‘അമ്മാവൻ അത്ര വലിയ ആളാണോ?’; ജി.വി.പ്രകാശ് കുമാറിനെ സംഗീതവഴിയിലെത്തിച്ച കഥ പറഞ്ഞ് റഹ്മാന്റെ സഹോദരി
Mail This Article
സംഗീതസംവിധായകൻ ജി.വി.പ്രകാശ്കുമാർ സംഗീതലോകത്തെത്തിയത് എങ്ങനെയെന്നു തുറന്നു പറഞ്ഞ് അമ്മ റെയ്ഹാന. മകന് ചെറുപ്പകാലത്ത് സംഗീതത്തോട് യാതൊരു താൽപര്യവും ഇല്ലായിരുന്നെന്നും അവന്റെ സംഗീതജീവിതത്തിന് അടിത്തറ പാകിയത് താനാണെന്നും റെയ്ഹാന വെളിപ്പെടുത്തി. എ.ആർ.റഹ്മാന്റെ സഹോദരിയും ഗായികയുമാണ് റെയ്ഹാന. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റെയ്ഹാന മകന്റെ സംഗീതവഴികൾ ഓർത്തെടുത്തത്.
‘പ്രകാശിന് സംഗീത്തിൽ കഴിവുണ്ടെന്നു തിരിച്ചറിഞ്ഞതും സംഗീതജീവിതത്തിന് അടിത്തറ പാകിയതും ഞാനാണ്. വളരെ സ്ട്രിക്റ്റായി എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു കൊടുത്തു. അവനു പക്ഷേ സംഗീതമല്ല, ക്രിക്കറ്റ് ആയിരുന്നു ഇഷ്ടം. സച്ചിനോട് ഭ്രാന്തമായ ആരാധനയാണ് അവന്. ക്രിക്കറ്റ് കാണുമ്പോൾ ആവേശം കൊണ്ട് തൊണ്ടപൊട്ടും വരെ അലറും. അങ്ങനെ അവന്റെ ശബ്ദം പരുക്കനായിത്തുടങ്ങി. എങ്ങനെ അവന്റെ ശബ്ദം സംരക്ഷിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. വഴക്ക് പറഞ്ഞതുകൊണ്ടേ തല്ലിയതുകൊണ്ടോ പ്രയോജനമില്ലെന്ന് ഞാൻ മനസ്സിലാക്കി.
ഒരിക്കൽ ഞാൻ അവനോട് പറഞ്ഞു, നീ ആരാധിക്കുന്ന സച്ചിൻ നിന്റെ അമ്മാവനായ എ.ആർ.റഹ്മാന്റെ ആരാധകനാണെന്നും പാട്ട് പാടിയെങ്കിൽ മാത്രമേ ബഹുമാനം നേടാനാകൂ എന്നും. എന്നാൽ സംഗീതക്ലാസിൽ ചേർക്കാനുള്ള എന്റെ തന്ത്രമാണ് അതെന്ന് അവനു മനസ്സിലായി. തൊട്ടടുത്ത ദിവസം ഒരു മാസികയിൽ, സച്ചിൻ ഒഴിവു വേളകളിൽ റഹ്മാന്റെ പാട്ടുകളാണ് കേൾക്കുന്നത് എന്നും അദ്ദേഹം റഹ്മാന്റെ ആരാധകനാണെന്നുമുള്ള വാർത്ത വന്നു. പ്രകാശ് അന്ന് വളരെ ചെറുതാണ്. ഈ വാർത്ത ഞാൻ അവനെ വായിച്ചു കേൾപ്പിച്ചു. സച്ചിൻ ശരിക്കും റഹ്മാന്റെ ആരാധകനാണോ, അമ്മാവൻ അത്രയും വലിയ ആളാണോ എന്ന് അവൻ ചോദിച്ചു. അടുത്ത ദിവസം മുതൽ അവന് സംഗീതത്തിൽ താൽപര്യം തോന്നിത്തുടങ്ങി’, റെയ്ഹാന പറഞ്ഞു.