ADVERTISEMENT

‘പ്രണയത്തിന്റെ ഭക്ഷണമായ സംഗീതം തുടർന്നുകൊണ്ടേയിരിക്കൂ; അതെനിക്കു കുറച്ച് അധികമായി വിളമ്പൂ’. പ്രണയത്തിൽ സംഗീതം നിറയ്ക്കുന്ന ഇമ്പത്തെക്കുറിച്ചു പറയാൻ ഷേക്സ്പിയറുടെ വാക്കുകൾക്ക് അപ്പുറം എന്തു വേണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരാണ് ഉള്ളത്. നിത്യപ്രണയത്തിന്റെ നിറവും മണവുമായി വീണ്ടുമൊരു പ്രണയ ദിനമെത്തുമ്പോൾ ആരാണ് പ്രണയത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാതിരിക്കുക, പ്രണയ മന്ദാരങ്ങൾ പൂക്കുന്ന മാനസം മൂളുന്ന ഗാനമേതായിരിക്കും. പ്രണയാകാശങ്ങളെ സ്വപ്നം കാണുന്നവരുടെ പാട്ട്.... മടുക്കാതെ വീണ്ടും മൂളുന്ന ഗാനം..

പറഞ്ഞു തുടങ്ങിയാൽ, കടപ്പുറത്ത് ചങ്ക് പൊട്ടി പാടിനടന്ന പരീക്കുട്ടി മുതലാളിയുടെ ‘മാനസ മൈനേ’ മുതൽ ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ എന്ന പുതിയ പ്രണയ ഗാനം വരെ എത്രയോ ഗാനങ്ങളുണ്ട്. എക്കാലത്തെയും പ്രിയ ഗാനങ്ങളെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ പ്രണയത്തിന്റെയും വിരഹത്തിന്റെയും എത്രയെത്ര ഓർമകളാണ് കുട ചൂടി വരുന്നത്.

വർഷങ്ങളെത്ര കഴിഞ്ഞാലും മങ്ങാതെ, മായാതെയുണ്ട് പി.ഭാസ്ക്കരന്റെ ‘പ്രാണസഖി’. ‘എങ്കിലുമെന്നോമലാൾക്ക് താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹൽ ഞാൻ ഒരുക്കാം’ എന്നു കേൾക്കേ നിശ്ചലമാവില്ലേ ഇന്നും കാമുക ഹൃദയങ്ങൾ? ‘നിന്നെ ഞാൻ എന്ത് വിളിക്കും, ആരും പാടാത്ത പാട്ടിന്റെ മാധുര്യമെന്നോ’ ഒഎൻവിയുടെ സന്ദേഹം ഇന്നും തീരുന്നില്ലല്ലോ പ്രണയികൾക്ക്.

ഒരു പുഷ്പം മാത്രെമെൻ, രാജീവനയേനേ നീയുറങ്ങൂ, അനുരാഗിണീ ഇതായെൻ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, അറിയാതെ അറിയാതെ എന്നിലെ എന്നിൽ നീ, ശരദിന്ദുമലർദീപനാളം നീട്ടി, എത്രയോ ജന്മമായ്, പിന്നെയും പിന്നെയും ആരോ കിനാവിന്റെ..., പൊന്നുഷസ്സെന്നും... അങ്ങനെയെത്രെയെത്ര ഗാനങ്ങളിലാണ് പ്രണയിക്കുന്നവർ സ്വന്തം ആത്മാവിനെ തേടുന്നത്?

പാടിപ്പതിഞ്ഞ പഴയ ഗാനങ്ങളിൽ മാത്രമാണോ പ്രണയം കിനിയുന്നത്? പ്രണയവും വിരഹവും അനുഭവിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല പുതിയ കാലത്തെ പാട്ടുകളും. ഒരുപക്ഷേ ഈ പ്രണയദിനത്തിൽ യുവതലമുറ തിരയുന്നത് അവരുടെ ജീവിതം പറയുന്ന പുതിയ പാട്ടുകൾത്തന്നെയാകാം.

‘തനിക്ക്, പിന്നാലെ നടക്കാന്നല്ലാതെ വേറെ പണിയൊന്നുല്ലാ?’ എന്ന ചോദ്യം കേട്ടവരാകാം പല കാമുകന്‍മാരും; ജീവിതത്തിലും സിനിമയിലും. എന്നാല്‍ എനിക്ക് തന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാ ഇഷ്ടം എന്ന മാസ് മറുപടി മലയാള സിനിമ അന്നോളം പരിചയിച്ചിട്ടുള്ളതല്ല. ബാംഗ്ലൂര്‍ ഡെയ്‌സിലെ അര്‍ജുന്‍, കാമുകി സേറ എലിസബത്തിനോടു പറഞ്ഞതു പോലെ പറഞ്ഞാല്‍ പിന്നെ പ്രേമിച്ച് പോവില്ലേ ആരും? ലളിതമനോഹരമായി ആ പ്രണയം പറഞ്ഞ,

‘ഏത് കരിരാവിലും ഒരു ചെറുകസവിഴ തുന്നും കിരണമേ..

ഈ ഹൃദയ വാതിലിന്‍ പഴുതിലുമൊഴുകി വരൂ...’ എന്ന റഫീഖ് അഹമ്മദ് ഗാനം പ്രണയദിനങ്ങളില്‍ ഓര്‍ക്കാതിരിക്കുവതെങ്ങനെ?

സൗഹൃദവും സ്‌നേഹവും ഇഴനെയ്ത സിനിമയും പാട്ടും ആരും മറക്കില്ല. യുവാക്കള്‍ നെഞ്ചേറ്റുന്ന പ്രണയഗാനങ്ങളില്‍ ആദ്യ സ്ഥാനങ്ങളിൽത്തന്നെയുണ്ട് വിനീത് ശ്രീനിവാസന്റെ ‘അനുരാഗത്തിന്‍ വേളയില്‍’. തട്ടമിട്ട ആ മൊഞ്ചത്തിപെണ്ണിനെ മറക്കാനാവില്ലല്ലോ മലയാളിക്ക്. പ്രണയികളുടെ ഹരമായി മാറിയ ആ അനുരാഗ ഗാനത്തെയും.

പയ്യന്നൂര്‍ കോളജിന്റെ വരാന്തയിലൂടെ നടന്നു വന്ന് നമ്മുടെ ഹൃദയത്തിലേക്ക് ആയിഷ കയറിക്കൂടിയിട്ട് വര്‍ഷം കുറെയേറെയായി. വടക്കന്‍ കേരളത്തില്‍ മാത്രം കാണുന്ന ആ പാതിരക്കാറ്റ് തട്ടമിട്ട സുന്ദരികള്‍ക്കിടയിലൂടെ ഇപ്പോഴും പാറിക്കളിക്കുന്നുണ്ടാവണം. ക്യാംപസിനെ പ്രണയിക്കാന്‍ പഠിപ്പിച്ച പാട്ടാണത്. ‘അനുരാഗത്തിന്‍ വേളയില്‍ വരമായ് വന്നൊരു സന്ധ്യയില്‍’, മനമിപ്പോഴും പ്രേമാര്‍ദ്രമായി പാടിക്കൊണ്ടേയിരിക്കുന്നു, ഇനിയെന്റെ മാത്രം എന്റെ മാത്രമെന്ന്...

പ്രണയത്തിന്റെ മധുപാത്രവും വേര്‍പാടിന്റെ കയ്പു നീരും ചാലിച്ച 'എന്ന് നിന്റെ മൊയ്തീനിലെ' ഗാനങ്ങള്‍ പകരുന്ന സുഖം ഒന്നു വേറെ തന്നെയാണ്. ആ സിനിമയ്ക്കായി പശ്ചാത്തല സംഗീതമൊരുക്കുമ്പോള്‍ പെട്ടെന്ന് ഒരു പാട്ടു കൂടി ആവശ്യമായി വന്നു. ഹമ്മിങ് പാടാനായി സ്റ്റുഡിയോയിലെത്തിയയാള്‍ക്ക് ഒരു ഈണം നല്‍കി പാട്ട് എഴുതാനാവശ്യപ്പെട്ടു സംഗീതസംവിധായകന്‍ ഗോപിസുന്ദര്‍. ഒരു നിരാശാ കാമുകന്റെ ഭാവത്തിലിരുന്ന ചെറുപ്പക്കാരന്‍ 'എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ' എന്ന് എഴുതിയപ്പോള്‍ ഞെട്ടിയത് പക്ഷേ ഗോപി സുന്ദര്‍ തന്നെയാണ്. സിനിമയുടെ ജീവന്‍ ആ പാട്ടിലുണ്ടെന്നും സംഗീത ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷമാണ് ഈ പാട്ടുണ്ടാക്കിയതെന്നും പറയും അദ്ദേഹം.

ചങ്കിനുള്ളില്‍ നിന്നുമെന്നപോലെയാണ് മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ ആ വരികളെഴുതി ആലപിച്ചത്. ഇന്നോളം കേട്ട പ്രണയസംബോധനകളെ നിഷ്പ്രഭമാക്കിയില്ലേ എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ... ഏതു പ്രണയിയെയും അസൂയപ്പെടുത്തുന്ന പ്രണയമുള്ള മുക്കത്തെ കാഞ്ചനമാലയും മൊയ്തീനും.. എന്റെ കിത്താബിലേ പെണ്ണേ.. എന്ന് പാടുന്നൊരാളിനായ് കാഞ്ചനമാലയെപ്പോലെ ജീവനും ജീവിതവും മാറ്റിവയ്ക്കാന്‍ കൊതിക്കും ആരും.

ആത്മാവിലെ വാനങ്ങളില്‍ മാലാഖയായ് നീ വന്ന നാള്‍... കേട്ടമാത്രയില്‍ ഹൃദയം തരളമായല്ലോ കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചന്റെ ആത്മസംഘര്‍ഷങ്ങള്‍. ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാന്‍ വയ്യാതെ.. വയ്യാതെ നെഞ്ചം നീറുന്നിതാ.. ദാമ്പത്യത്തിലെ പ്രണയ നൊമ്പരങ്ങളെ എത്ര മനോഹരമായാണ് ബി.കെ ഹരിനാരായണന്‍ അവതരിപ്പിച്ചത്.

ഇഷ്ടം മുറുകുമ്പോള്‍ അരവിന്ദന്റെ അതിഥികളിലെ നായികയെപ്പോലെ പ്രണയിനി പറയുമല്ലോ ‘പോരാമേ നിന്‍ കൂടെ കാതങ്ങള്‍ ദൂരെ’ എന്ന്.. ഹരിയുടെ തന്നെ മറ്റൊരു മനോഹര ഗാനം.

നീ മുകിലോ പുതുമഴമണിയോ

 

തൂവെയിലോ ഇരുളല നിഴലോ

 

അറിയില്ലിന്നു നീയെന്ന ചാരുത..

 

അറിയാമിന്നിതാണെന്റെ ചേതന..

ഉയരെ എന്ന ചിത്രത്തിലെ റഫീഖ് അഹമ്മദ്–ഗോപി സുന്ദര്‍ ടീം ഒരുക്കിയ മനോഹരഗാനം. സിതാര, വിജയ് യേശുദാസ് എന്നിവരുടെ‍ പ്രണയം തുളുമ്പുന്ന സ്വരമാധുരിയിൽ പ്രത്യേക അനുഭൂതിയായി മാറുന്നു.

ഇഷ്ഖിലെ മനോഹര പ്രണയഗാനവും വീണ്ടും വീണ്ടും കേള്‍ക്കാൻ ഇഷ്ടപ്പെടുന്നവരേറെ.. പറയുവാനിതാദ്യമായ് വരികള്‍ മായെ

മിഴികളില്‍ ഒരായിരം മഴവില്‍ പോലെ

 

ശലഭമായ് പറന്നൊരാള്‍ അരികില്‍ ചേരും...

പതിയെ ഞാന്‍ തൊടുന്നതും അവളോ മായും..... ജോ പോളിന്റെ വരികൾക്ക് ജേക്സ് ബിജോയുടെ സംഗീതം, നേഹ.എസ്.നായരും സിദ് ശ്രീറാമും പാടി ഹിറ്റാക്കിയ പാട്ടിനെ ആരും പ്രണയിച്ച് പോവും

ഒരു കൗമാര പ്രണയത്തിന്റെ എല്ലാ അഴകും ചേരുന്നുണ്ട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ജാതിക്കത്തോട്ടത്തില്‍. സുഹൈല്‍ കോയ എന്ന പുതിയ ഗാനരചയിതാവിന്റെ എഴുത്തില്‍ കൗതുകത്തിന്റെ ഭംഗിയുണ്ട്.

ജാതിക്കാത്തോട്ടം

 

എജ്ജാതി നിന്റെ നോട്ടം

 

എന്റെയുള്ളില്‍ പന്തുപോലൊരു ഉരുണ്ടു കേറ്റം

 

കണ്ടാ കള്ളപ്പെരുമാറ്റം.

എഴുത്തിലെ പുതുമയെ മനോഹരമാക്കിയ ജസ്‌റ്റിന്‍ വര്‍ഗീസിന്റെ ഈണവും ഈ പാട്ടിന് ആസ്വാദകരെകൂട്ടി.

സൂരജ് സന്തോഷ്, മധുവന്തി നാരായണന്‍ എന്നിവരുടെ ആലാപനത്തിലെ മാധുര്യം കൊണ്ടും വിഷ്ണു വിജയ് ഒരുക്കിയ സംഗീതത്തിന്റെ മായാജാലം കൊണ്ടും വരികള്‍ കൊണ്ടും പ്രണയികളായ ആരാധകര്‍ ഏറെയുണ്ട് അമ്പിളിയിലെ ‘ആരാധികേ...’ എന്ന പാട്ടിന്.

ആരാധികേ മഞ്ഞുതിരും വഴിയരികേ

 

നാളേറെയായ് കാത്തു കാത്തു മിഴി നനയേ

വിനായക് ശശികുമാറിന്റെ ചന്തമുള്ള വരികൾ പ്രണയത്തിന്റെ അജ്ഞാത തീരങ്ങളിലേക്ക് നമ്മുടെ കൈ പിടിക്കുന്നു. നീയെങ്ങ് പോകിലും, അകലേക്കു മായ്കിലും... എന്നാശകൾ തൻ മൺ തോണിയുമായ് തുഴഞ്ഞരി കേ വരാം.. എന്നു കേൾക്കുമ്പോഴത്തെ സുഖം എങ്ങനെയാണു പറഞ്ഞറിയിക്കുക.

പ്രണയത്തിന്റെ മാസ്മരിക ഭാവങ്ങൾ പകർന്ന പത്മരാജൻ പുതു തലമുറയ്ക്കു പരിചിതനാണല്ലോ.

മണ്ണാർത്തൊടിയിലെ ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും ഈയവസരത്തിൽ  ഓർക്കാതെയെങ്ങനെ? 

കാലത്തെ അതിജീവിച്ച് പ്രണയസുഗന്ധം പരത്തുന്ന ആത്മാക്കൾ!

ജയകൃഷ്ണൻ: മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുവല്ലേ?

 

അങ്ങനെ കൂടിക്കൂടി... ഒരു ദിവസം ഇതങ്ങു മറക്കും

 

ക്ലാര: മറക്കുവായിരിക്കും.. അല്ലേ?

 

ജയകൃഷ്ണൻ: പിന്നേ... മറക്കാതെ..

 

ക്ലാര: പക്ഷേ ..എനിക്ക് മറക്കണ്ട

തൂവാനത്തുമ്പികളിലെ ‘മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി’ എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികളില്‍ എല്ലാമുണ്ട്.. പെട്ടന്ന് ശ്രദ്ധിക്കില്ലെങ്കിലും.... ആരാരെ ആദ്യമുണര്‍ത്തി... ആരാരുടെ നോവു പകര്‍ത്തി... ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ... അറിയില്ലല്ലോ... അറിയില്ലല്ലോ...

English Summary:

Superhit romantic songs in Malayalam Valentine's Day special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com