ബൈസെക്‌ഷ്വൽ, അപൂർവരോഗത്തിന് അടിമ, നിലപാടുകളിൽ ശക്ത; ആരാണ് പുരസ്കാരങ്ങൾ വാരിക്കൂട്ടുന്ന ബില്ലിയെന്ന പെൺപുലി?
Mail This Article
81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സംഗീത ലോകത്ത് നിന്ന് ഏറ്റവുമധികം കയ്യടികൾ നേടുന്നത് ബില്ലിൽ ഐലിഷിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ബാർബി ഹിറ്റ് വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ആൽബത്തിനു കിട്ടിയ ഒറിജിനൽ മോഷൻ സിനിമാ ഗാനത്തിനുള്ള അവാർഡ് ആണ്. സഹോദരൻ ഫിന്നിയാസിനൊപ്പമാണ് ബില്ലി ഈ പുരസ്‌കാരം പങ്കുവയ്ക്കുന്നത്. ഓസ്കറും അഞ്ച് ഗ്രാമി പുരസ്‌കാരങ്ങളും രണ്ട് ഗിന്നസ് ലോക റെക്കോർഡുകളുമടക്കം നേടിയ ബില്ലിയുടെ തിരുനെറ്റിയിൽ 2024ലെ ഗോൾഡൻ ഗ്ലോബിന്റെ പൊന്‍തൂവൽകൂടി ഇനി സ്വർണവെളിച്ചം വീശും. പുരസ്കാര നേട്ടത്തിൽ തിളങ്ങിയ ബില്ലി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഗായികയുടെ നേട്ടങ്ങൾക്കൊപ്പം ധീരമായ നിലപാടുകളും വെല്ലുവിളി നിറഞ്ഞ ജീവിതസാഹചര്യവുമൊക്കെ ഇപ്പോൾ ആരാധകലക്ഷങ്ങൾക്കിടയിൽ ചർച്ചയാകുന്നു.
ഗ്രാമി പുരസ്കാരം സ്വന്തമാക്കിയ നന്നേ പ്രായം കുറഞ്ഞ ഗായികയാണ് ബില്ലി ഐലിഷ്. ഔദ്യോഗിക സ്കൂൾ വിദ്യാഭ്യാസത്തിനപ്പുറം വീട്ടിൽ തന്നെ ഇരുത്തി ബില്ലിയെയും സഹോദരൻ ഫിന്നിയാസിനെയും അവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുത്ത് മാതാപിതാക്കൾ വളർത്തി. ഡാൻസ്, ഹോർസ് റൈഡിങ്, പോപ് സംഗീതം തുടങ്ങിയവയൊക്കെ അഭ്യസിച്ചു ബില്ലി. 2016 ൽ തന്റെ ആദ്യ ആൽബം ഓഷ്യൻ ഐസ് പുറത്തിറങ്ങിയപ്പോൾ ബില്ലിക്ക് പ്രായം കഷ്ടിച്ച് 15 വയസ്സായിരുന്നു. ഒറ്റ ആൽബത്തോടു കൂടി ബില്ലി ആരാധകലക്ഷങ്ങളെ വാരിക്കൂട്ടി. പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിൽ അവൾക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
തുടർന്നുള്ള വർഷങ്ങളിൽ ബിൽ ബോർഡ് ഹിറ്റ് ചാർട്ടുകളിൽ അമ്പരപ്പിക്കുന്ന നേട്ടങ്ങൾ ബില്ലി സ്വന്തമാക്കി. ഹിറ്റ് ചാർട്ടുകൾക്കൊപ്പം അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ, എംടിവി പുരസ്കാരങ്ങൾ, അമേരിക്കൻ സംഗീത പുരസകരങ്ങൾ, രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ ഒടുവിൽ ഗ്രാമി പുരസ്കാരവും മുതൽ സാക്ഷാൽ ഓസ്കർ വരെ. 22 വയസ്സിനിനുള്ളിൽ ബില്ലി എത്തിപിടിക്കാത്ത നേട്ടങ്ങൾ കുറവാണെന്നു തന്നെ പറയാം. സഹോദരൻ ഫിന്നിയാസും കുടുംബവും ബില്ലിക്കു പൂർണ പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.
നേട്ടങ്ങൾ കൊണ്ട് ലോകസംഗീതത്തിന്റെ നെറുകയിൽ ചുംബിച്ചു നിൽക്കുന്ന ബില്ലിയുടെ സ്വകാര്യ ജീവിതം പക്ഷേ അത്ര സുഖകരമായ ഒന്നല്ല. ടൂറെറ്റ് സിൻഡ്രോം എന്ന അപൂർവ ന്യൂറൊ രോഗത്തോട് പൊരുതിയാണ് ബില്ലി തന്റെ കുട്ടിക്കാലവും കൗമാരവും ചെലവഴിച്ചത്. രോഗത്തെത്തുടർന്ന് തൊണ്ടയ്ക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഗായിക അനുഭവിച്ചു. വിഷാദരോഗത്തിനും അടിമയാണ് ബില്ലി. താൻ നേരിട്ടുകൊണ്ടിരിക്കുന്ന രോഗാവസ്ഥകളെക്കുറിച്ച് ഗ്രാമി പുരസ്കാര വേദിയിൽ പോലും ഗായിക തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്.
പ്രണയജീവിതത്തിലും വിജയപരാജയങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ബില്ലി ഐലിഷ്. ബ്രാണ്ടൻ ആദംസുമായുള്ള ബില്ലിയുടെ പ്രണയവും വേർപിരിയലും ഏറെ ചർച്ചകൾക്കു വഴിവച്ചതാണ്. ജെസി റൂതർഫോഡുമായും ബില്ലി പ്രണയത്തിലായിരുന്നു. എന്നാൽ അതും വിജയം കണ്ടില്ല. അടുത്തിടെയാണ് താൻ ബൈസെക്‌ഷ്വൽ ആണെന്നും സ്ത്രീകളോടും പുരുഷന്മാരോടും തനിക്ക് ഒരുപോലെ പ്രണയം തോന്നാറുണ്ടെന്നും ബില്ലി തുറന്നു പറഞ്ഞത്. ബില്ലിയുടെ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കു കാരണമായി. നാനായിടങ്ങളിൽ നിന്നു വിമര്‍ശിക്കപ്പെടുമ്പോഴും ബില്ലി തന്റെ നിലപാടിൽ കരുത്തോടെ ഉറച്ചുനിന്നു.
കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ബില്ലിയുടെ തുറന്നു പറച്ചിലുകളും വലിയ തോതിൽ ചര്‍ച്ചയായിരുന്നു. വിവാദങ്ങളോ വിമർശനങ്ങളോ ബില്ലിയെ തളർത്തിയില്ല. ലിംഗ വിവേചനത്തിനും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കുമേതിരെ അവർ നിരന്തരം പ്രതികരിച്ചു. ബോഡി പോസിറ്റിവിറ്റിക്കു വേണ്ടിയും വേഗൻ ജീവിത രീതിക്കു വേണ്ടിയും അവർ ശബ്ദമുയർത്തിക്കൊണ്ടേയിരുന്നു. സാക്ഷാൽ ജസ്റ്റിൻ ബീബർ പോലും തനിക്ക് ബില്ലിയോട് ആരാധനയാണെന്നു പരസ്യപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ബില്ലിയുടെ പേരെഴുതിയ വസ്ത്രം ധരിച്ച് പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ട ബീബറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ആൽബത്തിലൂടെ ഒരിക്കൽ കൂടി ലോകത്തിന്റെ നെറുകയിൽ നിന്ന് ഗോൾഡൻ ഗ്ലോബിൽ ബില്ലി എന്ന 22കാരി ചുംബിക്കുമ്പോൾ ആദരിക്കപ്പെടുന്നത് അവരുടെ സമാനതകൾ ഇല്ലാത്ത നേട്ടങ്ങളും പോരാട്ടങ്ങളും ഒപ്പം മാറാത്ത നിലപാടുകളുമാണ്.