ഞങ്ങൾക്ക് ഒരു രൂപ പോലും തന്നില്ല: വെളിപ്പെടുത്തി സന്തോഷ് നാരായണൻ, ‘എൻജോയ് എൻജാമി’ വീണ്ടും വിവാദത്തിൽ
Mail This Article
തെന്നിന്ത്യയിൽ തരംഗമായ ‘എൻജോയ് എൻജാമി’ പാട്ടിന്റെ പേരിൽ വീണ്ടും വിവാദം. സംഗീതസംവിധായകൻ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവൻ തുകയും എ.ആർ.റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവർക്കും ഒരു രൂപ പോലും പ്രതിഫലം നൽകിയിട്ടില്ലെന്നും സന്തോഷ് നാരായണൻ വെളിപ്പെടുത്തി. ‘എൻജോയ് എൻജാമി’ പുറത്തിറങ്ങി 3 വർഷം പിന്നിടുന്ന വേളയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു സന്തോഷ് നാരായണന്റെ തുറന്നുപറച്ചിൽ.
‘എൻജോയ് എൻജാമിയുടെ 3 വർഷങ്ങൾ. പാട്ടിന് നിങ്ങൾ ചൊരിഞ്ഞ എല്ലാ സ്നേഹത്തിനും നന്ദി. പാട്ടിന്റെ നൂറ് ശതമാനം അവകാശവും റോയൽറ്റിയും സ്വന്തമാക്കിയിരുന്നു ഞങ്ങൾ. എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു. പാട്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലും അതിനു കോടിക്കണക്കിന് ആസ്വാദകരുണ്ടെന്നും നിങ്ങൾക്കറിയാം. എന്നാൽ പാട്ടിലൂടെ ഞങ്ങൾക്ക് ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ല എന്നതാണു യാഥാർഥ്യം. പാട്ടിന് ഈണമൊരുക്കിയ എനിക്കും പാടി അഭിനയിച്ച ധീ, അറിവ് എന്നിവർക്കും ഇതുവരെ ഒറ്റ പൈസ പോലും കിട്ടിയിട്ടില്ല. ലോകപ്രശസ്ത കലാകാരൻമാർക്ക് ഈ പാട്ടിലൂടെ വലിയ നേട്ടങ്ങളുണ്ടായി. മാജ, എന്റെ യൂട്യൂബ് ചാനലിന്റെ മുഴുവൻ അധികാരവും കയ്യടക്കി വരുമാനം നേടി. എപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഈ വിഷയത്തിലുള്ള എന്റെ ആദ്യപ്രതികരണമെന്ന നിലയ്ക്കാണ് ഈ വിഡിയോ ഞാനിവിടെ പങ്കുവയ്ക്കുന്നത്’– സന്തോഷ് നാരായണൻ പറഞ്ഞു.
നാമമാത്രമായ തുകയ്ക്ക് പാട്ടുകൾ വിൽപന നടത്താതെ, പാട്ടുകളുടെ പൂർണമായ അവകാശം അതിനു പിന്നിൽ പ്രവർത്തിച്ച കലാകാരന്മാര്‍ക്കു നൽകുകയും പാട്ടിലൂടെ കിട്ടുന്ന വരുമാനം അവരുമായി പങ്കിടുകയും ചെയ്യുന്ന രീതിയിലാണ് മാജയുടെ പ്രവർത്തനം. ഇതിൻപ്രകാരം എൻജോയ് എൻജാമിയുടെ പിന്നണിപ്രവർത്തകർക്ക് മാജ പ്രതിഫലം നൽകിയില്ലെന്നാണ് ആരോപണം.
സന്തോഷ് നാരായണന്റെ വാക്കുകൾ ഇതിനകം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടുകഴിഞ്ഞു. നിരവധി പേർ സത്യമെന്തെന്ന് അന്വേഷിച്ചു രംഗത്തെത്തിയിട്ടുണ്ട്. എ.ആർ.റഹ്മാനെ ഉന്നം വച്ചാണ് ‘ലോകപ്രശസ്ത കലാകാരൻ’ എന്ന് സന്തോഷ് നാരായൺ എടുത്തുപറഞ്ഞതെന്നാണു സമൂഹമാധ്യലോകത്തിന്റെ അനുമാനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.