ADVERTISEMENT

കരിയറിന്റെ അൻപതാം വർഷത്തിൽ പുതിയൊരു ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. തമിഴിൽ ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു. അഭിലാഷ്.ജി.ദേവൻ സംവിധാനം ചെയ്യുന്ന റൂട്ട് നമ്പർ 17 ഒരു ഹൊറർ ത്രില്ലറാണ്. പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഔസേപ്പച്ചൻ മനോരമ ഓൺലൈനിനൊപ്പം.

തമിഴിൽ നിന്നു ക്ഷണിച്ചപ്പോൾ

മുമ്പും തമിഴിൽ നിന്ന് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, മലയാളത്തിൽ തന്നെ നിൽക്കാമെന്നായിരുന്നു എന്റെ തീരുമാനം. തമിഴിൽ ആ സമയത്ത് ഉണ്ടായിരുന്നതൊക്കെ എന്റെ സുഹൃത്തുക്കളായിരുന്നു. എ.ആർ.റഹ്മാനും വിദ്യാസാഗറുമൊക്കെ എന്റെ കൂടെ വർക്ക് ചെയ്തിരുന്നവരാണ്. അവർ നന്നായി ചെയ്തിരുന്നല്ലോ. അതിനിടയിൽ ഒരു കൂട്ടക്കഷായം വേണ്ടെന്നു തോന്നി. ആ സമയത്ത് എന്റെ സുഹൃത്തുക്കളൊക്കെ പറഞ്ഞു, മണിരത്നത്തെ പോയി കാണൂ എന്നൊക്കെ. എ.ആർ.റഹ്മാൻ–മണിരത്നം കൂട്ടുകെട്ട് സംഭവിക്കുന്നതിനു മുമ്പത്തെ കാര്യമാണ് ഞാൻ പറയുന്നത്. ഞാൻ മലയാളത്തിൽ ഹാപ്പിയായിരുന്നു. സംഗീതസംവിധായകനായി 50 വർഷം പൂർത്തിയാകുകയാണ്. അപ്പോഴാണ് ആദ്യ തമിഴ് സിനിമ റിലീസ് ആകാൻ പോകുന്നത്. അതിന്റെ ഒരു സന്തോഷമുണ്ട്.

ഹൊറർ ത്രില്ലർ

റൂട്ട് നമ്പർ 17ന്റെ സംവിധായകൻ അഭിലാഷ് ജി ദേവൻ ആദ്യമൊരു സിനിമ ചെയ്തിരുന്നു. ശ്രീലങ്കൻ വിഷയമായിരുന്നു സിനിമയുടെ പ്രമേയം. പക്ഷേ, ആ സിനിമ റിലീസ് ആയില്ല. ഡോ.അമർ രാമചന്ദ്രൻ എന്നൊരു കണ്ണൂർക്കാരനായിരുന്നു ആ സിനിമയുടെ നിർമാതാവ്. അദ്ദേഹം തന്നെയാണ് പുതിയ സിനിമയുടെയും നിർമാതാവ്. ജിതൻ രമേശാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈയടുത്ത് റിലീസായ ജപ്പാൻ എന്ന സിനിമയിൽ വില്ലനെ അവതരിപ്പിച്ചത് ജിതൻ ആയിരുന്നു. റൂട്ട് നമ്പർ 17 ഒരു റിവെഞ്ച് സ്റ്റോറിയാണ്. തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കിപ്പിടിച്ചു കാണ‌ുന്ന സിനിമകളില്ലേ? അതുപോലൊന്നാണ് റൂട്ട് നമ്പർ 17. സംഗീതവും ക്യാമറയുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ശ്വേതയുടെ അമ്മപ്പാട്ട്

മൂന്നു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ശ്വേത മോഹൻ പാടിയ പാട്ട് ഡിസംബർ 22ന് റിലീസ് ചെയ്തു. 'റാസാ... എൻ റാസാക്കണ്ണേ'  എന്നു തുടങ്ങുന്ന ഗാനം നല്ലൊരു മെലഡിയാണ്. അമ്മപ്പാട്ടെന്നു വിളിക്കാൻ പറ്റുന്ന ഒന്ന്. ഓഫ്റോ എന്ന ഗായകനാണ് സിനിമയിൽ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ജോളി അബ്രഹാമിന്റെ മകനാണ് ഓഫ്റോ. റീറ്റയെന്ന ഗായികയാണ് മൂന്നാമത്തെ ഗാനം പാടിയിരിക്കുന്നത്. അതൊരു റൊമാന്റിക് ട്രാക്കാണ്.

English Summary:

Music director Ouseppachan opens up about his first Tamil movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com