ADVERTISEMENT

രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്നു പറഞ്ഞുകൊണ്ടുള്ള ഗായിക കെ.എസ്.ചിത്രയുടെ വിഡിയോ വിവാദമായതോടെ പിന്തുണ അറിയിച്ച് നടി കൃഷ്ണപ്രഭ രംഗത്ത്. ചിത്ര എന്ത് തെറ്റാണ് ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും തനിക്കു മനസ്സിലാകുന്നില്ലെന്നും രാജ്യത്ത് എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും അത് ഓർക്കുന്നതു നല്ലതായിരിക്കുമെന്നും കൃഷ്ണപ്രഭ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവർ വിശ്വസിക്കുന്ന മതത്തിൽ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്?

രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വിഡിയോ ചെയ്തതിന്റെ പേരിൽ ചിത്ര ചേച്ചിയെ മോശമായ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. വിമർശിക്കാം, അതിന് നിങ്ങൾക്ക് അവകാശമുണ്ട്! അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്നു കൂടി ഓർക്കുന്നതു നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തതു പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാൽ, പിന്നെ എന്റെ പൊന്നോ! തീർത്തും മോശമായ പദപ്രയോഗങ്ങൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്ക് എതിരായുള്ള ചില പോസ്റ്റുകൾ ഈ വിഷയമായി ബന്ധപ്പെട്ട് കണ്ടതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ ഞാൻ ചിത്ര ചേച്ചിക്ക് ഒപ്പമാണ്. അന്നും ഇന്നും എന്നും ഇഷ്ടം’, കൃഷ്ണപ്രഭ കുറിച്ചു. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.എസ്.ചിത്ര നിഷ്ഠൂരമായി സൈബർ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തെക്കുറിച്ചു പറയുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്നും ‌വിമർശനസ്വരങ്ങളുയർന്നു. ഇതിനിടെ ഗായികയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ഗായകൻ ജി.വേണുഗോപാൽ ചിത്രയെ പിന്തുണച്ച് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. 

English Summary:

Krishna Praba supports KS Chithra in controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com