പെരുമലയാ, ഇപ്പോഴും പിണക്കമാണോ? എന്തിനാണ് താമരയോട് ഈ പരിഭവം?
Mail This Article
ഒരു വട്ടക്കുടയുടെ കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരേ ചേമ്പിലക്കീഴിൽ ഒരുമിച്ചു നനയാൻ, ഒരേ മരച്ചോട്ടിലെ തണലു കായാൻ, ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നേറെ കൊതിക്കുന്നൊരാൾ... ആ ഒരേ ഒരാളോടൊപ്പം ഒരുമിച്ചൊരു ലോകമില്ലാതെ പോകുന്നതിന്റെ നൊമ്പരം എന്നെങ്കിലുമൊരിക്കൽ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ആ തിരിച്ചറിവിൽ കരഞ്ഞു കുതിർന്നുപോയൊരു രാജകുമാരിയുടെ കഥ ഓർമ വരുന്നു.
പണ്ടു പണ്ടൊരു രാജകുമാരിയുണ്ടായിരുന്നു. ഡെസ്‌ഡിമോണ... അതായിരുന്നു അവളുടെ പേര്.. ഷേക്‌സ്‌പിയറിന്റെ ‘ഒഥല്ലോ’ എന്ന നാടകത്തിലെ സങ്കടനായിക...
ഇലപ്പച്ചനിറമുള്ള കുപ്പിവളയിട്ട്, അന്തിച്ചുവപ്പിന്റെ കുങ്കുമം തൊട്ട്, എന്റെ കൂടെ നടക്കുമ്പോൾ ഡെസ്ഡിമോണ ഒരു തനിനാട്ടുമ്പുറത്തുകാരിയാകും. അപ്പോഴവൾക്കു പേര് താമര. ഒഥല്ലോയെ ആധാരമാക്കി മലയാളത്തിൽ ജയരാജ് ഒരുക്കിയ ‘കളിയാട്ടം’ എന്ന ചിത്രത്തിലെ നായിക. കണ്ണൻ പെരുമലയന്റെ പ്രാണപ്രിയ... അവളെ ഓർമിക്കുമ്പോഴൊക്കെ ചുണ്ടിൽ അറിയാതെ മൂളിയെത്തുന്നൊരു പാട്ടീണമുണ്ട്..
എന്നുമെന്തിനാണെന്നോടു പരിഭവം...
പെണ്ണിനു മാത്രമാകുന്നൊരു പിണക്കമുണ്ട്. അവൾക്കു തന്റെ പ്രണയിയോടുമാത്രമാകുന്നൊരു കള്ളപ്പിണക്കം. കലപില പറഞ്ഞും കലഹിച്ചും കരഞ്ഞും കെറുവിച്ചും കൽക്കണ്ടത്തുണ്ടുപോലെ അതിമധുരം അലിഞ്ഞുതീരുന്നൊരു പെൺപിണക്കം. അല്ലെങ്കിലും പെരുമലയനോടു പിണങ്ങാൻ താമരയ്ക്കാവുന്നതെങ്ങനെ? താമരൂട്ടിയോടു പിണങ്ങാൻ പെരുമലയനു കഴിയാത്തതുപോലെ തന്നെ.
കലിയടങ്ങാത്ത കുലദൈവങ്ങളുറഞ്ഞുതുള്ളിയിറങ്ങി, ദേഹമാസകലം വസൂരിക്കലകൾ ചുട്ടികുത്തിയ പെരമലയനോടായിരുന്നല്ലോ താമരയുടെ ആദ്യ പ്രണയം; അവസാനത്തേതും. ഏറ്റവുമൊടുവിൽ എല്ലാ പിണക്കങ്ങളും പറഞ്ഞുതീർക്കാൻ അവൻ വരുന്നതും കാത്തുകാത്തിരുന്ന് ഒന്നു മയങ്ങിപ്പോയതല്ലായിരുന്നോ അവൾ? തൊട്ടുണർത്താൻ പെരുമലയനെത്തുന്നത് പ്രണയത്തിനു പകരം മരണവുമായിട്ടാണെന്നതു മാത്രം അവൾ അറിഞ്ഞില്ല. അവിശ്വാസത്തോളം മുറിവേൽപിക്കുന്ന മറ്റെന്തുണ്ട് പ്രണയത്തിൽ? പെരുമലയന് തന്നോടു തോന്നിയ അവിശ്വാസത്തിന്റെ മുറിവാഴത്തിൽ ചോര വാർന്നുവാർന്ന് താമരക്കണ്ണുകൾ മരണത്തിലേക്കു കൂമ്പിയടഞ്ഞതു സ്ക്രീനിൽ കണ്ടപ്പോൾ ഞാൻ വീണ്ടും ഡെസ്ഡിമോണയെ ഓർത്തു... ഇപ്പോഴും ഈ പാട്ടുകേൾക്കുമ്പോൾ താമരയുടെ പിണക്കം കരഞ്ഞൊഴുകിയ ആ കറുത്ത രാത്രിയോർമിക്കുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി തന്നെയാണ് വരികളെഴുതിയതും സംഗീതം നൽകിയതും. നായികാവേഷത്തിലെത്തിയ മഞ്ജു വാരിയരുടെ സ്വരവുമായി സാമ്യം തോന്നിപ്പിക്കുന്ന ഭാവനാ രാധാകൃഷ്ണന്റെ ആലാപനം. ഓർക്കസ്ട്രേഷന്റെ അമിതാവേശമില്ലാതെ മയത്തിലും മൗനത്തിലും മധുരിപ്പിക്കുന്നൊരു പാവം പാട്ട്. അല്ലെങ്കിലും ‘എന്നോടെന്തിനീ പിണക്കം’ എന്ന് ഒരിക്കലെങ്കിലും അനുരാഗിയോടു കൊഞ്ചിച്ചോദിക്കാത്തൊരു പെണ്ണുണ്ടായിരിക്കുമോ?
ഗാനം: എന്നോടെന്തിനീ പിണക്കം
ചിത്രം: കളിയാട്ടം
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം: ഭാവനാ രാധാകൃഷ്ണൻ
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
മെക്കണ്ണെഴുതിയൊരുങ്ങി
ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരിമഞ്ഞൾക്കുറി വരച്ചു
കണ്ണിൽ കാർത്തികദീപം കൊളുത്തി
പൊൻകിനാവിന്നൂഞ്ഞാലിൽ എന്തേ
നീ മാത്രമാടാൻ വന്നില്ല
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
കാൽപ്പെരുമാറ്റം കേട്ടാൽ
ഞാൻ പടിപ്പുരയോളം ചെല്ലും
കാൽത്തള കിലുങ്ങാതെ നടക്കും
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടില്ല
എന്തെ എന്നെ നീ തേടി വന്നില്ല
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരുപാടു നാളായ് കാത്തിരുന്നൂ
നീ ഒരു നോക്കു കാണാൻ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
എന്നോടെന്തിനീ പിണക്കം