മനോഹര നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ച മണിമാളിക! ആഡംബര വസതി ഉപേക്ഷിച്ച് നിക് ജൊനാസും പ്രിയങ്ക ചോപ്രയും?
Mail This Article
താരദമ്പതികളായ ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ലൊസാഞ്ചലസിലെ വീട്ടിൽ നിന്നു താമസം മാറ്റിയെന്ന് റിപ്പോർട്ട്. നേരത്തെ ഈ വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ പതിവായി താരദമ്പതികൾ പങ്കുവച്ചിരുന്നു 20 മില്യൻ ഡോളർ വിലമതിക്കുന്ന വീടാണിത്. താരദമ്പതികൾ തങ്ങളുടെ സ്വപ്നഭവനം വിറ്റെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
വിവാഹശേഷം തൊട്ടടുത്ത വർഷമാണ് പ്രിയങ്കയും നിക്കും ചേർന്ന് ലൊസാഞ്ചലസില്‍ പുത്തൻ വീട് വാങ്ങിയത്. ശേഷം അതിന്റെ മിനുക്കു പണികൾ പൂർത്തിയാക്കാൻ മാത്രം ഇരുവരും മാസങ്ങൾ ചെലവഴിച്ചു. പിന്നീടാണ് അവിടെ സ്ഥിരതാമസമാക്കിയത്. ഗൃഹപ്രേവശന ചടങ്ങുകളുടെ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയും നിക് ജൊനാസും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണെങ്കിലും ഇടവേളകളിൽ പ്രിയങ്ക ചോപ്ര ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നവീട്ടിലേക്ക് പതിവായി എത്തിയിരുന്നു. പിറന്നാള്‍ ആഘോഷങ്ങളും മറ്റും നടത്തിയിരുന്നതും അവിടെത്തന്നെ. മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകൾ ലൊസാഞ്ചലസിലെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളർത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാർ.
2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് വിവാഹസമയത്ത് ഉയർന്ന പ്രധാന വിമർശനം. 2022 ജനുവരിയിൽ ഇരുവരും വാടകഗർഭപാത്രത്തിലൂടെ മാതാപിതാക്കളായി.