‘ഗുരുതരാവസ്ഥയിലായ അമ്മയെ പരിചരിക്കവെ അവൻ പാട്ടൊരുക്കി’; ബോംബെ ജയശ്രീയുടെ മകനെക്കുറിച്ചു വാചാലനായി വിനീത്
Mail This Article
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ്. മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്നു ഗായിക ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴാണ് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി നിശ്ചദാർഢ്യത്തോടെ അമൃത് ചിത്രത്തിനായി ഈണങ്ങൾ ചിട്ടപ്പെടുത്തിയത്. ഇപ്പോഴിതാ അമൃതിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
‘രണ്ടര വർഷത്തിനുശേഷം തിങ്ക് മ്യൂസിക്കിനൊപ്പം ഒരു ലിസണിങ് സെഷനിൽ പങ്കെടുത്തു. കഴിഞ്ഞതവണത്തേതുപോലെ എല്ലാ ലൈറ്റുകളും അണച്ചശേഷം വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം കേട്ടു. ഇത് പൂർത്തിയാക്കിയശേഷം ലൈറ്റുകൾ വീണ്ടും ഇട്ടപ്പോൾ തിങ്ക് മ്യൂസിക്കിലെ സന്തോഷിന്റെയും മഹേഷിന്റെയും മുഖത്ത് ഒരു വിടർന്ന ചിരിയുണ്ടായിരുന്നു. അവർ അമൃതിനെ ആലിംഗനം ചെയ്തശേഷം ഇങ്ങനെ പറഞ്ഞു. "ഈ കുടുംബത്തിലേക്കു സ്വാഗതം".
കഴിഞ്ഞ കുറച്ചുമാസങ്ങളായി അമൃത് കടന്നുപോയ കഷ്ടപ്പാടുകൾ ഞാൻ കണ്ടിരുന്നു. നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയശ്രീ മാം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ അവരെ പരിചരിക്കുന്നതിനിടയിൽ, ആശുപത്രിമുറിയിൽവച്ചാണ് അമൃത് ആദ്യത്തെ മൂന്ന് ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. ആശുപത്രി മുറിയിൽ മിനി സ്റ്റുഡിയോ സജ്ജീകരിച്ച് മനസ്സിൽ വരുന്ന ഈണങ്ങൾ അമ്മയ്ക്കു പാടിക്കൊടുക്കും. എന്നിട്ട് എനിക്ക് അയച്ചുതരും. അമൃത് അയച്ചുതന്ന രണ്ടാമത്തെ ഈണത്തിനനുസരിച്ച് ജയശ്രീ മാഡം വരികളെഴുതിയാൽ നന്നാവുമെന്ന ഒരാഗ്രഹം അമൃതിനോട് ഫോണിൽ പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ ചർച്ച ചെയ്യുകയും പാട്ടിന്റെ ആദ്യവാക്ക് എന്തായിരിക്കണമെന്ന ധാരണയിലെത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം പാട്ടിന്റെ ആദ്യനാലുവരി അമൃത് അയച്ചുതന്നു. അതുകണ്ട് രോമാഞ്ചം വന്നു. ബോംബെ ജയശ്രീ മാം എന്ന ഇതിഹാസത്തിന്റെ ഒരു നേർക്കാഴ്ചയാണ് എനിക്ക് ലഭിച്ചത്.
അമൃതിന് കാര്യങ്ങൾ അൽപം എളുപ്പമാകുന്നതുവരെ ജോലി കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണോ എന്നു ഞാൻ പലതവണ അമൃതിനോട് ചോദിച്ചിരുന്നു. പക്ഷേ അവന്റെ മറുപടി എപ്പോഴും ഒന്നുതന്നെയായിരുന്നു. "വിനീത്, നിങ്ങളുടെ സിനിമയ്ക്ക് സംഗീതം നൽകുന്നത് ഞാൻ സ്വയം മുറിവുണക്കുന്നതു പോലെയാണ്." ഈ 25 വയസ്സുകാരൻ വർഷങ്ങൾക്ക് ശേഷത്തിനു വേണ്ടി ചെയ്ത സംഗീതം ലോകം കേൾക്കുന്നത് വരെ എനിക്ക് കാത്തിരിക്കാനാവില്ല’, വിനീത് ശ്രീനിവാസൻ കുറിച്ചു.
ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ‘വർഷങ്ങൾക്കു ശേഷം’ നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരുമെത്തുന്നു. നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.