അക്കാലത്ത് സ്വന്തമായി ബെൻസ്, ഞങ്ങൾ അദ്ഭുതത്തോടെ വീക്ഷിച്ചിരുന്നു ആ പ്രതാപശാലിയെ: ഔസേപ്പച്ചൻ
Mail This Article
"ആരാധനയോടെ നോക്കി നിന്നിരുന്ന സീനിയറായിരുന്നു ജോയേട്ടൻ"- അന്തരിച്ച സംഗീതസംവിധായകൻ കെ.ജെ.ജോയ് എന്ന പ്രതിഭയെ സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഓർത്തെടുത്തത് ഇങ്ങനെ. വയലിനുമായി മദ്രാസിലെത്തിയ കാലത്ത് അദ്ഭുതത്തോടെ വീക്ഷിച്ചിരുന്ന പ്രതിഭാശാലിയായിരുന്നു കെ.ജെ.ജോയെന്ന് ഔസേപ്പച്ചൻ പറയുന്നു. തെന്നിന്ത്യൻ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ആദ്യമായി കീബോർഡ് പരിചയപ്പെടുത്തിയ അന്നത്തെ കാലത്തെ 'ന്യൂജെൻ മ്യൂസിഷ്യ'ന്റെ ഓർമകൾ മനോരമ ഓൺലൈനുമായി ഔസേപ്പച്ചൻ പങ്കുവയ്ക്കുന്നു.
ബെൻസിൽ വന്നിറങ്ങിയ പ്രതാപശാലി
ഞങ്ങളുടെ സീനിയറായിരുന്നു ജോയേട്ടൻ. അദ്ഭുതത്തോടെയാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. കെ.ജെ.ജോയ്, ജോൺസൺ, ഞാൻ– ഞങ്ങളൊക്കെ മദ്രാസിലെ ഒരു കാലഘട്ടത്തിലെ സംഗീതജ്ഞരായിരുന്നു. ഞാനും ജോൺസനും ദേവരാജൻ മാഷുടെ കീഴിലായിരുന്നു. ജോയേട്ടൻ അന്നേ മദ്രാസിലെ പ്രശസ്ത കീബോർഡ് പ്ലെയറാണ്. അക്കോർഡിയനും കീബോർഡും വായിക്കുന്ന അതിഗംഭീര ആർടിസ്റ്റ്. പ്രതിഭയുള്ള സംഗീതജ്ഞൻ! എം.എസ്.വിശ്വനാഥന് ഏറ്റവും ഇഷ്ടപ്പെട്ട സംഗീതജ്ഞനായിരുന്നു ജോയേട്ടൻ. പ്രതാപശാലിയായിരുന്നു അദ്ദേഹം. അന്നത്തെ കാലത്ത് സ്വന്തമായി ബെൻസ് കാറുണ്ടായിരുന്ന വ്യക്തികളിൽ ഒരാൾ! 45 കൊല്ലം മുൻപാണെന്നോർക്കണം. അദ്ദേഹം ബെൻസ് കാറിലായിരുന്നു റെക്കോർഡിങ്ങിനു വന്നിരുന്നത്. അന്ന് മ്യൂസിക് ഡയറക്ടേഴ്സിനു പോലും ബെൻസ് കാറില്ല.
കീബോർഡ് എന്ന അദ്ഭുതം
ഇലക്ട്രോണിക് യുഗം സംഗീതത്തിൽ ചേക്കേറിയ സമയം. ഒരു കെട്ടിടത്തിന്റെയും മുറിയുടെയും ഒക്കെ വലുപ്പമുള്ള കംപ്യൂട്ടറുകളായിരുന്നല്ലോ ആദ്യം ഉണ്ടായിരുന്നത്. ആദ്യം വന്ന ഇലക്ട്രോണിക് കീ ബോർഡ്, കീബോർഡ്സ് കോംബ് ഓർഗൻ എന്നു വിളിക്കുന്ന ഒന്നായിരുന്നു. നാലു പേർ വേണം ഇതൊന്നു താങ്ങിപ്പിടിച്ചു കൊണ്ടു വരാൻ! ആർക്കും സ്വന്തമായി ഇതു വാങ്ങാൻ കപ്പാസിറ്റി ഇല്ലാതിരുന്ന കാലത്ത് ജോയേട്ടൻ ഇതു കുറെ വാങ്ങി എല്ലാവർക്കും വാടകയ്ക്ക് കൊടുക്കുമായിരുന്നു. എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖറും ഇദ്ദേഹവുമാണ് അങ്ങനെ ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ റെക്കോർഡിങ്ങിന് ഒരുപാട് വായിച്ചിട്ടുണ്ട് ഞാൻ. തൃശൂർക്കാരൻ മലയാളിയെന്ന അടുപ്പം എന്നോടുണ്ടായിരുന്നു. ജോൺസനും അദ്ദേഹത്തിനു വേണ്ടി വായിക്കാൻ പോയിട്ടുണ്ട്.
മരിക്കാത്ത ഓർമകൾ
പ്രതാപശാലിയായ ജോയേട്ടനെ ഞങ്ങൾ കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം ഒരു സംഗീതസംവിധായകൻ ആകുന്നത് കണ്ടു. ഒരുപാടു നല്ല പാട്ടുകൾ അദ്ദേഹമുണ്ടാക്കി. പക്ഷേ, ഒരു സുപ്രഭാതത്തിൽ സ്ട്രോക്ക് വന്ന് അദ്ദേഹം തളർന്നു കിടപ്പായി. അതിനിടയിൽ ജോൺസൺ അകാലത്തിൽ മരണപ്പെട്ടു. ഞാൻ തൃശൂരിലേക്കു വന്നു. വല്ലപ്പോഴുമൊക്കെ ഫോൺ ചെയ്യാറുണ്ടായിരുന്നു. പഴയ കാര്യങ്ങളൊക്കെ പറയും. നല്ലൊരു സംഗീതജ്ഞനായിരുന്നു ജോയേട്ടൻ. നിർഭാഗ്യവശാൽ വർഷങ്ങളോളം വയ്യാതെ കിടക്കേണ്ടി വന്നു അദ്ദേഹത്തിന്! ഇപ്പോൾ ദൈവം അദ്ദേഹത്തെ വിളിച്ചു. മരണതുല്യമായി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണല്ലോ! എല്ലാവരും ആ വഴിയിലൂടെ തന്നെ പോകേണ്ടവരാണ്. ജോയേട്ടൻ സമാധാനമായി പോകട്ടെ!