തന്നത്. ഒരു തുടക്കക്കാരിക്ക് ഉണ്ടാകേണ്ട പേടിയോ പരിഭ്രമമോ അന്ന് എനിക്കു തോന്നിയതേയില്ല. ഫാ.ജസ്റ്റിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് പാട്ട് മികച്ചരീതിയിൽ പാടി പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്’’. 

11 പാട്ട് റിക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആൽബത്തിന്റെ നിർമാതാവായ യേശുദാസിനോട്, ഈ ഗാനത്തിനു നമുക്കൊരു പെൺ ശബ്ദം വേണമെന്നു പറഞ്ഞു. അപ്പോൾ യേശുദാസാണ് തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കുന്ന ഒരു കുട്ടിയെ വിളിക്കാമെന്നു പറഞ്ഞ് ചിത്രയെ പാട്ടു പാടാൻ വിളിക്കുന്നത്. അടുത്ത ദിവസം ചിത്ര പിതാവിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു തരംഗിണി സ്റ്റുഡിയോയിലേക്കു വരുന്നത് ഇന്നും ഓർമയുണ്ട്.

കൊള്ളില്ലെന്നു പറഞ്ഞ് ഒരിക്കല്‍ പ്രമുഖ സംഗീതസംവിധായകൻ തള്ളിക്കളഞ്ഞതാണ് ‘പൈതലാം യേശുവേ’. ആ വാക്കുകൾ ഫാ.ജസ്റ്റിനെ അസ്വസ്ഥനാക്കിയിരുന്നു. ഏറെ ദുഃഖത്തോടെയാണെങ്കിലും ഈണം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചതുമാണ്. അങ്ങനെയിരിക്കെ അന്ന് അദ്ദേഹം പഠിപ്പിച്ചിരുന്ന വൈദികവിദ്യാർഥികളുടെ നിർബന്ധത്തിനു വഴങ്ങി ആ ഈണം മൂളിക്കേൾപ്പിച്ചു. ‌സൂപ്പർഹിറ്റാകുമെന്നു പറഞ്ഞ് വിദ്യാർഥികൾ നൽകിയ പ്രോത്സാഹനം പാട്ട് പുറത്തിറക്കാനുള്ള ധൈര്യം ഫാ.ജസ്റ്റിനു നൽകി. വിദ്യാർഥികളുടെ വാക്കുകൾ തെറ്റിയില്ല. മൂന്നര പതിറ്റാണ്ടിനിപ്പുറവും ക്രിസ്മസ് കാലത്ത് ആസ്വാദകർ തേടിയെത്തുന്ന പാട്ടുകളിൽ മുൻപന്തിയിലാണ് ‘പൈതലാം യേശു’. പാട്ടിന്റെ ലക്ഷക്കണക്കിനു കസെറ്റുകളാണ് അക്കാലത്തു വിറ്റുപോയത്. സ്നേഹപ്രവാഹത്തിൽ ആകെ 12 പാട്ടുകളാണുള്ളത്. അതിൽ പതിനൊന്നും യേശുദാസ് പാടി. ‘പൈതലാം യേശുവേ’ എന്ന പാട്ട് മാത്രമാണ് സ്ത്രീശബ്ദത്തിൽ, ചിത്രയുടെ ശബ്ദത്തിൽ പുറത്തുവന്നത്.

സംഗീതകോളജിലെ ആ പെൺകുട്ടിയുടെ ‘പൈതലാം യേശു’

ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും ഈരടിയാണ് പൈതലാം യേശുവേ. പൈതലാം യേശുവിനെ ഉമ്മവച്ചുണർത്തിയ ആട്ടിടയൻമാരെ സ്മരിക്കുന്നതാണു ഗാനം. ക്രിസ്തീയ ഭക്തിഗാന ശാഖയിൽ മലയാളിക്കു മറക്കാനാകില്ല ഈ ഗാനം. സിസ്റ്റർ മേരി ആഗ്നസ്, ബ്രദർ ജോൺ കൊച്ചു തുണ്ടിൽ, ഫാദർ മാത്യൂ മൂത്തേടം, ബ്രദർ ജോസഫ് പരംകുഴി, ബ്രദർ മാത്യൂ ആശാരിപറമ്പിൽ, ബ്രദർ ജോസ് വെത്തമറ്റിൽ എന്നിവർ ചേർന്നാണു വരികൾ എഴുതിയത്. ഫാദർ ജസ്റ്റിൻ പനയ്ക്കലിന്റെ സംഗീതത്തില്‍ കെ.എസ്. ചിത്രയുടെ അതിമനോഹര ആലാപനം. 1984ൽ തരംഗിണി ഇറക്കിയ ‘സ്നേഹപ്രവാഹം’ എന്ന ആൽബത്തിലേതാണ് ഈ ഗാനം. ഈ പാട്ട് ചിത്ര പാടിയതിനെ പറ്റി ഫാ. ജസ്റ്റിൻ പനയ്ക്കൽ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: ‘‘പതിനൊന്നു പാട്ട് റിക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ആൽബത്തിന്റെ നിർമാതാവായ യേശുദാസിനോട്, ഈ ഗാനത്തിനു നമുക്കൊരു പെൺ ശബ്ദം വേണമെന്നു പറഞ്ഞു. അപ്പോൾ യേശുദാസാണ് തിരുവനന്തപുരം സംഗീത കോളജിൽ പഠിക്കുന്ന ഒരു കുട്ടിയെ വിളിക്കാമെന്നു പറഞ്ഞ് ചിത്രയെ പാട്ടു പാടാൻ വിളിക്കുന്നത്. അടുത്ത ദിവസം ചിത്ര പിതാവിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു തരംഗിണി സ്റ്റുഡിയോയിലേക്കു വരുന്നത് ഇന്നും ഓർമയുണ്ട്. ‘ആരാണു മ്യൂസിക് ഡയറക്ടർ’ എന്നു ചിത്രയുടെ പിതാവ് അന്വേഷിച്ചു. ഞാനാണ്, ഒരു പുരോഹിതനാണ് എന്നറിഞ്ഞപ്പോൾ മകളെ അവിടെ നിർത്തിയിട്ടു പിതാവ് മടങ്ങി. ഞാൻ ഹാർമോണിയം വായിച്ചു ചിത്രയെ പാട്ടു പഠിപ്പിച്ചു. പാട്ടു പഠിച്ചു കഴിഞ്ഞപ്പോൾ ചിത്ര ഈ വരികളുടെ പശ്ചാത്തലത്തെ പറ്റി ചോദിച്ചു. മാതാവിന്റെ മടിയിലെ ഉണ്ണീശോയെ മനസ്സിൽ കണ്ടു പാടിയാൽ മതിയെന്നു പറഞ്ഞു ഞാൻ. ‌അദ്ഭുതം, ഒറ്റ ടേക്കിൽത്തന്നെ പാട്ട് ഓക്കെയായി. യേശുദാസ് വരെ നിരവധി ടേക്ക് എടുത്തു പാടിയപ്പോഴാണ് ഒരു കൊച്ചു പെൺകുട്ടി ഒറ്റടേക്കിൽ പാടിയത്.’ വർഷങ്ങൾക്കിപ്പുറവും ഈ ഗാനം ആസ്വാദക മനസ്സിൽ ഒളിമങ്ങാതെ നിൽക്കുന്നു’’.

ധനുമാസ കുളിരണിഞ്ഞ യഹൂദിയായിലെ ആ ഗ്രാമം

‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ....’ ഈ ഗാനം കേൾക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടുണ്ടാകില്ല. അത്രയേറെ ആസ്വാദക ഹൃദയത്തിലേക്ക് എത്തിയ ഗാനം. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ആലാപനം. അതിമനോഹരമായ വരികൾ. 1986 ൽ തരംഗിണി പുറത്തിറക്കിയ സ്നേഹപ്രതീകം എന്ന ആല്‍ബത്തിന്റെ ഹൈലൈറ്റായിരുന്നു ഈ ഗാനം. ക്രിസ്മസിന്റെ ഉല്ലാസം മുഴുവനുണ്ടായിരുന്നു ആ വരികളിൽ. ഈ ഒറ്റഗാനത്താൽ വിൽപനയിൽ റെക്കോർഡിട്ടു തരംഗിണിയുടെ കസെറ്റ്. ഗിറ്റാർ ജോസഫ് എന്ന് അറിയപ്പെടുന്ന എ.ജെ. ജോസഫാണ് ഈ ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും. അന്യമതസ്ഥരെ പോലും ആകർഷിച്ച ക്രിസ്തീയ ഗാനങ്ങളിൽ എറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗാനമാണ് ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’. കാലമെത്ര കഴിഞ്ഞാലും ഈ ഗാനം ഓർക്കാത്ത ഒരു ക്രിസ്മസ് കാലവും മലയാളിക്കുണ്ടാകില്ല എന്നു തീർച്ച. ക്രിസ്മസ് കരോളിനകമ്പടിയായി മഞ്ഞണിഞ്ഞ രാവിൽ താളം പിടിപ്പിക്കാനെത്തുന്ന ഈ ഈണം ഹൃദയങ്ങളെ ആനന്ദനിർവൃതിയിലേക്കുയർത്തുന്നു. ഓരോ ക്രിസ്മസ് കാലവും യഹൂദിയായിലെ ആ കൊച്ചു ഗ്രാമത്തിൽനിന്നാണു തുടങ്ങുന്നതെന്നു പോലും തോന്നിപ്പോകും പ്രേക്ഷകർക്ക്. അത്രമേൽ പ്രിയപ്പെട്ടതായി മാറിയതാണ് ദിവ്യപൈതലിന്റെ വരവറിയിച്ച ധനുമാസത്തിലെ ആ കുളിരുന്ന രാവും ഗ്ലോറിയ പാടുന്ന മാലാഖമാരും.

സിരകളിൽ പടരുന്ന കാലിത്തൊഴുത്തിൽ പിറന്നവൻ!

യൂസഫലി കേച്ചേരിയാണ് ‘കാലിത്തൊഴുത്തിൽ പിറന്നവനേ’ എന്ന അതിമനോഹരമായ ക്രിസ്തീയ ഭക്തിഗാനം എഴുതിയത്. 1979ൽ പുറത്തിറങ്ങിയ ‘സായൂജ്യം’ എന്ന സിനിമയിലേതാണ് ഈ ഗാനം. പി. സുശീലയുടെ ശ്രുതിമധുരമായ ആലാപനം. കെ.ജെ. ജോയ് ആണ് ഗാനത്തിനു സംഗീതം പകർന്നത്. ദൈവത്തിന്റെ കനിവു തേടുന്ന വരികളിൽ ഭക്തി തുളുമ്പി നിൽക്കുന്നു. യേശുവിനോടുള്ള അപേക്ഷയും കാരുണ്യം തേടലുമാണു ഗാനത്തിന്റെ ഇതിവൃത്തം. ഏതൊരു വിശ്വാസിയുടെയും മനമുരുകിയുള്ള പ്രാർഥനയാണ് ഈ ഗാനം. അന്ന് ആ ദിവ്യപൈതലിന്റെ പിറവിയെക്കുറിച്ചെഴുതിയ പാട്ട് എങ്ങനെയാണ് കേൾവിക്കാരുടെ സിരകളിൽ ഇത്രമേൽ ആർദ്രമായി പടർന്നു കയറിയത്? അറിയില്ല, പക്ഷേ ഒന്നറിയാം. കാലിത്തൊഴുത്തിൽ പിറന്ന ആ ഉണ്ണിയേശുവിനെ ഓർക്കുമ്പോൾ, അവന്റെ തിരുപ്പിറവി വീണ്ടും ആഘോഷിക്കുമ്പോൾ എവിടെ നിന്നോ എങ്ങനെയോ ഈ പാട്ട് അറിയാതെ ചുണ്ടുകളിലേക്കൊഴുകി എത്താറുണ്ട്. സിനിമയുടെയോ സംഗീതത്തിന്റേയോ മാന്ത്രിക ശക്തിയാവാം ആ പടർന്നുപിടിക്കലിനു പിന്നിൽ. കാലമെത്ര കടന്നുപോയാലും കാലിത്തൊഴുത്തിലെ ആ മഹത്തായ പിറവിയെ വിവരിക്കുന്ന ഈ പാട്ടിന്റെ വീര്യം ഏറി വന്നുകൊണ്ടേയിരിക്കും.

ജർമനിയുടെ സൈലന്റ് നൈറ്റ്, നമ്മുടെ ശാന്തരാത്രി

ശാന്തരാത്രിയെക്കുറിച്ചറിയും മുമ്പേ ‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റി’നെക്കുറിച്ചറിയണം. ഈ വിഖ്യാത ഇംഗ്ലിഷ് ഗാനത്തിൽനിന്ന് കടമെടുത്തതാണ് ‘ശാന്തരാത്രി തിരുരാത്രി’ എന്ന ക്രിസ്മസ് ഗാനം. 1818ലാണ് സൈലന്റ് നൈറ്റ് എഴുതപ്പെട്ടത്. ജര്‍മൻ ഭാഷയിൽ എഴുതിയ ഗാനം പിന്നീട് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുകയായിരുന്നു. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ഒബെൻഡോർഫ് എന്ന ഗ്രാമത്തിലെ വിശുദ്ധ നിക്കൊളാസ് പള്ളിയിലെ വികാരി ഫാ.ജോസഫ് മോർ ആണ് വരികൾക്കു പിന്നിൽ. കീബോർഡിസ്റ്റ് ഫ്രാൻസ് ഗ്രബർ, പള്ളി വികാരിയുടെ ആ വരികൾക്ക് ഈണം നൽകി. ഈണം പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടിയെങ്കിലും ജര്‍മൻ വരികള്‍ അത്രകണ്ട് സ്വീകാര്യമായില്ല. പിന്നീട് 1859ല്‍ ജോൺ യങ് പാട്ടിനു നൽകിയ ഇംഗ്ലിഷ് വരികൾ ജനലക്ഷങ്ങൾ ഏറ്റെടുത്തു. അങ്ങനെ ‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്’ എന്ന ഗാനം പ്രേക്ഷകഹൃദയങ്ങളിൽ തീ പോൽ പടർന്നുപിടിച്ചു. ജർമൻ ഗാനം 300ലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടെങ്കിലും ഇന്നും ഏറെ പ്രിയങ്കരമായി നിലകൊള്ളുന്നത് ഇംഗ്ലിഷ് വരികളാണ്. സൈലന്റ് നൈറ്റിൽനിന്ന് കടം കൊണ്ട് മലയാളത്തിലെത്തിയ ‘ശാന്തരാത്രി തിരുരാത്രി’ മലയാളിയുടെ ഇഷ്ടഗാനമായി തന്നെ ഇപ്പോഴും തുടരുന്നു. 

ലോകം ഏറ്റവുമധികം കേട്ട പാട്ട്, ആ മണിമുഴക്കം

‘ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദ് വേ...’ ആണ് ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പ്രാവശ്യം ആലപിക്കപ്പെട്ട ഗാനമായി കരുതപ്പെടുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ട കാരൾ ഗാനമാണിത്. എന്നാൽ, ഈ ഗാനം ക്രിസ്‌മസിനു വേണ്ടി എഴുതിയതല്ല. കൃത്യമായി ഒരു വർഷം പറയാനാവില്ലെങ്കിലും 1853–57 കാലഘട്ടത്തിനിടെ രചിക്കപ്പെട്ടതാണ് ‘ജിംഗിൾ ബെൽസ്’. ജെയിംസ് ലോഡ് പിയർപോണ്ട് ആണ് വരികള്‍ക്കു പിന്നിൽ. അക്കാലത്ത് അധികമാളുകളിലേക്ക് ഈ ഗാനം എത്തിയിരുന്നില്ല. കുറേനാൾ മദ്യപാനികളുടെ പ്രിയപ്പെട്ട പാട്ടായിരുന്നു ഇത്. ‘ജിംഗിൾ ബെൽസ്’ എന്നത് മദ്യചഷകത്തിൽ ഐസ്‌ക്യൂബുകൾ കൂട്ടിമുട്ടുന്നതിന്റെ ശബ്‌ദമായി വ്യാഖ്യാനിച്ച് ആഘോഷിക്കപ്പെട്ടു. പിന്നീട് ക്രിസ്‌മസ് കാരൾ ഗാന ആൽബത്തിൽ ഉൾപ്പെട്ടതോടെയാണ് പാട്ട് ആഗോളപ്രശസ്‌തമായത്. പിന്നീടിന്നുവരെ ആനന്ദത്തിന്റെ ആ മണിമുഴക്കം നിലച്ചിട്ടില്ല. ബഹിരാകാശത്തുപോലും ജിംഗിൾ ബെൽസ് ഉയർന്നു കേട്ടു. 1965ലാണ് ആ സംഭവം. അന്ന്, ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ഒന്നിച്ച് ജർമനി–6 പേടകത്തിൽ വച്ചാണ് ഈ ഗാനം ആലപിച്ചത്. ക്രിസ്‌മസ് കാരൾ ഗാനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിൽ മതവുമായി ബന്ധപ്പെട്ട ഒരു സൂചനപോലും ഇല്ല എന്നതും ഈ ഗാനത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു. ലോകത്ത് ഇന്നുവരെ എഴുതപ്പെട്ട ഏറ്റവും മതനിരപേക്ഷമായ ഉല്ലാസഗാനമെന്ന ബഹുമതിയും ഈ ഗാനത്തിനാണ്. 1890 മുതൽ 1954 വരെ തുടർച്ചയായി 64 വർഷം ആഗോള ഹിറ്റ് ചാർട്ടിൽ ഈ ഗാനം ഉണ്ടായിരുന്നു. ഇങ്ങനൊരു നേട്ടം ലോകത്ത് ഒരു പാട്ടിനും കൈവരിക്കാനായിട്ടില്ല.

തനി നാടൻ കാരൾ ഗീതം

മൂന്നര പതിറ്റാണ്ടിലേറെയായി പ്രചാരത്തിലുള്ള നാടൻ കാരൾ ഗാനമാണ് ‘ദൈവം പിറക്കുന്നു മനുഷ്യനായ് ബെത്‌ലേഹേമിൽ’. മംഗലപ്പുഴ സെമിനാരിയിൽ ഫാ.ജസ്റ്റിൻ പനക്കൽ അധ്യാപകനായിരുന്ന കാലം. യേശുദാസിനെക്കൊണ്ടു പാടിപ്പിക്കണമെന്ന ആഗ്രഹത്താൽ അദ്ദേഹം ‘സ്നേഹപ്രവാഹം’ എന്ന േപരിൽ ആൽബം ഒരുക്കി. ആകെ 12 പാട്ടുകളുണ്ടായിരുന്ന ആൽബത്തിലെ ഒരു ഗാനമാണ് ‘ദൈവം പിറക്കുന്നു’. അന്ന് മംഗലപ്പുഴ സെമിനാരിയിലെ മൂന്നാം വർഷ ദൈവശാസ്ത്ര വിദ്യാർഥിയായിരുന്ന ജോസഫ് പാറാങ്കുഴിയാണ് ഈ പാട്ടിനു വരികൾ കുറിച്ചത്. അദ്ദേഹത്തിന്റെ രചനയിൽ പൂര്‍ണതൃപ്തനായ ഫാ.ജസ്റ്റിൻ, ആ വരികൾക്കു സംഗീതം നൽകുകയും യേശുദാസ് ഗാനം ആലപിക്കുകയും ചെയ്തു. ‘സ്നേഹപ്രവാഹം’ അക്കാലത്തെ സൂപ്പർഹിറ്റ് ആൽബമായി. ‘ദൈവം പിറക്കുന്നു’ എന്ന ഗാനം ജനലക്ഷങ്ങൾ ഏറ്റെടുത്തു. വരികളിലെ ലാളിത്യവും ആഘോഷത്തിന്റെ പ്രതീതി പകരുന്ന ഈണവും പാട്ടിനെ വേഗത്തിൽ ജനകീയമാക്കി. ഇന്നും കാരൾ സംഘങ്ങൾ ഒന്നായി പാടുന്ന ഗാനമാണിത്. പ്രത്യേകിച്ചും നാട്ടിൻപുറങ്ങളിൽ. അന്നത്തെ ആ വൈദിക വിദ്യാർഥി ജോസഫ് പാറാങ്കുഴി ഇന്ന് നെയ്യാറ്റിൻകര രൂപതയിലെ വൈദികനായി സേവനമനുഷ്ഠിക്കുന്നു. സ്നേഹപ്രവാഹത്തിലെ തന്നെ മറ്റൊരു സൂപ്പർഹിറ്റ് ഗാനമായ ‘പൈതലാം യേശുവേ’ എഴുതിയതും അദ്ദേഹമാണ്. ക്രിസ്തീയഭക്തിഗാനശാഖയിൽ സജീവസാന്നിധ്യമാണ് ഫാ.ജോസഫ് പാറാങ്കുഴിയും ഫാ.ജസ്റ്റിൻ പനയ്ക്കലും.

English Summary:

Background story of popular Christmas songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com