‘നിക് വിദേശിയാണ് സമ്മതിച്ചു, പക്ഷേ...’; മരുമകനെക്കുറിച്ച് പ്രിയങ്ക ചോപ്രയുടെ അമ്മ
Mail This Article
മരുമകനും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിനെക്കുറിച്ചു വാചാലയായി നടി പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര. നിക് വിദേശിയാണെങ്കിലും താൻ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കാണുന്നതെന്നും എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാറുണ്ടെന്നും മധു വെളിപ്പെടുത്തി. അടുത്തിടെ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മധു ചോപ്ര മരുമകനെക്കുറിച്ചു മനസ്സു തുറന്നത്.
‘ഞാൻ നിക് ജൊനാസിനെ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവൻ വളരെ മികച്ച മരുമകനാണ്. ഞങ്ങൾ പരസ്പരം അങ്ങേയറ്റം ബഹുമാനിക്കുന്നു. ബന്ധം സുദൃഢമായി നിലനിൽക്കുന്നതിനു വേണ്ടി ഞങ്ങള്‍ക്കിടയിൽ ഒരു രേഖ വരച്ചിട്ടുമുണ്ട്. പരസ്പരമുള്ള ആഴമേറിയ ബന്ധത്തിൽ ഞാനും നിക്കും ഞങ്ങളുടെ കുടുംബവും അതിയായി സന്തോഷിക്കുന്നു. നിക് ഒരു വിദേശിയാണ്, സമ്മതിച്ചു. പക്ഷേ അവനിൽ ഞാനൊരു കുടുംബനാഥനെ കണ്ടെത്തി. അവൻ ശരിക്കും ഞങ്ങളുടെ കുടുംബത്തിലെ അംഗം തന്നെയാണ്. വിദേശിയാണെന്നതുകൊണ്ട് അവനെ വേർതിരിച്ചു കാണാൻ എനിക്കാവില്ല. നിക്കിനെ ഞങ്ങൾക്കു കിട്ടയത് ഭാഗ്യവും അനുഗ്രഹവുമായി കാണുന്നു’, മധു ചോപ്ര പറഞ്ഞു.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയും ചെയ്തു. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.