തകർപ്പൻ താളത്തിൽ ‘തിരുവനന്തപുരം’ പാട്ടുമായി അയ്യർ ഇൻ അറേബ്യ; ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘തിരുവനന്തപുരമേ’ എന്നു തുടങ്ങുന്ന പാട്ടിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ആനന്ദ് മധുസൂദനൻ ഈണമൊരുക്കിയ പാട്ട് മിഥുൻ ജയരാജ്, കാർത്തിക നമ്പ്യാർ, ഭീമ എന്നിവർ ചേർന്നാലപിച്ചു.
മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘അയ്യര് കണ്ട ദുബായ്’ എന്ന പാട്ടും ആസ്വാദകഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. മനു മഞ്ജിത് ആണ് പാട്ടിനു വരികൾ കുറിച്ചത്.
വെൽത്ത് ഐ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമിക്കുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
മുഴുനീള കോമഡി എന്റർടെയ്നർ ആയാണ് ‘അയ്യർ ഇൻ അറേബ്യ’ ഒരുങ്ങുന്നത്. സിദ്ധാർഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ജോൺകുട്ടി. മനു മഞ്ജിത്തിനെക്കൂടാതെ പ്രഭ വർമ, റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണൻ എന്നിവരും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതുന്നുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ: ബിനു മുരളി, കലാസംവിധാനം: പ്രദീപ് എം.വി, മേക്കപ്പ്: സജീർ കിച്ചു, കോസ്റ്റ്യൂം: അരുൺ മനോഹർ. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.