കല്യാണപ്പാട്ടുമായി നാദിർഷയുടെ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’; വിഡിയോ ശ്രദ്ധേയം
Mail This Article
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. കൊച്ചി ലുലു മാളിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളായ നമിത പ്രമോദും ദിലീപും ചേർന്നാണ് പാട്ടിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. ചിത്രത്തിന്റ നിർമാതാവ് കലന്തൂര്‍, വിഷ്ണു ഉണ്ണികൃഷ്ണൻ, കോട്ടയം നസീർ, സംവിധായകൻ റാഫി, ഷാഫി, നിർമാതാവ് ആൽവിൻ ആന്റണി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ കാഴ്ചകൾ ഒരുക്കിയ ‘കണ്ടേ ഞാൻ ആകാശത്ത്’ എന്നു തുടങ്ങുന്ന പാട്ടാണ് പുറത്തിറക്കിയത്. സുഹൈൽ കോയ പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. ഹിഷാം അബ്ദുൽ വഹാബ് ഈണമൊരുക്കി. ഹിഷാം, നാദിർഷ, മുഹമ്മദ് അനസ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്.
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനായെത്തുന്ന ചിത്രമാണ് ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ് ആണ് നായിക. ഫെബ്രുവരി 23ന് ചിത്രം പ്രദർശനത്തിനെത്തും.