ശിഷ്യനെ ചെരുപ്പൂരി പൊതിരെ തല്ലി ഗായകൻ; ശേഷം വിചിത്ര ന്യായീകരണം, അണപൊട്ടി വിമർശനം
Mail This Article
പാക് ഖവാലി ഗായകന്‍ റാഹത് ഫത്തേ അലി ഖാന്‍ ശിഷ്യനെ ചെരിപ്പൂരി അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുപ്പി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ക്രൂര മർദനം. തനിക്കറിയില്ലെന്നു ശിഷ്യൻ പറഞ്ഞിട്ടും ഗായകൻ മർദനം തുടര്‍ന്നു. മുടിയിൽ കുത്തിപ്പിടിച്ചും കുനിച്ചു നിർത്തിയുമാണ് തല്ലുന്നത്. അടിയേറ്റ് ശിഷ്യൻ നിലത്തുവീണുപോയി. ഇതിനിടെ ചിലർ ഗായകനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.
സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് നാനാ ഇടങ്ങളിൽ നിന്നും റാഹത് ഫത്തേ അലി ഖാനെതിരെ വിമർശനങ്ങൾ ഉയർന്നു. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഗായകൻ തന്നെ രംഗത്തെത്തി. ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിതെന്നും അയാൾ തനിക്കു മകനെപ്പോലെയാണെന്നും റാഹത് ഫത്തേ അലി ഖാന്‍ ന്യായീകരിച്ചു. മർദനമേറ്റയാളെയും അയാളുടെ പിതാവിനെയും അടുത്തു നിര്‍ത്തിയുള്ള വിഡിയോയിലൂടെയാണ് ഗായകൻ വിശദീകരണം നല്‍കിയത്.
‘ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനു മേല്‍ എന്‍റെ സ്നേഹം വർഷിക്കും, അവൻ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ശിക്ഷിക്കും. അവന്‍ എനിക്കെന്റെ സ്വന്തം മകനെപ്പോലെയാണ്’, ഗായകൻ പറഞ്ഞു. റാഹത്ത് ഫത്തേ അലി ഖാന്‍ തനിക്കു സ്വന്തം പിതാവിനെപ്പോലെയാണെന്നും ഈ വിഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നവർ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മർദനമേറ്റയാൾ പറഞ്ഞു.