പെണ്ണുങ്ങളെ പ്രണയിച്ചവൾ, നിക്കിന്റെയും കാമുകി; അച്ഛനെ തഴഞ്ഞ് നന്ദി പറച്ചിൽ, ഗ്രാമിയിലെ മൈലി എന്ന ‘പുലിക്കുട്ടി’
Mail This Article
ഗ്രാമി പുരസ്കാര ശിൽപത്തിൽ ചുണ്ടമർത്തിയപ്പോൾ മൈലി റേ സൈറസ് ഉള്ളിൽ കരയുകയായിരുന്നു. ആ ശിൽപം നെഞ്ചോടുചേർത്ത് ഇടയ്ക്കിടെ അതിലേക്കു നോക്കുമ്പോൾ ആനന്ദാശ്രു അവളുടെ കാഴ്ച മറച്ചുകൊണ്ടേയിരുന്നു, ചുണ്ടുകൾ മെല്ലെ വിറച്ചു. കരിയറിലെ ആദ്യ ഗ്രാമി നേടിയതിന്റെ അടങ്ങാത്ത ആവേശവും അഭിമാനവും അവളുടെ ഉള്ളിൽ പെരുമ്പറ മുഴക്കിയിരിക്കണം. അത്രനാൾ ഇരുണ്ടുകൂടിയ നിരാശയുടെ മേഘങ്ങൾ ഘനീഭവിച്ച് നേട്ടത്തിന്റെ നെറുകയിൽ മഴയായി പെയ്തു. സംഗീതസപര്യ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മൈലി എന്ന 31കാരി പോപ് താരം സ്വന്തം പേരിനൊപ്പം ‘ഗ്രാമി വിന്നർ’ എന്നെഴുതി ചേർത്തത്.
നേട്ടങ്ങൾ പുത്തരിയല്ല, പക്ഷേ ഗ്രാമി ഇതാദ്യം
2015ലും 2022ലും ഗ്രാമിക്കു വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും വേദിയിൽ നിന്നു നിരാശയോടെ മടങ്ങേണ്ടി വന്നിട്ടുണ്ട് മൈലി സൈറസിന്. എന്നാൽ 2024 ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച ലൊസാഞ്ചലസിലെ ആ തണുത്ത പുലരി മൈലിയുടെ ഗ്രാമി നേട്ടത്തിന്റെ കുളിർമ കൂടി സമന്വയിച്ചതായിരുന്നു. ‘ഫ്ലവേഴ്സ്’ എന്ന ആൽബത്തിലൂടെയാണ് അവൾ കരിയറിലെ ആദ്യ ഗ്രാമി സ്വന്തമാക്കിയത്. റെക്കോർഡ് ഓഫ് ദ് ഇയർ, മികച്ച പോപ് സോളോ പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് മൈലിയുടെ ഗ്രാമി നേട്ടം. തൊട്ടതെല്ലാം പൊന്നാക്കിയ മൈലിക്കരികിലേക്കു ഗ്രാമി എത്താൻ വൈകിയെന്നതു യാഥാർഥ്യം തന്നെ. എന്നാൽ ബിൽബോർഡ് മ്യൂസിക് അവാർഡ്, വേൾഡ് മ്യൂസിക് അവാർഡ് ടീൻ ചോയ്സ് അവാർഡ്, ഗിന്നസ് വേൾഡ് റെക്കോർഡ് എന്നിങ്ങനെ പുരസ്കാരണങ്ങളുടെ കുത്തൊഴുക്കിൽത്തന്നെയായിരുന്നു മൈലിയുടെ ഇതുവരെയുള്ള ജീവിതം. ഇനി അതിനൊപ്പം ഗ്രാമിയുടെ അദ്ഭുത നേട്ടവും.
പേരുമാറ്റി ‘പുഞ്ചിരിച്ചവൾ’
1992 നവംബർ 23ന് ടെന്നസിയിലെ ടിഷ് സൈറസിന്റെയും നാടൻ പാട്ടുകലാകാരനായ ബില്ലി റേ സൈറസിന്റെയും മകളായിട്ടാണ് മൈലി സൈറസിന്റെ ജനനം. സ്മൈലി സൈറസ് എന്നാണ് മാതാപിതാക്കൾ മകൾക്കു നല്‍കിയ പേര്. പേര് പോലെ തന്നെ എല്ലായ്പ്പോഴും പുഞ്ചിരിച്ചു നടന്ന അവൾ പിന്നീട് പേരിലെ ഒരക്ഷരം എടുത്തു മാറ്റി മൈലി സൈറസ് എന്നു പരിഷ്കരിച്ചു. ഡിസ്നി ചാനൽ പരമ്പരയായ ഹന്നാ മൊണ്ടാനയില്‍ മുഖ്യ വേഷത്തിലെത്തിയാണ് മൈലി കലാലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പാട്ടിലേക്കും കടന്നു. ആദ്യം കലയോടു വിമുഖത പ്രകടിപ്പിച്ച മൈലിയുടെ പിതാവ് പിന്നീട് മകളുടെ പ്രതിഭ തിരിച്ചറിഞ്ഞ് ഒപ്പം നിന്നു. കൗമാരപ്രായത്തിൽ തന്നെ അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കിയ മൈലി, ‘കൗമാര രാജ്ഞി’ എന്ന വിശേഷണവും സ്വന്തമാക്കി. പാട്ടിൽ മാത്രമല്ല, അഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് മൈലി.
പരാജയപ്പെട്ട കാമുകി
സംഗീതജീവിതം സമ്പൂർണ വിജയത്തിന്റെ പാതയിലാണെങ്കിലും സ്വകാര്യജീവിതത്തിൽ പരാജയങ്ങൾ സമ്മതിക്കേണ്ടി വന്നിട്ടുണ്ട് മൈലി സൈറസിന്. നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവും പോപ് ഗായകനുമായ നിക് ജൊനാസുമായിട്ടായിരുന്നു മൈലിയുടെ ആദ്യ പ്രണയം. എന്നാൽ മാസങ്ങൾ മാത്രമായി ചുരുങ്ങിയപ്പോയി ആ ബന്ധം. പിന്നീട് കലാലോകത്തെ പലരുമായി മൈലി പ്രണയബന്ധത്തിലായെങ്കിലും ഒന്നിനു പിറകെ ഒന്നായി എല്ലാം പരാജയപ്പെട്ടു. ഹെംസ്വർത്തുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധവും വേർപിരിയലിൽ കലാശിച്ചു. താൻ സ്വവർഗാനുരാഗിയാണെന്നും ഒരിക്കൽ മൈലി വെളിപ്പെടുത്തുകയുണ്ടായി. ഇത് ലോകം ചർച്ച ചെയ്തതു ചെറുതായൊന്നുമല്ല. ഗ്രാമി നേടിയ ശേഷമുള്ള നന്ദി പ്രകാശനത്തിനിടെ തന്റെ ‘പെൺപ്രണയിനികളെ’ മൈലി അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
പാട്ടിന്റെ മാത്രമല്ല, ആഡംബരത്തിന്റെയും രാജ്ഞി
സമ്പത്തിന്റെ കാര്യത്തിൽ ലോകഗായകരോടു മത്സരിക്കുകയാണ് മൈലി സൈറസ്. 2023ലെ കണക്കു പ്രകാരം 190 മില്യൻ ഡോളറാണ് ഗായികയുടെ ആസ്തി. പ്രതിമാസം ഏകദേശം 8 ലക്ഷം ഡോളർ ഗായിക ചെലവഴിക്കുന്നു. കലാരംഗത്തു നിന്നു മാത്രമല്ല, റിയൽ എസ്റ്റേറ്റിൽ നിന്നും മൈലിക്കു വൻതുക വരുമാനമുണ്ട്. 21 ആഡംബര വാഹനങ്ങളാണ് ഗായികയ്ക്കു സ്വന്തമായുള്ളത്. 2020ൽ മെഡിറ്ററേനിയൻ ശൈലിയിൽ നിർമിച്ച ആഡംബര സൗധം മൈലി സൈറസ് സ്വന്തമാക്കി. കരിയറിലെ തിരക്കുകളൊഴിയുന്ന നേരങ്ങളിൽ ഗായിക കൂടുതലായും ഇവിടെയാണ് ചെലവഴിക്കാറ്. കൂടാതെ 33 ഏക്കർ സ്ഥലും 7000 സ്വയർഫീറ്റ് ഉള്ള ഫാം ഹൗസും ഗായികയ്ക്കു സ്വന്തമായിട്ടുണ്ട്.
എല്ലാവർക്കും നന്ദി, എന്നിട്ടും പിതാവിനെ മറന്നു
‘ഈ പുരസ്കാരം എന്നെ അതിശയിപ്പിക്കുന്നു. പക്ഷേ ഇത് എന്നിൽ മാറ്റങ്ങളൊന്നും വരുത്തില്ല. കാരണം, ഇതുവരെയും എന്റെ ജീവിതം മനോഹരമായിരുന്നു. ഇനിയങ്ങോട്ടും. ലോകത്തിലുള്ള എല്ലാവർക്കും ഗ്രാമി ലഭിക്കില്ല, അതിനർഥം ലോകത്തിലുള്ള എല്ലാവരും മോശക്കാരാണ് എന്നല്ല. എല്ലാവരും അവിശ്വസനീയരായാണ്. എന്റെ ഈ പുരസ്കാര നേട്ടം വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. പക്ഷേ എല്ലാത്തിനെയുംകാൾ പ്രധാനപ്പെട്ടതല്ല. എന്റെ നേട്ടം കാണാനെത്തിയ എല്ലാവരോടും, പ്രത്യേകിച്ച് എന്റെ മമ്മിയോടും സഹോദരിയോടും ഞാനെന്റെ സ്നേഹം അറിയിക്കുകയാണ്. പിന്നെ എന്റെ സ്വവര്‍ഗാനുരാഗികളോടും. എന്റെ പ്രണയിനികൾ കാരണമാണ് ഞാനിത്രയും സുന്ദരിയായിരിക്കുന്നത്. നന്ദി പറയുന്നതിൽ ഞാൻ ആരുടെയും പേര് വിട്ടുപോയിട്ടില്ലെന്നു തോന്നുന്നു. അടിവസ്ത്രം ധരിക്കാൻ ഞാൻ ചിലപ്പോൾ മറന്നുപോകും. എന്നാൽ ഈ വേദിയിൽ ആരോടും നന്ദി പറയാന്‍ ഞാൻ മറക്കില്ല’, എന്നാണ് ഗ്രാമി സ്വന്തമാക്കിയ ശേഷം മൈലി സൈറസ് വേദിയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. എന്നാൽ അതിൽ ഗായിക തന്റെ പിതാവ് ബില്ലിയെ പരാമർശിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്.