2 മിനിറ്റ് കൊണ്ട് പുത്തഞ്ചേരി എഴുതി; ഇതളടർന്ന വഴിയിലൂടെ വന്ന ആ വസന്തം ഇപ്പോഴും സുഗന്ധം വീശുന്നില്ലേ?
Mail This Article
‘മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൗനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ ലയ കീർത്തനം...’
പ്രണയം എന്താണെന്നതു നിർവചനങ്ങൾക്കതീതമാണ്. പലർക്കും പലതാണ് പ്രണയം... പക്ഷേ പ്രണയം ബാക്കി വയ്ക്കുന്നത്, അല്ലെങ്കിൽ മുന്നോട്ടു പോകുന്നത് പ്രതീക്ഷകളിലൂടെയാണ്. മരണത്തിനുമപ്പുറം വലിയ പ്രതീക്ഷകൾ അത് ബാക്കിയാക്കുന്നു. അങ്ങനെയൊരു പ്രതീക്ഷയുടെ ഈണവും വരികളുമാണ് മായാമയൂരത്തിലെ ‘കൈക്കുടന്ന നിറയെ തിരുമധുരം തരും’ എന്ന പാട്ട്. അതിസംഘർഷവും അതിലേറെ വൈകാരികതയും ഇഴചേർന്ന സംഭവത്തിനു ശേഷമാണ് സിനിമയിൽ ഈ പാട്ട് കടന്നു വരുന്നത്. ആ സന്ദർഭത്തിന്റെ നിരാശയും പ്രതീക്ഷയും പ്രത്യാശയുമെല്ലാം ഈ പാട്ടിൽ ഭംഗിയായി പറഞ്ഞുവയ്ക്കുന്നു.
ഗിരീഷ് പുത്തഞ്ചേരി രണ്ട് മിനിറ്റ് കൊണ്ട് എഴുതി തീർത്ത പാട്ടാണ് ‘കൈക്കുടന്ന നിറയെ തിരുമധുരം തരും...’. അമ്പരപ്പിക്കുന്ന കാവ്യഭംഗിയുണ്ട് പാട്ടിലെ ഓരോ വരിയിലും. കവിത പോലെ ഒറ്റ കേൾവിയിൽ ഈ വരികൾ കേൾക്കുന്നവരുടെ മനസ്സിൽ വന്നു നിറയും. പാട്ടിൽ പറയും പോലെ ഇതളടർന്ന വഴിയിലൂടെ ഒരു വസന്തം വരുന്നതു പോലെയാണ് പാട്ട് നമ്മിലേക്കു വന്നു ചേരുന്നത്. വളരെ കുറച്ചു പാട്ടുകൾക്കു മാത്രമാണ് രഘുകുമാർ സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. അതിലൊരു ക്ലാസ്സിക് ഈണമാണ് ‘കൈക്കുടന്ന നിറയെ...’ വരികളുടെ ഭംഗി ചോരാത്ത ഈണം ഒഴുകി വന്ന് ആത്മാവ് തൊടുന്നു. ഒരു കാറ്റ് വന്ന് തലോടും പോലെയും നനുത്ത മഴത്തണുപ്പ് പടരും പോലെയും ഓരോ വരിയുടെയും താളം ഒഴുകിയെത്തും. യേശുദാസിന്റെയും ജാനകിയുടെയും പാട്ടിന്റെ ആത്മാവറിഞ്ഞുള്ള ആലാപനം കൂടിയാവുമ്പോൾ മലയാളത്തിലെ അതിമനോഹരമായ പാട്ടനുഭവമായി ഇത് മാറുന്നു.
വളരെ ആഴമുള്ള, വേദനിപ്പിക്കുന്ന പ്രണയ കഥയാണ് ‘മായാമയൂരം’. സിബി മലയിലിന്റെ സംവിധാനം, രഞ്ജിത്തിന്റെ എഴുത്ത്, മോഹൻലാലിന്റെയും രേവതിയുടെയും ശോഭനയുടെയും കരളലയിപ്പിക്കുന്ന പ്രകടനം ഇവയൊക്കെ ഈ സിനിമയെ കാലാതിവർത്തിയാക്കുന്നു. സിനിമയുടെ സൗന്ദര്യത്തെ അതേപടി അനുഭവ വേദ്യമാക്കുന്നുണ്ട് ഈ പാട്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ അടിമുടി സൗന്ദര്യമായ പാട്ട് എന്നിതിനെ പറയാം.
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാർ
ആലാപനം: കെ.ജെ.യേശുദാസ്, എസ്.ജാനകി
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീഅലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
കൈക്കുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം
കൈക്കുടന്ന നിറയെ തിരുമധുരം തരും
മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില്‍
മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
ഉള്‍പ്പൂവിലെ മൌനങ്ങളില്‍
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
ഒരു നല്ല മധുരാഗ വരകീര്‍ത്തനം