എല്ലാവരും പറഞ്ഞു, ജയചന്ദ്രൻ മികച്ച ഗായകൻ; പക്ഷേ അവസരത്തിന്റെ കാര്യത്തിൽ തഴഞ്ഞു!
Mail This Article
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു.
‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം...’
എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ് സ്റ്റുഡിയോയിൽ യേശുദാസ് പാടിത്തകർക്കുമ്പോൾ കാണികളിൽ ഒരാളുടെ ഹൃദയമുരുകുന്നുണ്ട്. മനോഹരമായ ഈ ഈണങ്ങളിൽ ഒന്നുപോലും തനിക്കു പാടാൻ കിട്ടിയില്ലല്ലോ എന്നതാണ് അയാളുടെ സങ്കടം. മറ്റാരുമല്ലത്, ഗായകൻ പി.ജയചന്ദ്രൻ!
Read Also: ‘ശബ്ദത്തിനു കനമില്ല, പക്വത പോര’; ജയചന്ദ്രനെ മാറ്റണമെന്നു വിതരണക്കാരന്റെ ശാഠ്യം, ഒടുവിൽ!
വെറും ഒരു വർഷത്തിനുള്ളിൽ ആ ദുഃഖം മാറി. ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിൽ അർജുനന്റെ സംഗീതത്തിൽ (രചന– ശ്രീകുമാരൻ തമ്പി) എസ്.ജാനകിയുമൊത്ത് ‘യദുകുല രതിദേവനെവിടെ...’ എന്ന യുഗ്‌മഗാനം ജയചന്ദ്രൻ തകർത്തുപാടി.
‘താരണി മധുമഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ...’ എന്ന ജയചന്ദ്രാലാപനം ഇന്നും മലയാളിക്കു മധുരമാണ്.
‘മാനക്കേടായല്ലോ നാണക്കേടായല്ലോ
മാളികപ്പുറത്തമ്മമാരേ...’ എന്നൊരു തമാശപ്പാട്ടുകൂടി (സി.ഒ.ആന്റോയ്ക്കൊപ്പം) ഈ സിനിമയിൽ ജയചന്ദ്രന് അർജുനൻ നൽകി.
ഒരുപാടു നല്ല പാട്ടുകൾ നമുക്കു സമ്മാനിച്ച ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു റസ്റ്റ്ഹൗസ്.
ജയചന്ദ്രൻ ഒന്നാംതരം ഗായകനാണെന്ന് സംഗീതസംവിധായകരെല്ലാം പറയും. പക്ഷേ, പാട്ടു പാടിക്കുന്ന കാര്യം വരുമ്പോൾ അവർക്കൊക്കെ യേശുദാസിനെ മതി. ഇടയ്ക്ക് ഒന്നോ രണ്ടോ പാട്ട് മാത്രം ജയചന്ദ്രന്. ഏതാണ്ട് അര നൂറ്റാണ്ടായി നാം കണ്ടുകൊണ്ടിരിക്കുകയാണിത്. ജയചന്ദ്രൻ അവസരം നേടിക്കൊടുത്ത സംഗീതസംവിധായകർ പോലും അദ്ദേഹത്തെ മറന്ന അനുഭവങ്ങൾ എത്രയോ!
ജയചന്ദ്രന്റെ പ്രതിഭയോടു നീതി പുലർത്തിയ ചുരുക്കം സംഗീതസംവിധായകരേയുള്ളൂ. അതിൽ മുൻപന്തിയിലാണ് എം.കെ.അർജുനൻ. മറ്റൊരാൾ എം.എസ്.വിശ്വനാഥനാണ്. ദക്ഷിണേന്ത്യ മുഴുവൻ അടക്കിഭരിച്ച എം.എസ്.വിശ്വനാഥനെപ്പോലല്ല ഈ കൊച്ചുകേരളത്തിൽ മാത്രം വിനീതനായി ജീവിച്ച അർജുനൻ മാസ്റ്ററുടെ കാര്യം. അപ്പോൾ അദ്ദേഹം ജയചന്ദ്രനോടു കാണിച്ച വാത്സല്യത്തിനും വിശ്വാസത്തിനും വിലയൊന്നു വേറെയാണ്. തന്റെ മികച്ച ഈണങ്ങൾ നൽകി യേശുദാസിനൊപ്പം, ചിലപ്പോൾ അതിലേറെയും ജയചന്ദ്രനെ അദ്ദേഹം പരിഗണിച്ചു.
സിഐഡി നസീർ എന്ന ചിത്രത്തിലെ,
‘നിൻ മണിയറയിലെ നിർമല ശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻദേഹ മലർവള്ളി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ...’
എന്ന ഒറ്റപ്പാട്ടു മതി അർജുനൻ മാസ്റ്റർക്കു ജയചന്ദ്രനിലുള്ള വിശ്വാസം അളക്കാൻ. ഗാനമേളകളിലൊക്കെ ആളുകൾ പാടാൻ ധൈര്യപ്പെടാത്ത, സംഗീതത്തിന്റെ സൂക്ഷ്മസൗന്ദര്യങ്ങൾ ഉൾച്ചേരുന്ന ഈ ഗാനം പാടാൻ ഒരു ശാസ്ത്രീയ ശിക്ഷണവും ഇല്ലാത്ത ഒരാളെ നിയോഗിച്ചതിലും വലിയ ധൈര്യമെന്താണ്. സാമാന്യം ഉയർന്ന സ്ഥായിയിലുള്ള ഈ ഈണം എത്രയോ ഗംഭീരമായാണു ജയചന്ദ്രൻ പാടി നൽകിയിരിക്കുന്നത്. ‘എത്ര കേട്ടാലും മതിവരാത്ത’ എന്ന പ്രയോഗമൊക്കെ വിശേഷണമല്ലാതാവുന്നത് ഇവിടെയാണ്!
Read Also: ജയേട്ടൻ പറഞ്ഞു; നീട്ടിപ്പാടാം, ഫുൾ കോഴി വാങ്ങിത്തന്നാൽ; രവി മേനോൻ എഴുതുന്നു
മല്ലികപ്പൂവിൻ മധുരഗന്ധം... (ഹണിമൂൺ), ശിൽപികൾ നമ്മൾ... (പിക്നിക്), ചന്ദോദയം കണ്ടു കൈകൂപ്പി... (സിന്ധു), പകൽ വിളക്കണയുന്നു... (ഇതു മനുഷ്യനോ), നന്ത്യാർവട്ട പൂ ചിരിച്ചു... (പൂന്തേനരുവി), നക്ഷത്രമണ്ഡല നടതുറന്നു... (പഞ്ചവടി), മുത്തു കിലുങ്ങി... (അജ്ഞാതവാസം), മലരമ്പനറിഞ്ഞില്ല... (രക്തപുഷ്പം), തരിവളകൾ... (ചട്ടമ്പിക്കല്യാണി), സ്വപ്നഹാരമണിഞ്ഞെത്തും... (പിക്പോക്കറ്റ്), നീലത്തടാകത്തിലെ...(സ്വിമ്മിങ്പൂൾ), പഞ്ചവടിയിലെ വിജയശ്രീയോ... (പത്‌മവ്യൂഹം), തങ്കക്കുടമേ... (പൂന്തേനരുവി), സ്വരങ്ങൾ നിൻപ്രിയ... (കന്യാദാനം), സങ്കൽപത്തിൽ തങ്കരഥത്തിൽ... (സിഐഡി നസീർ) തുടങ്ങി എത്രയോ മധുരമനോജ്ഞ ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. (ഇവയിൽ ഭൂരിപക്ഷത്തിന്റെയും രചന ശ്രീകുമാരൻതമ്പി ആയിരുന്നു എന്ന കൗതുകവും ഉണ്ട്.)
അർധശാസ്ത്രീയം, ലളിതം, ശോകം, യുഗ്‌മം, ഹാസ്യം... അങ്ങനെ എല്ലാ ശ്രേണിയിലും പെട്ട പാട്ടുകൾ മേൽപ്പറഞ്ഞ പട്ടികയിലുണ്ട്. ഒരു പൂർണഗായകൻ എന്ന വ്യക്തിത്വത്തിലേക്ക് ജയചന്ദ്രന് വളരാൻ ഈ വ്യത്യസ്തത വലിയ ഗുണംചെയ്തു.
അർജുനൻ മാസ്റ്റർ ഈണമൊരുക്കിയ നായിക (നനയും നിൻമിഴിയോരം...), 101 ചോദ്യങ്ങൾ (ദൂരെ ദൂരെ ദൂരെ...) തുടങ്ങിയ ചിത്രങ്ങളിലും ജയചന്ദ്രൻ പാടി.
ആലാപനത്തിലൂടെ ഭാവം പകരാനുള്ള കഴിവാണ് യേശുദാസിൽ നിന്ന് ജയചന്ദ്രനെ വേറിട്ടു നിർത്തുന്ന പ്രത്യേകത. യേശുദാസ് തന്റെ പാട്ടിലേക്ക് ആസ്വാദകനെ ആവാഹിക്കുമ്പോൾ ജയചന്ദ്രന്റെ പാട്ട് കേൾവിക്കാരനിൽ ലയിക്കുന്നു. ഭാവമാണ് ഈ ലയത്തിന്റെ കാതൽ. ഈ സവിശേഷത കണ്ടറിഞ്ഞു ജയചന്ദ്രനെ ഉപയോഗിക്കാൻ കഴിഞ്ഞു എന്നിടത്താണ് എം.കെ.അർജുനനോടു ഭാവഗാനങ്ങളെ സ്നേഹിക്കുന്നവർ കടപ്പെട്ടിരിക്കുന്നത്.