പാട്ടെഴുത്തുകാരിയായി നടി സുകന്യ; ഈണമൊരുക്കിയത് ശരത്
Mail This Article
പാട്ടെഴുത്തിൽ മികവ് തെളിയിച്ച് നടി സുകന്യ. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന്റെ പുതിയ ചിത്രമായ ഡിഎൻഎയ്ക്കു വേണ്ടിയാണ് സുകന്യ ഗാനരചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി നടി തമിഴ് പാട്ട് എഴുതി പൂർത്തീകരിച്ചു. മുൻപ് നിരവധി കവിതകൾക്കു വരികൾ കുറിച്ച സുകന്യ, ഇതാദ്യമായാണ് സിനിമയ്ക്കു വേണ്ടി പാട്ടെഴുതുന്നത്.
‘കണ്ണാള്ളനേ... കനാതരും കൺകളേ....’ എന്നു തുടങ്ങുന്ന സുകന്യയുടെ വരികൾക്ക് സംഗീതസംവിധായകൻ ശരത് ആണ് സംഗീതമൊരുക്കിയത്. കാർത്തിക്, ആർച്ച എന്നിവർ ചേർന്നു ഗാനം ആലപിച്ചു. യുവനടൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
ക്രൈം ത്രില്ലർ ആയാണ് ഡിഎൻഎ ഒരുങ്ങുന്നത്. ബാബു ആന്റണി, രൺജി പണിക്കർ, അജു വർഗീസ്, ലഷ്മി റായ്, ഇനിയ, റിയാസ് ഖാൻ, കോട്ടയം നസീർ, ഇർഷാദ്, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, സുധീർ, ലഷ്മി മേനോൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എ.കെ.സന്തോഷിന്റേതാണു തിരക്കഥ. രവിചന്ദ്രൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.