പൈപ്പ് വെള്ളം കുടിച്ച് വിശപ്പകറ്റി, ശബ്ദം പോരെന്നു പറഞ്ഞ് തിരസ്കരിച്ചു; ചരിത്രഗായകന്റെ കഴിഞ്ഞ കാലം!
Mail This Article
യേശുദാസിന്റെ ചെറുപ്പകാലത്ത്, പാടി തുടങ്ങിയ കാലം. അന്നൊക്കെ ഇന്നത്തെപ്പോലെ റിയാലിറ്റി ഷോയും ടിവി ഷോയുമൊന്നുമില്ലായിരുന്നു. എല്ലാ പാട്ടുകാരും ഓൾ ഇന്ത്യ റേഡിയോയിലാണ് ഭാഗ്യം പരീക്ഷിച്ചിരുന്നത്. അവർ തിരഞ്ഞെടുത്താൽ മാത്രമേ ജനം അംഗീകരിക്കുകയുള്ളു. അന്ന് യേശുദാസ് എന്ന കൊച്ചു മിടുക്കനും സ്വരപരീക്ഷിണത്തിനു പോയിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തൊക്കെ പോയി പാടണമെങ്കിൽ പണക്കാരനായിരിക്കണം. ദാസ് കുടുബത്തിന് സാമ്പത്തികമില്ലായിരുന്നെങ്കിലും ആരുടെയൊക്കെയോ കനിവിൽ അനന്തപുരിയിലേക്കു ബസ്സുകയറി. ഭക്ഷണം കഴിക്കാൻ പൈസ തികയാതിരുന്നതുകൊണ്ട് ആ യാത്രയിൽ ഒന്നും കഴിച്ചിരുന്നില്ല. റേഡിയോ സ്റ്റേഷനു തൊട്ടടുത്തു റോഡിലുള്ള പൈപ്പിൽനിന്ന് വെള്ളം കുടിച്ചു വയറു നിറച്ചു. അതിനുശേഷം അവിടെ സന്നിഹിതരായിരുന്ന സംഗീതജ്ഞരുടെ സദസിനു മുൻപിൽ ആത്മവിശ്വാസത്തോടെ പാടിയെങ്കിലും റിസൾട്ട് വന്നപ്പോൾ അവർ പറഞ്ഞത്, "ദാസിന്റെ പാട്ട് കുഴപ്പമില്ല പക്ഷേ, സ്വരം മൈക്രോഫോണിനു പറ്റില്ല" എന്നാണ്. അന്ന് ആ കൊച്ചു പാട്ടുകാരൻ വളരെ നിരാശയോടെയാണ് തലസ്ഥാനനഗരം വിട്ടത്. പിന്നെ സംഭവിച്ചതൊക്കെ ചരിത്രം!
ഇപ്പോഴത്തെ പുതിയ പാട്ടുകാർക്കും അതൊരു പാഠമാകെട്ടെ. 'One different child can change the world' എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. യേശുദാസിന്റെ കാര്യത്തിൽ 'One different voice can change the world' എന്നതാണ് കൂടുതൽ അർഥവത്താകുന്നത്. ജന്മനാ അന്ധനായിരുന്ന ഹിന്ദി സംഗീതസംവിധായകന് ഒരിക്കലും യേശുദാസിനെ കാണാനുള്ള ഭാഗ്യം ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം ആ ശബ്ദത്തെപ്പറ്റി "കല്ലിനെപ്പോലും അലിയിക്കുന്ന സ്വരം" എന്നുപറഞ്ഞത് ആരും മറക്കുമെന്നു തോന്നുന്നില്ല. രവീന്ദ്ര ജെയിനിന്റെ സംഗീതസംവിധാനത്തിൽ ചിറ്റ് ചോർ എന്ന ചിത്രത്തിലെ ഗാനങ്ങൾക്കാണ് ഹിന്ദിയിൽ ആദ്യമായി ഒരു ദേശീയ പുരസ്കാരം കിട്ടുന്നത് എന്നുകൂടി ഓർക്കണം.
ഇപ്പോൾ നല്ല കഴിവുള്ള ധാരാളം പാട്ടുകാരുണ്ടെങ്കിലും ഒരു വേറിട്ട ശബ്ദത്തിനു വേണ്ടി നമ്മൾ കാതോർക്കുകയാണ് അങ്ങനെ ഒരാൾ കൂടി വന്നു മലയാള ഗാനങ്ങളെ വീണ്ടും സംഗീത സാന്ദ്രമാക്കട്ടെ. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ എസ്പിബിയെപ്പോലെ, നമ്മുടെ തന്നെ വാനമ്പാടി ചിത്രയെപ്പോലെ, ബംഗാളിൽ നിന്നുവന്ന ശ്രേയ ഘോഷലിനെപോലെ. ഇനി മറ്റൊരു മാന്ത്രികശബ്ദത്തിനുവേണ്ടി എത്രനാൾ കാത്തിരിക്കണം? അതൊരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. തൽക്കാലം ഒരു ദാസേട്ടൻ ഉണ്ടല്ലോ. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കാം.
അഗീകാരങ്ങൾ എവിടുന്നായാലും അത് നൽകാനായി അവിടെ ഇരിക്കുന്നവരുടെ വിധിയല്ല അന്തിമ വിധി. അതൊക്കെ അവരുടെ അഭിപ്രായം മാത്രമാണ്. എല്ലാ പുരസ്കാരങ്ങളും അങ്ങനെതന്നെയാണ് കഴിവിനേക്കളുപരി അതൊക്കെ വെറുമൊരു ഭാഗ്യ പരീഷണം മാത്രമാണ്. ഭരത് അവാർഡ് കിട്ടാത്തതുകൊണ്ട് സത്യനും തിലകനും കൊട്ടാരക്കരയും നെടുമുടിയുമൊന്നും മോശം നടന്മാരാകാതിരിക്കുന്നത് അതുകൊണ്ടാണ്. എന്തായാലും അസാധാരണമായ കഴിവുള്ളവരെ എന്നെങ്കിലും അംഗീകരിക്കാതിരിക്കാൻ പറ്റില്ല എന്നുതന്നെയാണ് കാലത്തിന്റെ കാവ്യനീതി. അതിനുള്ള ഏറ്റവും നല്ല ഉദാഹരണം കേരളത്തിന്റെ അഹങ്കാരമായ ഗാനഗന്ധർവൻ പത്മശ്രീ ഡോ.കെ.ജെ.യേശുദാസല്ലാതെ മറ്റാരാണ്?