ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ആൽബത്തിന് ഗ്രാമി അവാർഡ്
Mail This Article
ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ്. ‘ദിസ് മൊമെന്റ്’ എന്ന അവരുടെ ഏറ്റവും പുതിയ ആൽബത്തിനാണ് അവാർഡ്. ലൊസാഞ്ചലസിലാണ് ഗ്രാമി പുരസ്കാരം നടക്കുന്നത്.
ടെയ്‌ലറിനു നേട്ടം
സംഗീത ലോകത്തെ മികച്ച സൃഷ്ടികൾക്കുള്ള ഈ വർഷത്തെ ഗ്രാമി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘മിഡ്‌നൈറ്റ്സ്’ മികച്ച ആൽബമായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു പുരസ്കാരങ്ങൾ
2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. അതിൽ മികച്ച സോളോ പോപ് പെർഫോമൻസിനുള്ള അവാർഡ് ബില്ലി എലിഷിനെയും ടെയിലർ സ്വിഫ്റ്റിനെയും പിന്നിലാക്കി മൈലി സൈറസ് സ്വന്തമാക്കി.
ഈ വർഷത്തെ മികച്ച കൺട്രി ആൽബമായി ലെയ്‌നി വിൽസൺന്റെ ബെൽ ബോട്ടം കൺട്രിയും, മികച്ച അർബൻ ആൽബമായി കരോൾ ജിയുടെ മാനാനാ സെറ ബോണിട്ടോയും (Karol G – Mañana Será Bonito) തിരഞ്ഞെടുക്കപ്പെട്ടു.
ആർആൻഡ്ബി (റിഥം ആൻഡ് ബ്ലൂസ്) കാറ്റഗറികളിൽ, മികച്ച ഗാനമായി സ്‌നൂസും (Snooze ) പ്രോഗ്രസ്സീവ് ഗാനമായി എസ്‌ഒഎസ് (SOS), മികച്ച പെർഫോമൻസായി കോകോ ജോൺസിന്റെ ഐസിയു (ICU) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രചയിതാവ് തെറോൺ തോമസാണ്.
ഈ വർഷത്തെ ഗ്രാമി അവാർഡുകളിൽ റെക്കോർഡിങ് അക്കാദമി മൂന്ന് കാറ്റഗറികൾ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ കാറ്റഗറികളായ ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസിൽ സൗത്ത് ആഫ്രിക്കൻ ഗായിക ടൈല (Tyla), ആൾട്ടർനേറ്റീവ് ജാസ് ആൽബത്തിൽ മെഷെൽ ഡീഗോഷെല്ലോ (Meshell Ndegeocello), പോപ് ഡാൻസ് റെക്കോർഡിങ്ങിൽ കൈലി മിനോഗ് (Kylie Minogue) എന്നിവർ പുരസ്കാരങ്ങൾ സ്വന്തമാക്കി.
66ാമത് ഗ്രാമിയിൽ ഏറ്റവുമധികം പുരസ്കാരങ്ങൾ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കി സീസ (SZA) എന്നറിയപ്പെടുന്ന സൊളാന ഇമാനി റോവ് (Solána Imani rove). പോപ് ഡുവോ അല്ലെങ്കിൽ ഗ്രൂപ്പ് പെർഫോമൻസ്, മികച്ച ആർആൻഡ്ബി ഗാനം, അർബൻ കണ്ടമ്പററി ആൽബം തുടങ്ങി ഒൻപത് പുരസ്കാരങ്ങളാണ് സീസ നേടിയത്.
ഈ വർഷം 94 കാറ്റഗറികളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. തുടർച്ചയായി നാലാം തവണയും ട്രെവർ നോവയാണ് ലൊസാഞ്ചലസിൽ നടന്ന ചടങ്ങുകളിൽ അവതാരകനായെത്തിയത്. ക്രിപ്റ്റോ.കോം അരേനയിൽ വച്ച് തിങ്കളാഴ്ച ഇന്ത്യൻ സമയം 7നാണ് ചടങ്ങ് ആരംഭിച്ചത്.
പുരസ്കാരം സ്വീകരിക്കവെ ടെയ്‌ലർ സ്വിഫ്റ്റ് തന്റെ അടുത്ത ആൽബവും പ്രഖ്യാപിച്ചു. ‘ദ് ടോർച്ചേഡ് പോയറ്റ്സ് ഡിപ്പാർട്മെന്റ്’ എന്ന് പേരിട്ടിരിക്കുന്ന ആൽബം ഏപ്രിൽ 19 ന് പുറത്തിറങ്ങുമെന്നാണു പ്രഖ്യാപനം.