സംഗീതപരിപാടി തുടങ്ങാൻ വൈകി; പോപ് താരം മഡോണയ്ക്കെതിരെ കേസ് കൊടുത്ത് ആരാധകർ!
Mail This Article
പോപ് താരം മഡോണയുടെ സംഗീത പരിപാടി വൈകി ആരംഭിച്ചതിനെതിരെ പരാതിയുമായി 2 ആരാധകർ. മൈക്കിൾ ഫെലോസ്, ജോനാഥൻ ഹാഡന്‍ എന്നിവരാണ് ബ്രൂക്ലിൻ ഫെഡറൽ കോടതിയിൽ ഗായികയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. സെലിബ്രേഷൻ ടൂറിന്റെ ഭാഗമായി മഡോണ നടത്തിയ സംഗീതപരിപാടിക്കെതിയാണ് പരാതി.
ബാർക്ലേസ് സെന്ററിൽ ഈ മാസം 13ന് നടന്ന പരിപാടിക്കാണ് മൈക്കിളും ജോനാഥനും ടിക്കറ്റുകളെടുത്തിരുന്നത്. രാത്രി 8 മണിക്കു തുടങ്ങുമെന്നു പറഞ്ഞ പരിപാടി രണ്ടര മണിക്കൂറിലധികം വൈകിയാണ് തുടങ്ങിയത്. അതിനാൽ തന്നെ കഴിഞ്ഞപ്പോൾ ഏറെ വൈകിയെന്നും ഇവർ ആരോപിക്കുന്നു. സംഗീതപരിപാടിക്കു ശേഷം സ്വവസതികളിലേക്കു പോകാൻ തങ്ങൾ ഏറെ ബുദ്ധിമുട്ടിയെന്നും ഗതാഗതസംവിധാനങ്ങളുടെ അപര്യാപ്തത മൂലം തങ്ങൾ അർധരാത്രിയിൽ പൊതു ഇടത്തിൽ കുടങ്ങിപ്പോയെന്നും പരാതിയിൽ പറയുന്നു.
രാത്രി വൈകി വീട്ടിലെത്തിയതിനാൽ പിറ്റേ ദിവസം വളരെ ദുസ്സഹമായിരുന്നു. ജോലിക്കു പോകാനും വീട്ടിലെ കാര്യങ്ങൾ നോക്കാനുമായി അതിരാവിലെ എഴുന്നേൽക്കേണ്ടി വന്നതുകൊണ്ട് ശരിയായ വിധത്തിൽ ഉറങ്ങാൻ സാധിച്ചില്ലെന്നും തന്മൂലം ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും മൈക്കിളും ജോനാഥനും വെളിപ്പെടുത്തി. സംഗീതപരിപാടി വൈകുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യില്ലായിരുന്നുവെന്നാണ് ഇരുവരുടെയും വാദം. തൊട്ടടുത്ത ദിവസങ്ങളിലും മഡോണയുടെ സംഗീത പരിപാടി ഏറെ വൈകിയാണ് ആരംഭിച്ചതെന്ന് മൈക്കിളും ജോനാഥനും പറയുന്നു.
ഇതാദ്യമായല്ല, മഡോണയുടെ സംഗീതപരിപാടികൾക്കെതിരെ പരാതികൾ ഉയരുന്നത്. 2019 ൽ ഗായിക പാടാൻ എത്താന്‍ വൈകിയതിനെതിരെ ഒരു ആരാധകൻ പരാതിപ്പെട്ടിരുന്നു. കരാർ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. തൊട്ടടുത്ത വർഷം ന്യൂയോർക്കിൽ നടന്ന പരിപാടിക്കെതിരെയും പരാതികളുയർന്നു. പറഞ്ഞുറപ്പിച്ചതിൽ നിന്നു മാറി മണിക്കൂറുകള്‍ വൈകിയാണ് മഡോണ എത്തിയതെന്നായിരുന്നു പരാതി. ഈ രണ്ട് പരാതികളും കോടതി പിന്നീട് തള്ളിക്കളഞ്ഞു.
അതേസമയം, ഗുരുതരമായ ബാക്ടീരിയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയിൽക്കഴിഞ്ഞ മഡോണ ആരോഗ്യം വീണ്ടെടുത്ത് സംഗീതവേദികളിൽ സജീവമായിത്തുടങ്ങിയിട്ടേയുള്ളു. ശാരീരിക അസ്വസ്ഥതകൾ ഇപ്പോഴും പൂർണമായും മാറിയിട്ടില്ല. അടുത്തിടെ യൂറോപ്യൻ സംഗീതപര്യടനത്തിനിടെയുള്ള ഗായികയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ശരീരഭാരം കുറഞ്ഞ് ക്ഷീണിതയായിരിക്കുന്ന മഡോണയെ കണ്ട് ആരാധകർ ആശങ്കപ്പെട്ടത് ചെറുതായൊന്നുമല്ല. മുൻപൊരിക്കലും മഡോണയെ അങ്ങനെ കണ്ടിട്ടില്ലാത്തതിനാൽ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് ബാക്ടീരിയ അണുബാധയെത്തുടർന്ന് മഡോണ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ശാരീരിക അസ്വസ്ഥത തോന്നിയ ഗായിക ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ആദ്യ 48 മണിക്കൂർ കോമയിലായിരുന്നു. ബോധം വന്നപ്പോൾ ഗായിക ആദ്യം അന്വേഷിച്ചത് മക്കളെയാണ്. ലോര്‍ഡ്സ് ലിയോൺ, റോക്കോ റിച്ചി, മേഴ്സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിങ്ങനെ 4 മക്കളാണ് മഡോണയ്ക്ക്. 4 പേരും അമ്മയെ പരിചരിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.
ആഴ്ചകളോളം മഡോണ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ഇതിനിടെ ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം നീട്ടിവച്ചു. മാസങ്ങൾ നീണ്ട വിശ്രമത്തിനൊടുവില്‍ ഗായിക വീണ്ടും പാട്ടുമായി ലോകവേദികളിലെത്തി. ആശുപത്രി ദിനങ്ങളെയോർത്ത് മഡോണ പൊതുവേദിയിൽ നടത്തിയ തുറന്നു പറച്ചിലുകൾ ചർച്ചയായിരുന്നു. മക്കളെയെല്ലാം ഒരുമിച്ചൊരു മുറിയിൽ കാണാന്‍ താൻ ജീവൻ വെടിയുന്നതിന്റെ വക്കിലെത്തേണ്ടിവന്നു എന്ന മഡോണയുടെ വെളിപ്പെടുത്തൽ ആരാധകരെ ഏറെ അതിശയിപ്പിച്ചു. ജീവിതത്തിലേക്കു മടങ്ങി വരാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇതു തന്റെ രണ്ടാം ജന്മമാണെന്നും മഡോണ വേദികളിൽ ആവർത്തിച്ചു.