ADVERTISEMENT

നേട്ടങ്ങളുടെ എന്ന പോലെ തന്നെ നഷ്ടങ്ങളുടെ കൂടി വർഷമായിരുന്നു 2023. പ്രഗത്ഭരുടെ അപ്രതീക്ഷിത വിയോഗങ്ങൾ എല്ലാ മേഖലയെയുമെന്നതുപോലെ സംഗീതരംഗത്തെയും ആകെ തളർത്തി. അനേകം പ്രതിഭകളെയാണ് ഈ വർഷം സംഗീതലോകത്തിനു നഷ്ടമായത്. 2023 ഏൽപ്പിച്ച നഷ്ടങ്ങളെ, വേർപിരിഞ്ഞുപോയ സംഗീതപ്രതിഭകളെ ഒരിക്കൽക്കൂടി സ്മരിക്കാം. 

ഗദ്ദർ

വിപ്ലവകവി ആയ ഗദ്ദർ ഇന്ത്യയിലെ സമര വിമോചന സംഗീതത്തിന്റെ മുഖവും ശബ്ദവുമായിരുന്നു. തെലങ്കാനയിലൂടെ ഇന്ത്യൻ സംഗീതത്തെ അദ്ദേഹം വിപ്ലവവുമായി കൂട്ടി യോജിപ്പിച്ചു. തെലങ്കാനയ്ക്കു വേണ്ടിയുള്ള സമര ഭൂമികയിൽ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളിൽ ഗദ്ദർ സ്വയമെഴുതി ചിട്ടപ്പെടുത്തിയ പാട്ടുകൾ ഊർജമായി. കക്ഷി രാഷ്ട്രീയത്തിനതീതമായ അൽറ്റർനേറ്റ് സമര മുഖങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഗദ്ദർ. അവസാന കാലത്ത് ഈ സമര പാതയിൽ നിന്ന് വിട പറഞ്ഞെങ്കിലും 2023 ലെ ഗദ്ദറിന്റെ മരണത്തോടെ അവസാനിക്കുന്നത് ഒരു കാലമാണ്.

വാണി ജയറാം

സിനിമ പാട്ടുകളുടെ ഒരു വസന്തകാലം തന്നെയായിരുന്നു വാണി ജയറാം എന്ന അനശ്വര ഗായിക. ‘ഏതോ ജന്മകൽപനയിലൂടെ’ മലയാളിയെ തേടിവന്ന മറുനാടൻ സ്വരസ്വരഭംഗി. 19 ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. പത്മഭൂഷൺ ബഹുമതി പ്രഖ്യാപിക്കപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് വാണി ജയറാമിനെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്മപുരസ്കാരം ഏറ്റുവാങ്ങാതെയുള്ള ഗായികയുടെ മടക്കം രാജ്യത്തെയൊന്നാകെ വേദനിപ്പിച്ചു. വിവിധഭാഷകളിലായി പാടിപ്പതിഞ്ഞ പാട്ടിന്റെ ആ സ്വരമന്ത്രണം ഇന്നും കേള്‍വിക്കാരിൽ ആസ്വാദനത്തിന്റെ അലയൊലികൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. 

മാലിനി രാജുർക്കാർ

ഇന്ത്യൻ ക്ലാസിക്കൽ സംഗീത ലോകത്തിനും 2023 നികത്താനാകാത്ത നഷ്ടങ്ങളാണ് സമ്മാനിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഗായിക മാലിനി രാജുർക്കാർ സെപ്റ്റംബർ 6നാണ് അന്തരിച്ചത്. അര നൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യക്കൊടുവിലായിരുന്നു മഹാഗായികയുടെ വിയോഗം. ഹിന്ദുസ്ഥാനി സംഗീതത്തിനു പുറമെ മാലിനി, ഭക്തി ഗാനങ്ങളും നാടൻ പാട്ടുകളും തന്റേതായ ശൈലിയിൽ പാടി ആസ്വാദകഹൃദയങ്ങളിൽ പതിപ്പിച്ചുവച്ചു. ഗായികയുടെ വേറിട്ട ശൈലിയിലുള്ള തംബുരു വാദനവും ഏറെ ശ്രദ്ധ നേടി.

ദേവ് കോഹ്‌ലി

പാട്ടെഴുത്തിലും ഇന്ത്യയ്ക്കു നഷ്ടങ്ങൾ സംഭവിച്ച വർഷമായിരുന്നു 2023. സംഗീതരംഗത്ത് കനത്ത നഷ്ടം ഏൽപ്പിച്ചാണ് ദേവ് കോഹ്‌ലി എന്ന വിഖ്യാത കവിയും ഗാനരചയിതാവും നമ്മെ വിട്ടുപോയത്. ഒരുകാലത്ത് ഹിറ്റുകളുടെ പെരുമഴ പെയ്യിച്ച ദേവ് കോഹ്‌ലി, മരണ വരെ സംഗീതത്തെ കൂട്ടുപിടിച്ചു. ബാസിഗർ, മെ നേ പ്യാർ കിയ പോലുള്ള ഹിറ്റ്‌ പാട്ടുകളിലൂടെ പകരക്കാരനില്ലാത്ത പ്രതിഭയായി. അദ്ദേഹം എഴുതിച്ചേർത്ത വരികൾ ആസ്വാദകരുടെ ഹൃദയങ്ങളിൽ ഇപ്പോഴും പതിഞ്ഞുകിടക്കുന്നു.

സിനൈദ് ഓ കോണർ

ഐറിഷ് സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗായിക സിനെദ് ഓ കോണറുടെ അപ്രതീക്ഷിത വിയോഗമാണ് 2023ൽ സംഗീതരംഗത്തിനേറ്റ മറ്റൊരു മുറിവ്. 1986 മുതൽ 2023 വരെയുള്ള അവരുടെ സംഗീത ജീവിതത്തിൽ വിപ്ലവവും പ്രണയവും മതവുമൊക്കെ കയറിക്കൂടിയിരുന്നു. രാജ്യാന്തര വേദികളില്‍ പാട്ടിന്റെ അലയൊലികൾ തീർത്ത് സിനെദ് അതിവേഗം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സിനെദ് ഓ കോണർ സമ്മാനിച്ചു പോയ പാട്ടുകൾ ഇപ്പോഴും ആസ്വാദകഹൃദയങ്ങളിൽ നോവിന്റെ ഈണമായി മുഴങ്ങിക്കേള്‍ക്കുന്നു. 

English Summary:

Unexpected demises of musicians in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com