‘ബിസിനസ്സ് സെൻസുളള എ ക്ലാസ് കംപോസർ’; കെ.ജെ.ജോയിയെ ഓർത്ത് ജെറി അമൽദേവ്
Mail This Article
അന്തരിച്ച സംഗീതജ്ഞൻ കെ.ജെ.ജോയിയെ സംഗീതസംവിധായകൻ ജെറി അമൽദേവ് ഓർത്തെടുക്കുന്നത് ഇങ്ങനെ:
‘കെ.ജെ.ജോയിയുടെ പേരും പാട്ടുകളുമൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ കഴിഞ്ഞശേഷമാണ്. സംഗീത സംവിധായകനെക്കാൾ ഉപരിയായി നല്ലൊരു മനുഷ്യനായിരുന്നു. ഗ്രേറ്റ് കീബോർഡ് പ്ലേയർ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. പല സംഗീതസംവിധായകർക്കും അദ്ദേഹം അസിസ്റ്റ് ചെയ്തിട്ടുണ്ട്. അവരെല്ലാം ജോയിയുടെ കീബോർഡിനു വേണ്ടി കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.
പൂവിരിയും പുലരി എന്ന സിനിമയ്ക്കു വേണ്ടി ഞാൻ അദ്ദേഹത്തെ കീബോർഡ് വായിക്കാൻ ക്ഷണിക്കുകയും വളരെ മനോഹമായി വായിക്കുകയും ചെയ്തു. സംഗീതസംവിധാനം കുറച്ചിട്ട് സംഗീത ഉപകരണങ്ങൾ വാടകയ്ക്ക് കൊടുക്കാനാണ് പലപ്പോഴും ജോയ് ശ്രദ്ധിച്ചിരുന്നത്. പിന്നീട് ഒരു സ്റ്റുഡിയോയും തുടങ്ങി. വിവാഹശേഷം ഭാര്യയുമായി ചേർന്നും നല്ല നിലയിൽ ജോയ് ബിസിനസ്സ് നടത്തിയിരുന്നു. മദ്രാസിൽ നിന്നും ഞാൻ പോയ ശേഷം ജോയിയെ അധികം കാണുമായിരുന്നില്ല. എന്റെ ഓർമകളിൽ തിളങ്ങുന്ന നക്ഷത്രമായി ജോയ് എന്നുമുണ്ടാകും.
മലയാളത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും വിട്ടുനിന്നാണ് അദ്ദേഹം പാട്ടുകൾ ചെയ്തിരുന്നത്. അത്തരമൊരു ശൈലിയുളളതുകൊണ്ടാണ് ഹിന്ദിയിലൊക്കെ ചാൻസ് കിട്ടിയത്. ഇലക്ട്രോണിക്ക് സൗണ്ട് സംഗീതസംവിധാനത്തിൽ കൃത്യമായി അദ്ദേഹം ഉപയോഗിച്ചിരുന്നു. എന്തെങ്കിലും വെറുതെ വായിച്ചിട്ട് അവിടെയും ഇവിടെയും കുത്തിയാൽ വ്യത്യസ്തമായ ശബ്ദങ്ങളൊക്കെ വരും. അതിനെ ടെക് എന്നൊക്കെ പറയും. ഇപ്പോഴത്തെ പിള്ളേർ ചെയ്യുന്ന പാട്ടിനൊന്നും കഴമ്പില്ല. വർണശബളമായ സ്വരങ്ങൾ വരുന്നുണ്ടെങ്കിലും എന്താണ് സ്വരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. പക്ഷേ ജോയ്‌യുടെ പാട്ടുകൾ അങ്ങനെയായിരുന്നില്ല. മനുഷ്യൻ മെഷീന്റെ മുതുകത്ത് കയറി അതിനെകൊണ്ട് വേണ്ടതു പോലെ ചെയ്യിക്കണം. എ ക്ലാസ് കംപോസറായിരുന്നു ജോയ്. ഭൂരിപക്ഷം സംഗീതസംവിധായകർക്കും ഇല്ലാത്ത ബിസിനസ്സ് സെൻസ് അദ്ദേഹത്തിനുണ്ടായിരുന്നു. പാട്ടും ബിസിനസ്സും ഒരുമിച്ച് കൊണ്ടുപോകാൻ ജോയിക്കു കഴിഞ്ഞിരുന്നു.