‘അൻപ് മകളേ...’; നെഞ്ച് നീറി ഇളയരാജ; മകളുടെ കുട്ടിക്കാല ചിത്രം പങ്കിട്ട് കണ്ണീർ കുറിപ്പ്
Mail This Article
മകൾ ഭവതാരിണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നീറി സംഗീതജ്ഞന്‍ ഇളയരാജ. മകളുടെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ‘അൻപ് മകളേ’ എന്ന അടിക്കുറിപ്പോടെയാണ് ഇളയരാജയുടെ നൊമ്പര പോസ്റ്റ്.
ഇളയരാജയുടെ സമൂഹമാധ്യമ പോസ്റ്റിലെ ഭവതാരിണിയുടെ ഓർമച്ചിത്രം കണ്ട് വേദനയോടെയാണ് പലരും പ്രതികരിക്കുന്നത്. ഈ സങ്കടക്കടലിൽ നിന്നു എത്രയും വേഗം കരകയറാൻ ഇളയരാജയ്ക്കും കുടുംബത്തിനും സാധിക്കട്ടെയെന്ന് ആരാധകർ കുറിക്കുന്നു.
അർബുദ രോഗത്തെത്തുടർന്നു ചികിത്സയിൽ കഴിയവെ ജനുവരി 25നാണ് ഭവതാരിണി (47) വിടവാങ്ങിയത്. ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണ് ഏതാനും മാസം മുൻപ് ശ്രീലങ്കയിലേക്കു പോയത്. പിന്നണിഗാനശാഖയിലും സംഗീതസംവിധാനരംഗത്തും ഏറെ സജീവമായിരുന്നു ഭവതാരിണി.
മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. ആര്‍.ശബരിരാജ് ആണ് ഭര്‍ത്താവ്. അമ്മ: പരേതയായ ജീവാ രാജയ്യ. സംഗീതസംവിധായകരായ കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവർ സഹോദരങ്ങളാണ്.