എം.ജയചന്ദ്രന്റെ പ്രിയപ്പെട്ട ‘സൈലന്റ് നൈറ്റ്’; മഹായുദ്ധത്തിന്റെ മുറിവും മായ്ച്ച കാരൾ ഗാനം
Mail This Article
മലയാളികളുടെ ഇഷ്ട സംഗീതസംവിധായകനും ഗായകനുമായ എം.ജയചന്ദ്രന് ഏറ്റവും പ്രിയപ്പെട്ട കാരൾ ഗാനം ഏതായിരിക്കും? അദ്ദേഹത്തോടുതന്നെ ചോദിച്ചു. ഒട്ടും വൈകാതെ ഉത്തരമെത്തി- സൈലന്റ് നൈറ്റ് ഹോളി നൈറ്റ്. അതിനു പിന്നിലൊരു കഥയുണ്ട്. സംഗീത സംവിധായകന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ മനസ്സു കീഴടക്കിയ ഈ ഗാനത്തിന്റെ പിറവിക്കു കാരണവും സമാധാനത്തിനായുള്ള കാത്തിരിപ്പാണ്. 1818ലെ ക്രിസ്മസ് രാത്രി. ഓസ്ട്രിയയിലെ ഒബെൻഡോർഫ് ഗ്രാമത്തിൽ ക്രിസ്മസ് കുർബാനക്കു ശേഷം ശാന്തമായ ഒരു പാട്ടൊഴുകി. ഉണ്ണിയേശുവിന്റെ ജന്മദിനത്തിലെ രാത്രിയെ വിവരിച്ച മധുര ഗീതം കേട്ടവർ അതിൽ അലിഞ്ഞുചേർന്നു.
സെന്റ് നിക്കോളാസ് പള്ളിയിലെ യുവ വൈദികനായ ജോസഫ് മോറാണ് ജർമൻ ഭാഷയിലെ ഗാനം എഴുതിയത്. നെപ്പോളിയന്റെ യുദ്ധക്കെടുതികൾ അവസാനിച്ച സമയത്തെ ആകാശത്തെ ഉപമിക്കാൻ ഏറ്റവും ഉചിതം ശാന്തത തന്നെ ആയിരുന്നു. Stille Nacht Heilige Night എന്നായിരുന്നു ആദ്യ വരികൾ. അടുത്ത ഗ്രാമത്തിലെ പിയാനിസ്റ്റായ ഫ്രാൻസ് സേവ്യർ ഗ്രൂബറാണ് ഗാനത്തിന് സംഗീതം നൽകിയത്. പിന്നീട്, പള്ളിയിലെ ഓർഗൻ നന്നാക്കിയിരുന്നയാൾ ഈ പാട്ട് തന്റെ ഗ്രാമത്തിൽ അവതരിപ്പിച്ചു. അവിടെനിന്ന് പാട്ടു ഹൃദ്യസ്തമാക്കിയ രണ്ടു നാടോടിപ്പാട്ടുകാർ ഗാനം തെക്കൻ യൂറോപ്പിലൂടെ പാടി നടന്നു. 1834 പ്രഷ്യൻ രാജാവിന്റെ മുൻപിൽ ഈ പാട്ട് അവതരിപ്പിക്കപ്പെട്ടു. 1839 ൽ ഇത് ന്യൂയോർക്ക് നഗരത്തിലുമെത്തി.
1914 ലെ ഒന്നാം ലോക മഹായുദ്ധ കാലത്തെ ക്രിസ്മസ് രാത്രിയിൽ ബ്രിട്ടിഷ്, ബെൽജിയൻ ഫ്രഞ്ച്, ജർമൻ സൈനികർ യുദ്ധം മറന്നു ഒരുമിച്ച് പാടിയത് സൈലന്റ് നൈറ്റ് എന്ന ഗാനമായിരുന്നു. ഇടയിൽ ഗാനത്തിന്റെ യഥാർഥ ഉപജ്ഞാതാവായ ഫാ. ജോസഫ് മോറിനെ ലോകം മറന്നു. പ്രശസ്തരായ ബെയ്ഥോവൻ അല്ലെങ്കിൽ മൊസാർട്ട് എന്നിവരിൽ ആരെങ്കിലുമാകാം ഗാനം രചിച്ചതെന്നുവരെ സംശയങ്ങളുണ്ടായി. ഒടുവിൽ 1995 ൽ ഫാ. മോറിന്റെ കൈപ്പടയിലുള്ള ആദ്യപ്രതി കണ്ടെടുക്കപ്പെട്ടു. ഇപ്പോൾ ലോകമെങ്ങും പരിചിതമായ ഇംഗ്ലിഷ് വിവർത്തനം നടത്തിയത് ന്യൂയോക്കിൽ വൈദികനായിരുന്ന ജോൺ ഫ്രീമാൻ യങ്ങാണ്. മുന്നൂറിലധികം ഭാഷകളിലേയ്ക്കു തർജമ ചെയ്യപ്പെട്ട ഗാനത്തെ 2011 ൽ അമൂല്യ സാംസ്കാരിക പൈതൃകമായി യുനെസ്കോ പ്രഖ്യാപിച്ചു.
മനുഷ്യരാശിയേയും വിശ്വാസങ്ങളേയും ഈ ഗാനം ഒരുമിപ്പിക്കുന്നുവെന്നു പറയുന്നു എം.ജയചന്ദ്രൻ. മൃദുവായ സംഗീതത്തിൽ ശാന്തമായ രാത്രിയിൽ സംഭവിക്കുന്ന അദ്ഭുതമായി ഈശോയുടെ ജനനത്തെ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നു. ശാന്തതയും അദ്ഭുതവും മനോഹരമായി ഈ ഗാനത്തിൽ ഒന്നിക്കുന്നതിനാലാണ് തന്റെ ഏറ്റവും ഇഷ്ട കാരളായി സൈലന്റ് നൈറ്റ് മാറിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘സൈലന്റ് നൈറ്റ് ഒരുപാട് ഭാഷകളിലേക്കു തർജമയും ഒരുപാട് റീറിക്കോർഡും ചെയ്തിട്ടുണ്ട്. ഹെവി മെറ്റൽ, ഗോസ്പൽ മുതലായ വ്യത്യസ്തങ്ങളായ രീതികളിലും റിക്കോർഡ് ചെയ്യപ്പെട്ടു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.’ അദ്ദേഹം കൂട്ടിച്ചേർത്തു.