ആ ബിജിഎം ഇല്ലാതെ അവരെ എങ്ങനെ ഓർക്കും? പാട്ടിനു പുതിയ മാനം നൽകിയ സംഗീതജ്ഞൻ, ഇപ്പോൾ പുനർജന്മമായി ‘പൂമാനവും’
Mail This Article
മലയാള സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറിയതിന്റെ സുവർണ ജൂബിലി നിറവിലാണ് ശ്യാം. ജയറാമിന്റെ ഗംഭീര തിരിച്ചു വരവിന്റെ പേരിലും മമ്മൂട്ടിയുടെ സർപ്രൈസ് കാമിയോകൊണ്ടും ഇതിനോടകം ശ്രദ്ധേയമായ ‘എബ്രഹാം ഓസ്‌ലർ’ എന്ന ചിത്രം തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ മലയാളം സിനിമയിൽ 50 വർഷങ്ങൾ പിന്നിടുന്ന ശ്യാമിനും അഭിമാന നിമിഷം.
39 വർഷങ്ങൾക്കു മുമ്പ് ‘നിറക്കൂട്ട്’ എന്ന സിനിമയ്ക്കായി അദ്ദേഹം ഈണമിട്ട ‘പൂമാനമേ...’ എന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്. പഴയ തലമുറയ്ക്കൊപ്പം ന്യൂജെൻ പിള്ളേരും ഈ എവർഗ്രീൻ ഗാനത്തെ നെഞ്ചോടു ചേർക്കുന്നു. നിറക്കൂട്ടിൽ പാട്ടിനു മൂന്നു പതിപ്പുകളുണ്ട്. കെ.എസ്.ചിത്ര, കെ.ജി.മാർക്കോസ്, ജി.വേണുഗോപാൽ എന്നീ ഗായകരുടെ മൂന്നു വ്യത്യസ്ത വേർഷനുകൾക്കോരോന്നിനും പ്രത്യേക ആസ്വാദകർ തന്നെയുണ്ട്.
എബ്രഹാം ഓസ്‌ലറിനു വേണ്ടി പാട്ട് റീക്രീയേറ്റ് ചെയ്യുന്നുവെന്ന് പിന്നണിപ്രവർത്തകർ വിളിച്ചറിയിച്ചപ്പോൾ അദ്ദേഹത്തിന് ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു പാട്ടെഴുതിയ പൂവച്ചൽ ഖാദർ ഉൾപ്പടെ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ക്രെഡിറ്റ് കൊടുക്കണം. സിനിമയിലെ നിർണായകമായ ഫ്ലാഷ്ബാക്ക് പ്രണയത്തിലാണ് പാട്ട് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു സിനിമകളിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേകതയും ഉണ്ട്.
ശ്യാം അന്വശരമാക്കിയ പാട്ടുകളിലേക്കും പശ്ചാത്തല സംഗീതത്തിലേക്കും പിൻതിരിഞ്ഞു നടക്കാനുള്ള സുവർണ അവസരമായി കൂടി ഇതിനെ കാണാം. ഓസ്‌ലറിനായി റീക്രീയേറ്റ് ചെയ്ത ഗാനം ഇതിനോടകം യൂട്യൂബിൽ മാത്രം ദശലക്ഷത്തിലധികം കേൾവികളുമായി ജൈത്രയാത്ര തുടരുകയാണ്. പാട്ടിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വിഡിയോ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
1974 ൽ നടൻ മധു സംവിധാനം ചെയ്ത “മാന്യശ്രീ വിശ്വാമിത്രൻ” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സ്വതന്ത്ര സംഗീതസംവിധായകനായി ശ്യാം അരങ്ങേറുന്നത്. ആദ്യ സിനിമയിലെ ‘കേട്ടില്ലെ കോട്ടയത്തൊരു മൂത്തപിള്ളേച്ചൻ’ എന്ന ഗാനത്തിലൂടെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച അദ്ദേഹം, രണ്ടു പതിറ്റാണ്ടുകളോളം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ഒരേ സമയം പാട്ടിലും പശ്ചാത്തല സംഗീതത്തിലും കയ്യൊപ്പ് ചാർത്തിയ മലയാളത്തിലെ അപൂർവം സംഗീതസംവിധായകരിൽ ഒരാളാണ് അദ്ദേഹം.
മലയാളത്തിൽ 230 ലധികം സിനിമകൾക്ക് അദ്ദേഹം ഈണമൊരുക്കി. തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും അതികായകൻമാരായ മദൻ മോഹൻ, ശ്രീരാമചന്ദ്ര, ചിത്രഗുപ്ത്, സലീൽ ചൗധരി, ശങ്കർജയകിഷൻ, ആർ.ഡി.ബർമൻ, എം.ബി.ശ്രീനിവാസൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീതസംവിധായകർക്കൊപ്പമെല്ലാം സംഗീതസംവിധാന സഹായിയായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
‘പാവാട വേണം മേലാട വേണം’, ‘മൈനാകം’, ‘വൈശാഖ സന്ധ്യ’, ‘ഒരു മധുര കിനാവിൻ ലഹരിയിൽ’, ‘പൂമാനമേ’, ‘തൊഴുതും മടങ്ങും’, ‘ശ്യാമ മേഘമേ’, ‘ഓർമതൻ വാസന്ത നന്ദന തോപ്പിൽ’, ‘രാപ്പാടി തൻ’, ‘കണ്ണും കണ്ണും തമ്മിൽ തമ്മിൽ’ എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളുള്ള എത്രയോ ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. ഇരുപതാം നൂറ്റാണ്ട്, സി.ബി.ഐ. ഡയറിക്കുറിപ്പ്, ആഗസ്റ്റ് ഒന്ന്, മൂന്നാം മുറ തുടങ്ങിയ ചിത്രങ്ങളിലൂടെ ക്രൈം ത്രില്ലർ സിനിമകളുടെ പശ്ചാത്തല സംഗീതത്തിനു മലയാളത്തിൽ പുതിയമാനം നൽകിയ സംഗീതസംവിധായകൻ കൂടിയാണ് ശ്യാം.
ഈ സിനിമകളിൽ പലതിനും തുടർച്ചയുണ്ടാകുന്നതിൽ അവയുടെ പശ്ചാത്തല സംഗീതത്തിന് ലഭിച്ച സ്വീകാര്യതയും ജനപ്രിയതയും ഒരു ഘടകമാണെന്നു പറയേണ്ടതില്ലല്ലോ. ആഗസ്റ്റ് ഒന്നിൽ നായകൻ മമ്മൂട്ടിക്കൊപ്പം പ്രതിനായക വേഷം ചെയ്ത ക്യാപ്റ്റൻ രാജുവിനായി ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. സേതുരാമയ്യർ, സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ, പെരുമാൾ തുടങ്ങിയ കഥാപാത്രങ്ങളെ ശ്യാമിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ അല്ലാതെ സങ്കൽപ്പിക്കുക അസാധ്യമാണ്.
സിനിമാ ലോകത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ ശ്യാമിനു ജനുവരി 5 ന് ചെന്നൈയിൽ നടന്ന ‘ശ്യാമസുന്ദരം’ സംഗീതനിശയിലൂടെ തെന്നിന്ത്യൻ സംഗീതലോകത്തെ സംഗീതജ്ഞരും പിന്നണിഗായകരും ആദരം അർപ്പിച്ചിരുന്നു. ചെന്നൈയിൽ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഇപ്പോഴും ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് ഈണമിടുന്നു. പ്രിയപത്നി വയലറ്റിന്റെ വേർപാട് തളർത്തിയെങ്കിലും സംഗീതത്തിനൊപ്പം അദ്ദേഹത്തിന്റെ യാത്ര തുടരുന്നു.