ADVERTISEMENT

അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധി (എഐ)യിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്. പുതിയ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ അണിയറപ്രവർത്തകരാണ് ഗായകന്റെ ശബ്ദം അനുമതിയില്ലാതെ ചിത്രത്തിനു വേണ്ടി പുനഃസൃഷ്ടിച്ചത്. ഇതേത്തുടർന്ന് എസ്പിബിയുടെ കുടുംബം ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് വക്കീൽ നോട്ടിസ് അയച്ചു. എസ്പിബിയുടെ മകൻ എസ്.പി.കല്യാൺ ചരൺ ആണ് നോട്ടിസ് അയച്ചത്

എസ്പിബിയുടെ ശബ്‌ദത്തിന്‍റെ അനശ്വരത നിലനിര്‍ത്താന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു തങ്ങളുടെ പിന്തുണയുണ്ടാകും. എന്നാൽ വാണിജ്യ ആവശ്യങ്ങൾക്കായി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ശബ്ദം പുനഃസൃഷ്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴുണ്ടായ സംഭവത്തിൽ തങ്ങൾ നിരാശരാണെന്നും കുടുംബം വെളിപ്പെടുത്തി. ‘ഇത്തരം കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിയില്‍ തന്നെ നേരിടാനാണ് ഒരുങ്ങുന്നത്. ഏത് സാങ്കേതികവിദ്യയും മനുഷ്യരാശിക്ക് പ്രയോജനപ്പെടണം. പക്ഷേ, ആരുടെയെങ്കിലും ഉപജീവന മാര്‍ഗം തടസ്സപ്പെടുത്തും വിധത്തിലാകരുത് അത്’– എസ്.പി.ചരൺ പറഞ്ഞു.

ജനുവരി 18നാണ് കീഡാ കോളയുടെ അണിയറപ്രവർത്തകർക്കെതിരെ എസ്.പി.ചരൺ പരാതിയുമായി രംഗത്തെത്തിയത്. അനുമതിയില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതിനു ക്ഷമ പറയണമെന്നും നഷ്ടപരിഹാരവും റോയൽറ്റിയുടെ വിഹിതവും നൽകണമെന്നും ചരൺ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ വാണിജ്യ ആവശ്യത്തിന് ഐഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗായകരുടെ ശബ്ദം ഉപയോഗിക്കുന്ന പ്രവണത ഇപ്പോഴത്തെയും ഭാവിയിലെയും ഗായകരെ ബാധിക്കുമെന്നു ചരൺ പറഞ്ഞു. 

അന്തരിച്ച ഗായകരുടെ ശബ്ദം നിർമിതബുദ്ധിയിലൂടെ പുനഃസൃഷ്ടിക്കുന്നത് ഉചിതമാണോ അല്ലയോ എന്ന തരത്തിൽ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിലാണ് പുതിയ വിവാദം. അടുത്തിടെ സംഗീതസംവിധായകൻ എ.ആർ.റഹ്മാനും ഇതേ വിഷയത്തിൽ വിവാദക്കുരുക്കിലായിരുന്നു. അന്തരിച്ച ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നീ ഗായകരുടെ ശബ്ദമാണ് ‘ലാൽസലാം’ എന്ന ചിത്രത്തിലെ പാട്ടിനുവേണ്ടി റഹ്മാൻ പുനഃസൃഷ്ടിച്ചത്. ഗായകരുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് അത്തരമൊരു പരീക്ഷണത്തിനു മുതിർന്നതെന്നും അതിനു തക്കതായ പ്രതിഫലം നൽകിയെന്നും റഹ്മാൻ പിന്നീട് വിശദീകരിച്ചു. 

English Summary:

The voice of S. P. Balasubrahmanyam recreated through AI, family reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com