ADVERTISEMENT

ഓർ ആഹിസ്താ കീജിയേ ബാതേ..

ധടക്നെ കോയി സുൻ രഹാ ഹോഗാ... 

(മൃദുവായി പറയൂ... ഹൃദയിമിടിപ്പുകൾക്കായി ആരോ കാതോർക്കുന്നുണ്ടാകാം...)

ഈ വരികൾ മൂളാത്ത പ്രണയിതാക്കൾ ചുരുക്കമായിരിക്കും. മഞ്ഞയും ചുവപ്പും ദാവണിയണിഞ്ഞ് സമീറാ റെഡ്ഡിയും പേരറിയാത്തൊരു സായിപ്പും തൊണ്ണൂറുകളിലെ കൗമാരക്കാരുടെ മനസ്സിൽ പ്രണയം നിറച്ചത് 'ആഹിസ്താ കീജിയെ' എന്ന് മൂളിക്കൊണ്ടായിരുന്നു. ഹമ്മിങ്ങിനൊപ്പം മെല്ലെയൊഴുകി മനസ്സിലേക്കിറങ്ങുന്ന പങ്കജ് ഉധാസിന്റെ ശബ്ദം. കെ പോപ്പിന്റെയും ബീറ്റിൽസിന്റെയും കാലത്തിനുമുൻപ് അന്നത്തെ പ്രണയിതാക്കളുടെ 'ദേശീയഗാന' മായി ആഹിസ്ത മാറി. നയന്റീസ് കിഡ്സിനെ പങ്കജ് ഉധാസിന്റെ ഫാനാക്കി മാറ്റിയത് ഒരുപക്ഷേ ഈയൊരു പാട്ടായിരിക്കണം. ആദ്യപ്രണയത്തിന്റെയോ നഷ്ടപ്രണയത്തിന്റെയോ നൊസ്റ്റാൾജിയയിലേക്കു കൈപിടിച്ചു കയറ്റുന്ന പങ്കജ് ഉധാസ് മാജിക്!

Read Also: അന്ന് ഉധാസ് പറഞ്ഞു, കരയാന്‍വേണ്ടി ആരും എന്റെ പാട്ട് കേള്‍ക്കരുത്; പക്ഷേ ഇന്നിതാ...! നോവിച്ച് മടക്കം

മഴത്തുള്ളി വീഴുംപോലെയുള്ള പിയാനോ സ്വരങ്ങളിൽനിന്ന് ഫ്ലൂട്ടിലേക്കും അതിനൊപ്പമലിയുന്ന ഹമ്മിങ്ങിനുമൊപ്പം അകമ്പടിയായെത്തുന്ന പങ്കജ് ഉധാസിന്റെ ഗസൽ. ഒ.ഹെൻറിയുടെ പ്രസിദ്ധ കഥയായ ദ് ഗിഫ്റ്റ് ഓഫ് മാഗിയിൽനിന്നു പ്രചോദനമുൾക്കൊണ്ട് ചിത്രീകരിച്ച പാട്ടാണിത്. ഒരു ഇന്ത്യക്കാരിയുടെയും ഓസ്ട്രേലിയക്കാരന്റെയും പ്രണയം. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ക്ലീഷേകൾ നിറഞ്ഞൊരു സാധാരണ പൈങ്കിളി പ്രണയം. പാട്ടിലൂടെ അക്കഥ പറയുന്നയാളായി ഗായകൻ പങ്കജ് ഉധാസും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മഞ്ഞുപുതപ്പിച്ച കുഞ്ഞു ഗ്ലോബിലൂടെ അവരുടെ പ്രണയം ഉധാസിന്റെ ശബ്ദത്തിൽ പെയ്തിറങ്ങുന്നു. 

ചിത്രീകരണം ഓസ്ട്രേലിയയിലായതുകൊണ്ടു മാത്രം അഭിനയിക്കാൻ സമ്മതം മൂളിയതും പിന്നീട് ആഹിസ്ത അത്രമേൽ പ്രിയപ്പെട്ടതായതുമെല്ലാം അടുത്തിടെ നായിക സമീറാ റെഡ്ഡി തുറന്നെഴുതിയിരുന്നു. ഇരുപത്തിയാറ് വർഷങ്ങൾക്കിപ്പുറവും എന്തുകൊണ്ടൊക്കെയോ ആഹിസ്താ കീജിയേ ഇപ്പോഴും പ്രണയിതാക്കളുടെ തിരച്ചിൽപ്പട്ടികയിൽ മുൻനിരയിലുണ്ട്.

English Summary:

Aur Ahista Kijiye Baatien song by Pankaj Udhas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com