ADVERTISEMENT

തടവറയിലെ സുന്ദരിയായ പെൺകുട്ടിയെ മോചിപ്പിച്ച നായകനായിരുന്നു അയാൾ. ജനസാമാന്യം അയാളോടു കടപ്പെട്ടിരിക്കുന്നു. പെൺകുട്ടി ഗസലാണ്, അയാൾ പങ്കജ് ഉധാസും. ഒരുകാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ഗസലിനെ പണ്ഡിതസദസ്സുകളിൽനിന്നും കൊട്ടാരക്കെട്ടുകളിൽനിന്നും മോചിപ്പിച്ച് ജനകീയമാക്കിയത് പങ്കജ് ഉധാസാണ്. ആ വലിയ പാട്ടുകാരനെക്കുറിച്ചെഴുതുമ്പോൾ ആദ്യം പറയേണ്ടത് ഇതല്ലാതെ മറ്റെന്താണ്! വലിയ വിപ്ലവമായിരുന്നു അത്. 

Read Also: അന്ന് ഉധാസ് പറഞ്ഞു, കരയാന്‍വേണ്ടി ആരും എന്റെ പാട്ട് കേള്‍ക്കരുത്; പക്ഷേ ഇന്നിതാ...! നോവിച്ച് മടക്കം

1989ൽ തിരുവനന്തപുരത്തു സൂര്യയിൽ നടന്ന ഗസൽസന്ധ്യയിലാണ് പങ്കജ് ഉധാസിനെ ആദ്യമായി കാണുന്നത്. പരിപാടി തുടങ്ങും മുൻപു തിരശീലയ്ക്കു പിന്നിലിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു. ആ വർഷത്തെ സൂര്യയിലെ ഏറ്റവും വലിയ സദസ്സ് അദ്ദേഹത്തിന്റെ പാട്ടുകേൾക്കാൻ എത്തിയവരുടേതായിരുന്നു. ‘ഇവിടെ ഗസലിന് ഇത്രയും ആരാധകരുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചു. ‘അതിനു കാരണം നിങ്ങളാണെന്നു’ ഞാൻ മറുപടി നൽകി. മൃദുവായ ഒരു ചിരിയായിരുന്നു ഉത്തരം. തന്റെ പ്രിയപ്പെട്ട ഗാനങ്ങൾക്കു ലഭിച്ച നീണ്ട കരഘോഷത്തിനു നന്ദി പറഞ്ഞ് ഉധാസ് മെല്ലെ ഹാർമോണിയത്തിൽ വിരലുകളോടിച്ചുകൊണ്ടിരുന്ന ദൃശ്യം മനസ്സിലുണ്ട്. 

പങ്കജ് ഉധാസ് (ഫെയ്സ്ബുക്)
പങ്കജ് ഉധാസ് Image Credit: Facebook/Pankaj Udhas

പിന്നീടൊരിക്കൽ സെനറ്റ് ഹാളിലും ആ സംഗീതമാന്ത്രികന്റെ ഇന്ദ്രജാലപ്രകടനം കണ്ടു. അന്ന് പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെ അത്രമേൽ പ്രണയിക്കുന്ന ഉധാസിന് അത് ആവേശം പകർന്നു. മഴയുടെ സംഗീതം കേട്ട് സ്റ്റുഡിയോയിലിരുന്ന് മ്യൂസിക് കംപോസ് ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. മഴയുടെ മധുരവും അനുരാഗവും ഇഴുകിച്ചേർന്ന പദങ്ങൾ കോർത്തിണക്കി ഉധാസ് അന്നുപാടി. തീർന്നപ്പോൾ ഹാളിനകത്തും മഴ പെയ്തുതോർന്ന പ്രതീതി. രണ്ടു സംഗീതസദസ്സുകൾ നേരിട്ടു കണ്ടശേഷം ആ മനുഷ്യൻ എന്റെ ആത്മാവിൽ കുടിയേറിയ ഗായകനായി. അന്നു പങ്കജ് ഉധാസ് പറ‍ഞ്ഞു, ‘കേരളത്തെയും മലയാളികളെയും എനിക്കിഷ്ടമാണ്. ഈ മനോഹര ഭൂമിയിൽ വന്നുപാടാൻ ഇനിയും അവസരത്തിനായി കാത്തിരിക്കുന്നു. ഇനിയും ഞാൻ വരും!’ പിന്നീടു കോഴിക്കോട്ടും കൊച്ചിയിലും പാടാനെത്തി ഉധാസ് വാക്കുപാലിച്ചു. 

ഗസലിനു മാസ്മരികതയുണ്ട്. അതിനെ തന്റെ ഹൃദയത്തോടു ചേർത്തുവച്ച് ഉധാസ് പാടുമ്പോൾ ആ സമന്വയത്തിനു വേറെ താരതമ്യമില്ല. പണ്ഡിതർ മാത്രം ആസ്വദിച്ചിരുന്ന ഗസലിനെ ഉധാസ് ആദ്യം ലളിതമാക്കി. ഭാഷയുടെ സങ്കീർണതകൾ പൊട്ടിച്ചു. ഈണത്തിലും പശ്ചാത്തല സംഗീതത്തിലും മാറ്റമേകി. പക്ഷേ, ഗസലിന്റെ അടിസ്ഥാന സങ്കൽപം മാറ്റിയില്ല. വലിയ നഗരങ്ങളിൽനിന്നു കൊച്ചുകൊച്ചു പട്ടണങ്ങളിലേക്കു ഗസലിനെ കൊണ്ടുവന്ന് അയാൾ പാടി. 

‘ആയിയേ ബാരിശോം കാ മൗസം ഹെ’ ഇതു പങ്കജ് ഉധാസിനെ പ്രശസ്തിയുടെ നെറുകയിലെത്തിച്ച പാട്ടാണ്. ഉധാസ് എല്ലാ മനുഷ്യരുടെയും പ്രിയപ്പെട്ട ഗായകനായിത്തീരുകയായിരുന്നു. അയാളുടെ വേഷവിധാനങ്ങൾപോലും ആരാധകരെ സൃഷ്ടിച്ചു. നല്ല കവിതകൾ ഹൃദയത്തിൽനിന്നു നേരിട്ടു പാടണമെന്ന് ഉധാസ് പറഞ്ഞു. ഉദാഹരണങ്ങളെത്ര വേണം? ‘സബ് കോ മാലും ഗെ കെ ഹം ശരാബീ നഹീ..’, ‘ദീവാരോം സെ മിൽകർ രോന അഛാ ലഗ്താഹെ..’, ‘ചാന്ദീ ജൈസാ രംഗ് ഹേ തേരാ’, ‘സോനോ ജൈസാ ബാൽ..’

പങ്കജ് ഉധാസ്
പങ്കജ് ഉധാസ്

സിനിമയ്ക്കുവേണ്ടിയും ഉധാസ് അദ്ഭുതങ്ങൾ സൃഷ്ടിച്ചു. ‘കാമ്ന’യെന്ന ചിത്രത്തിൽ എഴുപതുകളുടെ തുടക്കത്തിലായിരുന്നു ആദ്യഗാനം. ‘നാം’ എന്ന ചിത്രത്തിലെ ആ ഗാനം മറക്കുമോ?: ‘ചിഠി ആയി ഹേ..ചിഠി ആയി ഹേ.’ എന്തൊരു വികാരമാണ് തിരതല്ലുന്നത്. എല്ലാ ഗസൽവേദികളിലും ഉധാസ് ഇതു പാടിയിട്ടുണ്ട്. ഇല്ലെങ്കിൽ ആളുകൾ പാടിച്ചിട്ടുണ്ട്. മലയാളമണ്ണിൽ ഗസൽപ്രേമം വളർത്തിയത് പങ്കജ് ഉധാസ് അല്ലാതെ മറ്റാര്? നന്ദി ഉധാസ്, ഞങ്ങൾക്കായി ഇവിടെവന്നു പാടിയതിന്.

(ഗസൽ ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമാണ് ലേഖകൻ)

English Summary:

Ramesh Narayan opens up about Pankaj Udhas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com