അതുല്യ ഈണക്കൂട്ടിന്റെ ഉടമ; പാട്ടുവഴിയിലെ ജോസി പുല്ലാട്
Mail This Article
പമ്പാനദിയുടെ ഓളങ്ങൾക്ക് ഏറെ സുപരിചിതമായ ഒരു സംഗീതമുണ്ട്, കാലങ്ങളായി മാരാമൺ മണപുറത്ത്. വിശ്വാസികൾ ഏറ്റുപാടുന്ന, ആത്മാവിനെ തൊട്ടുണർത്തുന്ന ജോസി പുല്ലാടിന്റെ ഗാനങ്ങൾ. ക്രിസ്തീയ ഭക്തിഗാനശാഖയിൽ ഏറെ സജീവമാണ് ജോസി. പ്രതിവർഷം മൂന്ന് ഗാനങ്ങള്‍ വരെ അദ്ദേഹം പ്രേക്ഷകർക്കരികിലെത്തിക്കുന്നു. മാരാമൺ കൺവെൻഷന്റെ 129ാം സമ്മേളനം തുടരുന്ന ഈയവസരത്തിൽ ജോസിയുടെ ഗാനങ്ങൾ വിശ്വാസികളുടെ ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
‘ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചതിലും’, ‘ആഴത്തിൻമീതെ ദൈവം നടന്നു’, ‘യഹോവയെ ഞാൻ എല്ലാ കാലത്തും വാഴ്ത്തും’, ‘നാഥാ നിൻ മുമ്പിൽ വന്നിടുന്നു’, ‘കനിവിൻ കരങ്ങൾ നീട്ടെണമേ’, ‘പാടിടും സ്തുതിഗീതമെന്നും’ എന്നീ പാട്ടുകളാണ് പ്രേക്ഷകസ്വീകാര്യത നേടുന്നത്. മനോരമ മ്യൂസിക് പുറത്തിറക്കിയ ഈ ഗാനങ്ങളെല്ലാം വർഷങ്ങള്‍ പിന്നിട്ടിട്ടും അതേ ശോഭയോടെ നിലനിൽക്കുന്നുവെന്നതാണ് എടുത്തപറയേണ്ട കാര്യം.
കാലം ചെയ്ത സഖറിയാസ് മാർ തെയോ ഫിലോസ് തിരുമേനി രചിച്ച ‘ഇടയൻ ആടിനെ നയിക്കും പോലെ’, ‘നാവിലുണ്ടൊരു നവ്യ ഗാനം’ എന്നീ ഗാനങ്ങളും വിശ്വാസികൾ ആത്മാവിൽ നിറഞ്ഞ് ആരാധിച്ച ഗാനങ്ങളായിരുന്നു. ഫാ.വി.ടി.ജോൺ രചിച്ച ‘എനിക്കായി തുറന്നോരുറവ’, ‘ഇടയനാം യേശുവെൻ ഇടമതിലാകയാൽ’, ‘ഉരുകി ഒഴുകും മഞ്ഞുമല പോൽ’, ‘നാദം എൻ നാദം’ എന്നിവ ജോസിയുടെ ശ്രദ്ധേയ ഗാനങ്ങളാണ്.
ക്രിസ്തീയഭക്തിഗാനശാഖയിൽ 35 വർഷം പൂർത്തിയാക്കുന്ന ജോസി പുല്ലാട്, ഇതിനകം അയ്യായിരത്തിലധികം പാട്ടുകൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിലുൾപ്പെടെ നിരവധി വേദികളിൽ ഗായകനായും തിളങ്ങി. ജോസിക്കു പൂർണപിന്തുണയുമായി കൂടെ നിൽക്കുന്ന കുടുംബവും സംഗീതത്തിന്റെ പാതയിലാണ്. മക്കളായ ജോയൽ ജോകുട്ടനും ചിപ്പി ജോയ്സും അറിയപ്പെടുന്ന ഗായകരാണ്. ഭാര്യ: ജോളി ജോസി.