നിലച്ചിട്ടും നിലയ്ക്കാതെ ആത്മാവിനെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഗസൽ; ഉധാസ്, നിങ്ങളെന്തൊരു അദ്ഭുതമാണ്!
Mail This Article
ആറുവയസ്സിൽ തുടങ്ങി 72 വയസ്സുവരെ ശാന്തമായി ഒഴുകിയൊരു ഗസൽ. ഭാഷകളും രാജ്യങ്ങളുടെ അതിരുകളും കടന്നൊഴുകി അത് ഇന്നലെ നിലച്ചിരിക്കുന്നു. നിലച്ചിട്ടും നിലയ്ക്കാതെ അതു മനുഷ്യരുടെ ആത്മാവിനെ വട്ടംചുറ്റിപ്പിടിച്ചിരിക്കുന്നു: പങ്കജ് ഉധാസ് അതാണ് ആ ഗസലിന്റെ മുഴുവൻ പേര്.
ഗുജറാത്തിലെ ജേത്പുർ ഗ്രാമത്തിൽ 1951 മേയ് 17ന് ജനനം. പിറന്നു വീണപ്പോൾ കേട്ടത് സംഗീതമാണ്. ഒറ്റക്കമ്പിയുള്ള ദിൽരുബ എന്ന സംഗീതോപകരണത്തിൽ അച്ഛൻ കേശുഭായ് ഉധാസ് വായിച്ചിരുന്നത്. ഇതേ പാട്ടുകേട്ടു വളർന്ന മൂത്ത സഹോദരൻ മൻഹർ ഉധാസും നിർമൽ ഉധാസും പാട്ടിന്റെ കൂട്ടുകാരായി. ആറാം വയസ്സിൽ ജ്യേഷ്ഠൻ മൻഹറിനൊപ്പം വേദിയിലെത്തി പങ്കജ്. രാജ്കോട്ടിലെ സംഗീത അക്കാദമിയിൽ പഠനം. പങ്കജിന്റെ വിരലുകൾ തബലയിൽ ഓടിത്തുടങ്ങി. പിന്നെ ഗുലാം ഖാദിർഖാൻ സാഹിബിനു കീഴിൽ ഹിന്ദുസ്ഥാനി പഠിച്ചു.
Read Also: ഉധാസ്, ഞങ്ങൾക്കിനിയും നനയണം നിങ്ങൾ ചൊരിഞ്ഞ ആ ഗസൽ മഴ; രവി മേനോൻ എഴുതുന്നു
കുടുംബം മുംബൈയിലേക്കു കുടിയേറി. ഗ്വാളിയർ ഘരാനയിലെ നരംഗ് നാഗ്പൂർകറിനു കീഴിൽ സംഗീതപഠനം. 1971ൽ കാമ്ന എന്ന ചിത്രത്തിൽ ആദ്യ സിനിമാഗാനം പാടി. ആറുവർഷത്തോളം സംവിധായകരുടെ പടിവാതിലുകളിൽ അവസരം തേടി അലഞ്ഞു. തിരഞ്ഞെടുത്തവഴി തെറ്റിയോ എന്നു സംശയിച്ച കാലം. ബീഗം അഖ്തറിന്റെയും മഹദി ഹസന്റെയും ഗസലുകളിൽ ലയിച്ചു നടന്നു. പിന്നെ, പാടാതിരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ, വേറിട്ട ആ ശബ്ദത്തിൽ ഗസലുകൾ പിറന്നു.
1980ൽ ആദ്യത്തെ ഗസൽ ആൽബം പുറത്തിറങ്ങി. ‘ആഹത്’. 1990ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്കു വിരുന്നായി. 2014ൽ പങ്കജിന്റെ മികച്ച ഗസലുകൾ ചേർത്ത് ഇറക്കിയ ആൽബവും ഹൃദയങ്ങളുടെ ഷെൽഫിൽ ഇടം പിടിച്ചു. 3 തവണ കേരളത്തിലെത്തി ഗസലുകൾ പാടിയിട്ടുള്ള പങ്കജ്, ജിതേഷ് സുന്ദരത്തിന്റെ സംഗീതത്തിൽ എന്നുമീ സ്വരം എന്ന ആൽബത്തിൽ പാടുകയും ചെയ്തു.
2001ൽ തുടങ്ങിയ ഖസാന എന്ന ഗസൽ ഫെസ്റ്റിവൽ പങ്കജ് ഉധാസെന്ന മനുഷ്യനെ അടയാളപ്പെടുത്തി. ഇന്ത്യയിലെ പലഭാഗത്തു നിന്നുള്ള ഗസൽ ഗായകർ വന്നു പാടി. വൻതോതിൽ പണമൊഴുകി. അതിൽ ഒരു നയാപൈസ പോലും അദ്ദേഹം എടുത്തില്ല. അർബുദം ബാധിച്ച വലിയൊരു വിഭാഗം സാധാരണക്കാരിലേക്ക് ആ പണമെത്തി; പിന്നെ, തലസീമിയ ബാധിച്ച കുഞ്ഞുങ്ങൾക്കും. എട്ടുകോടിയോളം രൂപ കാൻസർ രോഗികളെ സഹായിക്കാനായി അദ്ദേഹം സമാഹരിച്ചതു പാട്ടിലൂടെയാണ്. കാൻസർ രോഗികൾക്കായി പാടുമ്പോഴൊക്കെ ഉള്ളിൽ ഒറ്റക്കമ്പിയുള്ള ഒരു ദിൽരുബ വിങ്ങിപ്പൊട്ടി മൂളുന്നത് പങ്കജ് അറിയുന്നുണ്ടായിരുന്നു. തന്നെ പാട്ടിന്റെ മഴയിലേക്കു തള്ളിവിട്ട അച്ഛൻ കേശുഭായിയുടെ ജീവനെടുത്തതും കാൻസർ ആയിരുന്നല്ലോ...
ആ മഴ ആവോളം നനഞ്ഞ്, പിന്നിൽ മരങ്ങളെ പെയ്യാൻ വിട്ട് പങ്കജ് ഇപ്പോൾ പടികയറിപ്പോയതിനു കാരണവും അതാണല്ലോ, പാൻക്രിയാറ്റിക് കാൻസർ!.