കൂട്ടുകാരിയുടെ വൃക്ക സ്വീകരിച്ചു, ശേഷം തല്ലിപ്പിരിഞ്ഞു; പ്രണയപരാജയം, അഗതികൾക്ക് ആശ്രയം; പാട്ടിന്റെ പടിയിറങ്ങുന്ന സെലീന
Mail This Article
ഒരു ആൽബത്തിന്റെ പണിപ്പുരയിലാണെന്നും വൈകാതെ അത് പ്രേക്ഷകർക്കു മുന്നിലെത്തുമെന്നും സെലീന ഗോമസ് പറഞ്ഞപ്പോൾ പതിവുപോലെ തന്നെ ആവേശത്തോടെയാണ് ആരാധകർ കേട്ടിരുന്നത്. എന്നാൽ ഗായികയുടെ സംഭാഷണം അവിടെ അവസാനിച്ചില്ല. ഇനി പുറത്തിറങ്ങാനിരിക്കുന്നത് തന്റെ അവസാന ആൽബമായിരിക്കുമെന്ന തുറന്നുപറച്ചിൽ കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ സ്തബ്ധരായിരുന്നു ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾ. വളരെ കൂൾ ആയാണ് താൻ പാട്ട് നിർത്തുന്നുവെന്ന് സെലീന ഗോമസ് പറഞ്ഞത്. ആ അപ്രതീക്ഷിത പ്രഖ്യാപനം പക്ഷേ അത്ര കൂൾ ആയെടുക്കാൻ ആരാധകർക്കു സാധിക്കുന്നില്ല. പാട്ട് ഉപേക്ഷിച്ച് അഭിനയത്തെ ഗൗരവമായിക്കാണാൻ തീരുമാനിച്ചെന്ന് സെലീന പറയുന്നു. മുൻപും അഭിനയത്തിൽ മികവ് തെളിയിച്ചിട്ടുള്ള താരം തന്നെയാണ് സെലീന. പക്ഷേ ഇപ്പോൾ പാട്ട് പൂർണമായും നിർത്തി അഭിനയം മാത്രം കരിയർ ആയി തീരുമാനിച്ചത് എന്തിനാണെന്നു മാത്രം ആരാധകർക്കു പിടികിട്ടുന്നില്ല. തുടർച്ചയായ ആൽബം റിലീസുകളിലൂടെ ലോകത്തെ ഞെട്ടിച്ച സെലീനയുടെ പുത്തൻ പാട്ടുകളുടെ ലഹരി നുകരാൻ കാത്തിരുന്ന ആരാധകവൃന്ദത്തിന് തിരിച്ചടിയായിരിക്കുകയാണ് ഗായികയുടെ ഈ തീരുമാനം.
ആരാണ് സെലീന?
1992 ജൂലൈ 22നാണ് സെലീന ജനിച്ചത്. മുഴുവൻ പേര് സെലീന മേരി ഗോമസ്. ബാർണി ആൻഡ് ഫ്രണ്ട്സ് (2002-2004) ടെലിവിഷൻ പരമ്പരയിലൂടെ ബാലതാരമായി അഭിനയരംഗത്ത് ചുവടുവച്ചു. പിന്നീടിങ്ങോട്ട് അഭിനയത്തിൽ ഏറെ സജീവമായി. നിരവധി പരമ്പരകളിൽ അഭിനയിച്ചു. കൂടാതെ വിവിധങ്ങളായ ടെലിവിഷൻ പരിപാടികളിലും പാചക വിഡിയോകളിലും പങ്കാളിയായി. അഭിനയം തന്നെയായിരുന്നു എക്കാലവും സെലീനയുടെ പാഷൻ. അപ്രതീക്ഷിതമായാണ് താൻ സംഗീതരംഗത്തെത്തിയതെന്നു സെലീന തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോൾ തന്നെയാണ് സംഗീതരംഗത്തേക്കു ചുവടുമാറ്റിയത്. ‘സെലീന ഗോമസ് ആന്‍ഡ് ദ് സീൻ’ എന്ന പേരിൽ സംഗീത ബാൻഡ് രൂപീകരിച്ചു. 2009ൽ കിസ് ആൻഡ് ടെൽ എന്ന പേരിൽ ബാൻഡിന്റെ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കി. പിന്നീടിങ്ങോട്ട് സെലീനയും കൂട്ടരും ചേർന്ന് തുടർച്ചയായ ഹിറ്റുകൾ വാരിവിതറി. സ്റ്റാഴ്സ് ഡാൻസ് എന്ന പേരില്‍ ആദ്യ സോളോ ആൽബം പുറത്തിറക്കിയതോടെ ലോകം സെലീനയെന്ന ഗായികയ്ക്കു നേരെ തിരിഞ്ഞു. പിന്നീടിങ്ങോട്ട് ഹിറ്റുകള്‍ക്ക് അവധി നൽകിയിട്ടില്ല സെലീന. സിംഗിൾ സൂൺ ആണ് ഗായികയുടേതായി പുറത്തുവന്ന അവസാന ആൽബം.
ഇൻസ്റ്റയിലെ പെൺപുലി
കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തു വന്ന കണക്ക് പ്രകാരം ഇന്‍സ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വനിതയെന്ന ബഹുമതി സെലീന ഗോമസിന്റെ പേരിലാണ്. 429 ദശലക്ഷം ഫോളോവേഴ്സ് ആണ് നിലവിൽ സെലീനയ്ക്കുള്ളത്. കെയ്‌ലി ജെന്നറുടെ റെക്കോർഡ് മറികടന്നാണ് സെലീന ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വനിതയെന്ന ഖ്യാതി സ്വന്തമാക്കിയത്. 382 ദശലക്ഷം ഫോളോവേഴ്സാണ് കെയ്‌ലി ജെന്നറിനുള്ളത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സെലീന, വിശേഷങ്ങളെല്ലാം ആരാധരോടു പങ്കുവയ്ക്കാറുണ്ട്. ആരാധകരോടു സംവദിക്കാനായി ഗായിക പ്രത്യേകമായി സമയവും കണ്ടെത്തുന്നു.
അഗതികൾക്ക് കൈത്താങ്ങ്
ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമാണ് സെലീന. ലോകമെമ്പാടും സംഗീതപരിപാടികൾ അവതരിപ്പിച്ചും വിവിധ ക്യാംപെയിനുകൾ സംഘടിപ്പിച്ചുമൊക്കെ ഭീമമായ തുക സെലീന പാവപ്പെട്ടവരുടെ കൈകളിലെത്തിച്ചു. നിര്‍ധനരെ സാമ്പത്തികമായി സഹായിക്കുന്നതിലും അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിലും സെലീന എപ്പോഴും പ്രത്യേകമാംവിധം ശ്രദ്ധ ചെലുത്തി. കൗമാരത്തിലാണ് സെലീന ജീവകാരുണ്യപ്രവർത്തനമേഖലയിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയത്. അത് ഇപ്പോഴും തുടരുന്നു. തനിക്ക് മനുഷ്യത്വമുള്ളയാളായി ജീവിക്കാൻ മാത്രമാണ് ആഗ്രഹമെന്നും അല്ലാതെ യാതൊരു ജീവിതാഭിലാഷങ്ങളും ഇല്ലെന്നും സെലീന പല ആവർത്തി പറഞ്ഞിട്ടുണ്ട്. ഇസ്രയേല്‍–ഹമാസ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കവെ ദുരന്തവാർത്തകൾ കേൾക്കാനാകില്ലെന്നു പറഞ്ഞ് സെലീന സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുത്തത് വലിയ വാർത്തയായിരുന്നു.
ജീവിക്കുന്നത് കൂട്ടുകാരിയുടെ വൃക്കയിൽ
2015ലാണ് സെലീനയിൽ ലൂപ്പസ് രോഗം കണ്ടെതത്തിയത്. മാസങ്ങളോളം മരുന്നുകൾ കഴിച്ചെങ്കിലും രോഗം വൃക്കയുടെ പ്രവർത്തനത്തെ തകരാറിലാക്കി. വൃക്ക മാറ്റിവയ്ക്കുക മാത്രമായിരുന്നു ശാശ്വതമായ പരിഹാരം. ഉറ്റ സുഹൃത്ത് ഫ്രാൻസിയ റെയ്സ വൃക്ക ദാനം ചെയ്യാൻ തയ്യാറായതോടെ 2017ൽ ശസ്ത്രക്രിയ നടത്തി. ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ സെലീനയും ഫ്രാൻസിയും ആരോഗ്യം വീണ്ടെടുത്ത് വീണ്ടും സാധാരണ ജീവിതത്തിലേക്കു മടങ്ങി. വൃക്ക മാറ്റിവയ്ക്കലിനു വിധേയയായ കാര്യം സെലീന തന്നെയാണ് ലോകത്തോടു വിളിച്ചു പറഞ്ഞത്. ഫ്രാൻസിയ ജീവൻ പണയം വച്ചു തനിക്കു വേണ്ടി വൃക്ക ദാനം ചെയ്യാൻ തയ്യറായെന്നും അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും സെലീന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രങ്ങളും ഗായിക പങ്കുവച്ചിരുന്നു. ഫ്രാൻസിയയോട് ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നു പറഞ്ഞ സെലീന പക്ഷേ പിന്നീട് ഫ്രാൻസിയയുമായി വേർപിരിഞ്ഞു. ഒരിക്കൽ ഒരു അഭിമുഖത്തിനിടെ ‘തനിക്ക് ഏറ്റവും അടുപ്പമുള്ളത് ടെയ്‌ലർ സ്വിഫ്റ്റിനോടു മാത്രമാണ്’ എന്ന സെലീനയുടെ പ്രസ്താവനയാണ് ബന്ധം ഉലയുന്നതിനു കാരണമായത്. വൃക്ക ദാനം ചെയ്ത് സെലീനയുടെ ജീവൻ രക്ഷിച്ച ഫ്രാൻസിയയെ സെലീനയുടെ ആ വാക്കുകൾ ചൊടിപ്പിച്ചു. തുടർന്ന് ഫ്രാന്‍സിയ സെലീനയെ സമൂഹമാധ്യമങ്ങളിൽ നിന്നും അൺഫോളോ ചെയ്തു. തെറ്റ് മനസ്സിലാക്കി സെലീന പിന്നീട് മാപ്പ് പറഞ്ഞെങ്കിലും ഇരുവരുടെയും ബന്ധം പഴയപടി ആയില്ല. മാത്രവുമല്ല, വൃക്ക മാറ്റി വയ്ക്കലിനു ശേഷവും സെലീന മദ്യപാനം തുടർന്നത് ഫ്രാൻസിയയെ അസ്വസ്ഥയാക്കി. ഏറെ സമ്മർദം ചെലുത്തി സെലീനയെ മദ്യപാനാസാക്തിയിൽ നിന്നും കരകയറ്റാൻ ഫ്രാൻസിയയും കുടുംബവും ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.
പ്രണയങ്ങളിൽ തുടർച്ചയായ പരാജയം
പ്രണയങ്ങൾ പലതുണ്ടായെങ്കിലും ഒന്നിലും യഥാർഥ പങ്കാളിയെ കണ്ടെത്താൻ സെലീനയ്ക്കു സാധിച്ചില്ല എന്നതാണു യാഥാർഥ്യം. 2008 മുതൽ 2009 വരെ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസും സെലീനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു വർഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2017ൽ ഗായകൻ വീക്കെൻഡുമായി സെലീന പ്രണയത്തിലായി. എന്നാല്‍ 10 മാസങ്ങൾക്കു ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2022ൽ ഇറ്റാലിയൻ നടനും നിർമാതാവുമായ ആൻഡ്രിയ ലേർവോലിനോയുമായി സെലീന പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. ജീവിതപങ്കാളിയെക്കുറിച്ചു തനിക്കു വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നും മുൻപുണ്ടായ പ്രണയങ്ങൾ പോലെയായിരിക്കില്ല ഇനിയുള്ളതെന്നും സെലീന അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള പ്രതീക്ഷകൾ ഗായിക പലതവണ പങ്കുവച്ചിട്ടുണ്ട്.
പാട്ടിന്റെ പടിയിറങ്ങുമ്പോൾ
താൻ ക്ഷീണിതയാണെന്നും മാനസികയും ശാരീരികവുമായി തനിക്ക് വിശ്രമം ആവശ്യമാണെന്നും മനുഷ്യത്വത്തിനു മുൻഗണന കൊടുത്തായിരിക്കും ഇനിയുള്ള ജീവിതമെന്നും പറഞ്ഞാണ് സെലീന ഗോമസ് പാട്ടുലോകത്തു നിന്നു പടിയിറങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. ഗായികയുടെ അപ്രതീക്ഷിത തീരുമാനത്തിനു പിന്നാലെ പല തരത്തിലുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സെലീന തമാശ പറഞ്ഞതാണെന്നാണ് ഒരുകൂട്ടരുടെ വാദം. പാട്ട് ഉപേക്ഷിച്ചാൽ സംഗീതലോകത്തിനല്ല, മറിച്ച് സെലീനയ്ക്കു മാത്രമായിരിക്കും നഷ്ടമെന്നും ചിലർ കമന്റായി കുറിക്കുന്നു. ഇത് വളരെ മികച്ച തീരുമാനമാണെന്നും സെലീനയ്ക്ക് അഭിനയത്തിൽ അസാമാന്യ കഴിവുണ്ടെന്നും ചിലർ കുറിച്ചു. സെലീനയിൽ നിന്നും പുറത്തുവരുന്ന അവസാന ആൽബത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അത് എക്കാലത്തെയും മികച്ച പാട്ടുകളിലൊന്നായിരിക്കുമെന്നുമാണ് അവരുടെ പ്രതീക്ഷ. പാട്ടിനും അഭിനയത്തിനും പുറമേ റെയർ ബ്യൂട്ടി എന്ന പേരിൽ ഒരു കോസ്മെറ്റിക് ബ്രാൻഡ് കൂടി നടത്തുന്നുണ്ട് സെലീന ഗോമസ്.