‘പൂമുത്തോളെ’ പാടി ആഫ്രിക്കക്കാരൻ, കടൽ കടന്ന് കീർത്തി; സന്തോഷം അടക്കാനാകാതെ രഞ്ജിൻ രാജ്
Mail This Article
ജോജു ജോർജ് നായകനായെത്തിയ ജോസഫിലെ ‘പൂമുത്തോളെ’ എന്ന ഗാനം കടൽ കടന്ന് ശ്രദ്ധ നേടുന്നു. ആഫ്രിക്കൻ സ്വദേശിയും സമൂഹമാധ്യമ താരവുമായ കിലി പോൾ ഈ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉച്ചാരണപ്പിശകുകൾ വരാതെ ഏറെ ശ്രദ്ധിച്ചാണ് കിലിയുടെ ആലാപനം. പാട്ടിന്റെ സംഗീതസംവിധായകൻ രഞ്ജിന്‍ രാജ് കിലിയുടെ വിഡിയോ പങ്കിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
‘എന്റെ പാട്ടുകൾ ലോകമെമ്പാടും അവതരിപ്പിക്കുന്നതും പ്രചരിക്കുന്നതും കാണുന്നതിൽ ഞാൻ എപ്പോഴും സന്തോഷിക്കുന്നു. ദൈവത്തോടു നന്ദി പറയുകയാണ്. ഇത്തവണ എന്റെ 'പൂമുത്തോളെ' എന്ന ഗാനം തിരഞ്ഞെടുത്തതിന് കിലി പോളിനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷവും ഈ ഗാനം പുതുമയോടെ നിലകൊള്ളുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’, രഞ്ജിൻ രാജ് കുറിച്ചു.
ഇന്ത്യൻ ഗാനങ്ങള്‍ക്കനുസരിച്ചു ചുണ്ടുകൾ ചലിപ്പിച്ചും നൃത്തം ചെയ്തും സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് കിലി പോൾ. കിലിക്കൊപ്പം സഹോദരി നീമയും വിഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവർ പാട്ടുകൾ പാടി വിഡിയോ പങ്കുവയ്ക്കുന്നത് വളരെ കുറവാണ്. ഇപ്പോൾ പുറത്തുവന്ന കിലിയുടെ ആലാപന വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഷെയ്ൻ നിഗം നായകനായെത്തിയ ആർഡിഎക്സിലെ ‘നീല നിലവെ’ എന്ന ഗാനവും കിലി പോൾ ആലപിച്ചിട്ടുണ്ട്.
ടാൻസാനിയയിലെ ഉൾഗ്രാമത്തിലാണ് കിലി പോൾ താമസിക്കുന്നത്. കൃഷിയും പശുവളർത്തലുംമൊക്കെയായിരുന്നു ഉപജീവനമാർഗം. കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമകളുടെ കടുത്ത ആരാധകനായിരുന്നു കിലി. കഠിനാധ്വാനത്തിനിടയിലുള്ള ചെറിയ ചില ഇടവേളകളിലാണ് ടിക്ടോക്കും ഇൻസ്റ്റഗ്രാമുമെല്ലാം പരിചയപ്പെട്ടത്. സംഗീതത്തിലും നൃത്തത്തിലുമുള്ള താല്‍പര്യം കൊണ്ട് ടിക് ടോക് വിഡിയോകൾ ചെയ്യാൻ തുടങ്ങി. ഇപ്പോൾ 5 മില്യനിലധികം ഫോളോവേഴ്സ് ആണ് കിലി പോളിന് ഇൻസ്റ്റഗ്രാമിലുള്ളത്.