ജനിച്ചപ്പോഴേ മരിച്ച ‘ശക്തി’; രണ്ടാം വരവിലും ചാവുപിള്ള; ശ്വാസമായെത്തി ശങ്കർജി, ഇപ്പോൾ കൊടുങ്കാറ്റായി ഗ്രാമിയില്‍!
Mail This Article
ഇന്ത്യൻ സംഗീത ലോകം എക്കാലവും സംഗീത പ്രതിഭകളാൽ സമ്പന്നമായിരുന്നു. പക്ഷേ ഗ്രാമി പോലുള്ള വലിയ സംഗീത പുരസ്‌കാര വേദികള്‍ കുറച്ച് വർഷങ്ങൾക്കു മുൻപു വരെ നമുക്ക് അന്യമായിരുന്നു. അവിടേക്കാണ് ശങ്കർ മഹാദേവനും അദ്ദേഹത്തിന്റെ ‘ശക്തി’യും മികച്ച ഗ്ലോബൽ ബാൻഡിനുള്ള പുരസ്‌കാരവുമായി ഇന്ത്യയുടെ അഭിമാനമുയർത്തുന്നത്. ശങ്കർ മഹാദേവനും സക്കീർ ഹുസൈനുമൊപ്പം വയലിനിസ്റ്റ് ഗണേഷ് രാജഗോപാലും സെൽവഗണേഷ് വിജയരാഘവനുമാണ് ജാസ് സംഗീത പ്രതിഭ ജോൺ മക്ക്ലൂഫിൻ സ്ഥാപിച്ച ഈ ബാൻഡിലെ ഇപ്പോഴുള്ള താരങ്ങൾ. ‘ദിസ് മൊമെന്റ്’ എന്ന ശക്തിയുടെ ആൽബത്തിലെ സംഗീതമാണ് ഇന്ത്യയ്ക്കു വേണ്ടി ഗ്രാമി പുരസ്കാരം നേടിയത്. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ഈ ആൽബം അതിന്റെ സംഗീതം കൊണ്ടും സാങ്കേതികമായ പൂർണത കൊണ്ടുമാണ് ഗ്രാമി പോലൊരു പുരസ്‌കാര വേദിയുടെ നെറുകയിലെത്തിയത്.
ഇന്ത്യൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേർത്ത് ലോകം ശ്രദ്ധിക്കുന്ന പരീക്ഷണങ്ങൾ നടത്തുന്ന ‘ശക്തി’ 2020 മുതൽ സജീവമാണ്. എന്നാൽ അഞ്ച് പതിറ്റാണ്ട് നീളുന്ന ചരിത്രമുണ്ട് ഈ സംഘത്തിനെന്നത് പലർക്കും അജ്ഞാതം. ജാസ് സംഗീതത്തിലെ ലെജൻഡ് ആയി ജോൺ മാക്ലൂഗൻ, സക്കീർ ഹുസൈനും ടി.എച്. വിഷ്ണുവിനും എൽ.ശങ്കറിനുമൊപ്പം 1973 ലാണ് ഈ ബാൻഡ് തുടങ്ങിയത്. ‘തുരിയാനന്ദ സംഗീത്’ എന്നായിരുന്നു ബാൻഡിന്റെ ആദ്യ പേര്. തുടക്കത്തിലെ ആവേശം അണഞ്ഞുപോയതുകൊണ്ടോ വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകൊണ്ടോ 1977ൽ ബാൻഡ് നിർജീവമായി.
പിന്നീട് 1997ൽ വീണ്ടും ഇത് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ സംഘാംഗങ്ങൾ ആരംഭിച്ചു. ബാൻഡ് തിരിച്ചുവന്നെങ്കിലും ആ രണ്ടാം വരവിന്റെ ആയുസ്സും അധികം നീണ്ടുനിന്നില്ല. 2020ൽ ശങ്കർ മഹാദേവന്റെ വരവോടെയാണ് അതുല്യ പ്രതിഭകളുടെ സംഗമ വേദിയായ ഈ ബാൻഡ് പുതിയ ഒരു ഉണർവിലേക്കെത്തുന്നത്. 2023ൽ പുറത്തിറങ്ങിയ ‘ദിസ് മൊമെന്റ്’ അടക്കം ഈ സംഘം മൂന്ന് ആൽബങ്ങൾ മാത്രമാണ് ഇത്രയും കാലം കൊണ്ട് പുറത്തിറക്കിയത്. ഇപ്പോൾ ‘ദിസ് മൊമെന്റ്’ ലോകസംഗീതത്തിന്റെ നെറുകയിൽ എത്തുമ്പോൾ ആദരിക്കപ്പെടുന്നത് ഇന്ത്യൻ സംഗീത ലോകത്തെ അദ്ഭുത പ്രതിഭകൾ.
ആമുഖങ്ങളൊന്നും ആവശ്യമില്ല ശങ്കർ മഹാദേവൻ എന്ന പ്രതിഭയ്ക്ക്. സംഗീത വേദികളിൽ, സിനിമാ സംഗീതത്തിൽ തുടങ്ങി ശങ്കർ മഹാദേവൻ തരംഗങ്ങൾ ഉണ്ടാക്കാത്ത ഇടങ്ങൾ കുറവാണ്. പാലക്കാട് കുടുംബ വേരുകളുള്ള ശങ്കർ മഹാദേവൻ മുംബൈയിലാണ് ജനിച്ചു വളർന്നത്. അഞ്ചാം വയസിൽ വീണ വായിച്ച് കൊണ്ട് കരിയർ ആരംഭിച്ചു. അന്നുമുതൽ ഇന്നുവരെ സംഗീതമാണ് അദ്ദേഹത്തിന്റെ ശ്വാസം. ലതാ മങ്കേഷ്ക്കറും ഭീംസൺ ജോഷിയും ചേർന്ന് ആദ്യമായി പാട്ട് പാടിയപ്പോൾ അതിനു വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു. അവിടെ നിന്നാണ് ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ‘കണ്ട് കൊണ്ടേൻ കണ്ട് കൊണ്ടേൻ’ എന്ന ചിത്രത്തിലെ പാട്ടിനു ദേശീയ പുരസ്‌കാരം നേടി. ബ്രീത്‌ലെസ്സിലൂടെ രാജ്യം മുഴുവൻ ശങ്കർ മഹാദേവൻ തരംഗം ആഞ്ഞടിച്ചു. ഹിന്ദി, ഇംഗ്ലിഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അദ്ദേഹത്തിന്റെ ശബ്ദം ആഴത്തിൽ പതിയാത്ത ഇടങ്ങള്‍ കുറവാണ്. സംഗീതസംവിധാനം കൊണ്ടും അദ്ദേഹം സ്വന്തം ഇടം അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ശങ്കർ മഹാദേവന്റെ ഇന്ത്യൻ സംഗീതലോകത്തെ പ്രസക്തിയെ അദ്ദേഹം ഗ്ലോബൽ ആക്കി എന്നതാണു ശ്രദ്ധേയം. ഹിന്ദുസ്ഥാനി, കർണാടക സംഗീതത്തെ ജാസ് അടക്കമുള്ള ശ്രേണികളുമായി നന്നായി തന്നെ അദ്ദേഹം കൂട്ടിയോജിപ്പിച്ചു. വീണ, ഗിറ്റാർ അടക്കമുള്ള വാദ്യോപകരണങ്ങളിലെ പ്രതിഭ കൂടി അദ്ദേഹം ഇതിനായി ഉപയോഗിച്ചു. ശങ്കർ. ഏഹ്സാൻ- ലോയ് ത്രയം ഇന്ത്യൻ സംഗീതത്തെ കൂടുതൽ ജനകീയമാക്കി. എന്തായാലും സംഗീതം കൊണ്ട് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുകയും അതോടൊപ്പം ലോകസംഗീതത്തിലെ ട്രെൻഡുകൾ ഇന്ത്യയ്ക്കു പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ബ്രീത്‌ലെസ്സും നയനയുമൊക്കെ ഇതിനുദാഹരണങ്ങളാണ്. ഒടുവിൽ ഈ പ്രതിഭ 66–ാമത് ഗ്രാമി പുരസ്‌കാരവേദിയിലും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിനൊപ്പം സക്കീർ ഹുസൈനും ജോൺ മാക്ലൂഫിനും ഇന്ത്യൻ സംഗീതത്തിന്റെ ചരിത്രവും കൂടിയാണ് ലോകത്തിന്റെ നെറുകയിൽ എത്തിയത്.