മലയാളിക്ക് പാട്ടിന്റെ സമൃദ്ധി നൽകിയ കെ.ജെ.ജോയ്; ഒരിക്കലും മരിക്കാത്ത ഈണങ്ങളിലൂടെ...
Mail This Article
70കളിലെയും 80കളിലെയും മലയാള സിനിമാ സംഗീതത്തിനു പിന്നിൽ ഒരുപാട് മുഖങ്ങളും ഈണങ്ങളുമുണ്ട്. അതിൽ കെ.ജെ.ജോയ് എന്ന സംഗീതസംവിധായകനും അദ്ദേഹത്തിന്റെ പാട്ടുകളും സുവർണ ലിപികളാൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ ടെക്നോ മ്യൂസിഷ്യനാണ് കെ.ജെ.ജോയ്. ഇന്നദ്ദേഹം വിടപറയുമ്പോൾ ബാക്കി വയ്ക്കുന്നത് തലമുറ ഭേദമില്ലാതെ മലയാളികൾ ഇന്നും താളം പിടിക്കുന്ന, നൃത്തം ചവിട്ടുന്ന, ഏറ്റു പാടുന്ന ഈണങ്ങളാണ്.
കെ.ജെ.ജോയുടെ ആദ്യത്തെ പാട്ട് 1975ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ എന്ന സിനിമയിലായിരുന്നു. ആദ്യ സിനിമ പുറത്തിറങ്ങി വളരെ വേഗം തന്നെ അദ്ദേഹത്തിന്റെ ഈണങ്ങൾക്ക് ആരാധകരുണ്ടായി. ഓർക്കസ്ട്രേഷനിൽ, ആലാപന ശൈലിയിൽ, ഈണങ്ങളുടെ ഭംഗിയിൽ ഒക്കെ മലയാള സിനിമ അതുവരെ അനുഭവിക്കാത്ത ഒരു പുതുമ അദ്ദേഹം സൃഷ്ടിച്ചു.
ഇന്നും ഭക്തിഗാന സദസ്സുകളിൽ ഒഴിവാക്കാനാകാത്ത ‘കാലിത്തൊഴുത്തിൽ പിറന്നവനേ’, ഹോണ്ടെഡ് മെലഡി എന്നൊക്കെ പറയാവുന്ന ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ’, ഇന്നും മലയാള സിനിമ ഏറ്റവും ആഘോഷിക്കുന്ന മുഖവുരയൊന്നും ആവശ്യമില്ലാത്ത ‘കസ്തൂരി മാനമിഴി’, വശ്യതയുള്ള ഈണത്തിൽ പ്രണയം പാടുന്ന ‘എൻ സ്വരം പൂവിടും ഗാനമേ’, ഖവാലിയായിരുന്ന ‘സ്വർണമീനിന്റെ’, ‘ഒരേ രാഗ പല്ലവി നമ്മൾ’, ‘എവിടെയോ കളഞ്ഞു പോയ കൗമാരം’, ‘കുങ്കുമ സന്ധ്യകൾ’, ‘അറബിക്കടലും അഷ്ടമുടിക്കായലും’ തുടങ്ങി 90കളുടെ തുടക്കം വരെ അദ്ദേഹത്തിന്റെ ഈണങ്ങൾ നിറഞ്ഞൊഴുകി.
വശ്യതയും ഒറ്റ കേൾവിയിൽ പിടിച്ചിരുത്തുന്നതുമായ ഈണങ്ങൾ മലയാളികൾ ഹൃദയത്തിലേറ്റി. മലയാളത്തിന് അക്കാലത്ത് ഒട്ടും പരിചയമില്ലാതിരുന്ന തരം ഈണങ്ങൾ ജോയ് നിരന്തരം ഇവിടെ കേൾപ്പിച്ചു തന്നു. അതിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചു. പകരം വയ്ക്കാനില്ലാത്ത ആ ഈണങ്ങൾ ഇവിടെ അവസാനിപ്പിച്ചുവെന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
മലയാളത്തിലെ ആദ്യത്തെ ടെക്നോ മ്യൂസിഷ്യൻ എന്നത് അദ്ദേഹത്തിനു കിട്ടിയ കേവലമൊരു വിളിപ്പേരല്ല. ഓർക്കസ്‌ട്രേഷൻ മുതൽ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിലെ പുതുമ വരെ അദ്ദേഹം ഇവിടെ നിരന്തരം പരീക്ഷിച്ചു കൊണ്ടേയിരുന്നു.
45 വർഷം മുൻപ് കീബോർഡ് അടക്കമുള്ള ഒരുപാട് സംഗീതോപകരണങ്ങൾ അദ്ദേഹം മലയാളികൾക്കു പരിചയപ്പെടുത്തി. സാങ്കേതിക വിദ്യകളുടെ സഹായം ഒട്ടുമില്ലാത്ത കാലത്ത് 4 ഗായകരെ വച്ച് ഒന്നിച്ച് ഖവാലി പാടിച്ചു.
അക്കോർഡിയൻ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ മികവ് പാട്ടുകളിലും പ്രകടമായിരുന്നു.
എന്തായാലും 1994ൽ ദാദയിലൂടെ അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചു. ദീർഘ കാലം അസുഖങ്ങളോടു പൊരുതി കെ.ജെ.ജോയ് വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് മലയാളികൾ ഒരു കാലത്ത് നെഞ്ചേറ്റിയ, ഇന്നും ഏറ്റു പാടുന്ന സമൃദ്ധവും സജീവവുമായ ഈണങ്ങളാണ്.