ADVERTISEMENT

ഒരു കാലഘട്ടത്തിന്റെ മാത്രം ഒരു ഒന്നൊന്നര പാട്ടല്ല ഇത്. പുതുതലമുറയ്ക്കും ഈ ചന്ദ്രിക നിറഞ്ഞ പാട്ടു പകരുന്ന വൈബ് വേറെ ലെവലാണ്. വരികളിലെ കുളിരും ഈണത്തിലെ തിളക്കവും മാത്രമല്ല അതിന്റെ കാരണം. എല്ലാ തലമുറയിലേക്കും ആഴത്തില്‍ തറച്ചിറങ്ങുന്ന എന്തോ ഒരിളക്കം ഈ പാട്ടിലുണ്ട്. നാലഞ്ചു ചെക്കന്മാരിങ്ങനെ കൂടിനില്‍ക്കുമ്പോള്‍ തലകുലുക്കി നടന്നു പോകുന്ന സുന്ദരി പെണ്ണിനെ കണ്ടാല്‍ ഇപ്പോഴും പാടും, ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ...  

ഇന്നും ഈ പാട്ടിന്റെ ചെറുപ്പംകൊണ്ടാവാം അതിങ്ങനെ മനസ്സുകൊണ്ടടുത്തു വന്നിരിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറില്‍ ബിച്ചു തിരുമല-എസ്.ബാലകൃഷ്ണന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടുകളൊക്കെ നിത്യസൗഗന്ധികളാണ്. എത്ര കേട്ടാലും അത് മതിവരികയേയില്ല.

ഓരോ പാട്ടും എഴുത്തുകാരന്റെ മാത്രം വ്യക്തിപരമായ ഓര്‍മകളുടെ ഉത്സവപ്പറമ്പാണല്ലോ. അത് പിന്നീട് ആസ്വാദകരുടേതായി മാറുന്ന രാസപ്രവര്‍ത്തനം നടക്കുമെന്നുമാത്രം. എങ്കിലും ഇവിടെയൊരു വ്യത്യാസമുണ്ട്. കേള്‍വിക്കാര്‍ അറിഞ്ഞതൊക്കെ പ്രണയത്തിന്റെ പ്രതീക്ഷകളായിരുന്നു. അതുകൊണ്ടാവാം കാമുകിയേക്കാള്‍ കാമുകിയാക്കാന്‍ കൊതിച്ച പെണ്ണിന്റെ പിന്നാലെയുള്ള ഓര്‍മകള്‍ പലര്‍ക്കും ഈ ഗാനം പകരുന്നത്. എന്നാല്‍ കൗതുകം അതല്ല, ബിച്ചു തിരുമല ഈ പാട്ടെഴുതിയത് തന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിയോടുള്ള വാത്സല്യം കലര്‍ന്ന സ്നേഹത്തിന്റെ ഭാഷയിലായിരുന്നു. അതിലൊരു പ്രണയത്തിന്റെ രസക്കൂട്ടും ചേര്‍ത്തിട്ടുണ്ട് എന്നു മാത്രം. അത് കൃത്യമായി തിരിച്ചറിയണമെങ്കില്‍ ആദ്യം ആ ആറുവയസ്സുകാരിയെ അറിയണം.

ബിച്ചു തിരുമല ഏറ്റുമാനൂരില്‍ പഠിക്കുന്ന കാലം. പുത്തന്‍ ലോകത്ത് അടുത്ത ചങ്ങാതിമാരൊക്കെ കുറവാണ്. പുസ്തകങ്ങള്‍ പറയുന്നത് കേള്‍ക്കുന്നതാണ് പ്രധാന വിനോദം. വീട്ടിലെത്തിയാലും നിശബ്ദത എപ്പോഴും മിണ്ടിക്കൊണ്ടിരുന്നു. ഒരു ദിവസം അടുത്ത വീട്ടില്‍ നിന്നും പാലുമായെത്തിയ കുസൃതികുടുക്കയെ ബിച്ചു തിരുമല ശ്രദ്ധിച്ചു. പുറത്ത് ആരേയും കണ്ടില്ലെങ്കില്‍ മാമാ എന്ന് ഉറക്കെ വിളിക്കും. വരാനിത്തിരി വൈകിയാല്‍ നിന്ന് അരിശം കൊള്ളും. എന്തായാലും ആ ആറു വയസ്സുകാരിയെ ബിച്ചു തിരുമലയും കാത്തിരുന്നു കണ്ടു. ഇടയ്ക്കൊക്കെ കുസൃതികാട്ടിയും അവള്‍ക്കൊപ്പം കല്ലുകളിച്ചും ആ ആത്മബന്ധം വളര്‍ത്തി.

ഉറങ്ങി ഉണരാന്‍ വൈകിയാല്‍ പിന്നെ പരാതി പറച്ചിലില്ല. കൈകുമ്പിളില്‍ വെള്ളം കൊണ്ടുവന്ന് ജനാലയിലൂടെ ബിച്ചു തിരുമലയുടെ ദേഹത്തേക്ക് തളിക്കും. വൈകുന്നേരം ബിച്ചു മാമന്‍ വരുന്ന ബസ്സ് കണ്ടാല്‍ ഓടി അടുത്തു ചെല്ലും. ആ ഇഷ്ടം വളര്‍ന്നതോടെ ഒരിക്കല്‍ വേടമലയിലെ തന്റെ വീട്ടിലേക്കും ആ കുസൃതിക്കുടുക്കയെ ബിച്ചു തിരുമല കൊണ്ടുപോയി. വേടമലയും അവിടെയുള്ള പറമ്പും കുളവുമൊക്കെ കാട്ടി അദ്ഭുതപ്പെടുത്തി. 'എന്റെ കൈപിടിച്ചു നടക്കുന്നത് അവള്‍ക്കൊരു വലിയ രസമായിരുന്നു. എനിക്കും അവള്‍ സമ്മാനിച്ചത് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണെ'ന്ന് ബിച്ചു തിരുമലയും പേരു മറന്ന ആ കുഞ്ഞനുജത്തിയെക്കുറിച്ച് പങ്കുവച്ചിട്ടുണ്ട്.

ഒരു വൈകുന്നേരം തന്റെ പ്രിയപ്പെട്ട ബിച്ചു മാമന്‍ വരുന്ന ബസ് കാത്തു നില്‍ക്കുകയാണ് അവള്‍. ദൂരെ നിന്നു ബസ് വരുന്നതു കണ്ടതും ധൃതികൂട്ടി അവള്‍ ബസ്സിനു മുന്നിലേക്ക് ചാടിയതും ഒന്നിച്ചായിരുന്നു. മരണത്തിന്റെ വണ്ടി കയറി അവള്‍ യാത്ര പോയത് ബിച്ചു തിരുമലയെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 'തീര്‍ത്തും അപ്രതീക്ഷിതമായ മരണമല്ലേ, ഞാനാകെ തളര്‍ന്നുപോയി. എന്നെ കാത്തു നിന്ന ആ കുഞ്ഞനുജത്തിയെ എല്ലാക്കാലത്തും ഞാന്‍ ഓര്‍ത്തിരുന്നു', ബിച്ചു തിരുമല ആ സംഭവം ഓര്‍ത്തെടുത്തത് ഇങ്ങനെ.

മനസ്സു കൊണ്ടടുത്തുവന്നിരിക്കും

 

നിന്നെ കനവു കണ്ടിരുന്നു ഞാനുറങ്ങും...

എസ്.ബാലകൃഷ്ണന്‍ ട്യൂണ്‍ മൂളി കൊടുക്കുമ്പോള്‍ ബിച്ചു തിരുമലയുടെ മനസ്സു നിറയെ ഓടിയെത്തിയത് കുഞ്ഞനുജത്തിയുടെ ഓര്‍മകളാണ്. പേനയും പേപ്പറുമായി മാറിയിരിക്കുമ്പോള്‍ ആ ഓര്‍മകള്‍ ആ ട്യൂണിലേക്കു കലങ്ങി മറിയുന്നപോലെ. 'മരിച്ചുപോയവരൊക്കെ നക്ഷത്രങ്ങളായി വരുമെന്നല്ലേ നമ്മുടെ സങ്കല്‍പ്പം. അങ്ങനെ എങ്കില്‍ അവളൊരു ഏകാന്ത ചന്ദ്രികയായി ഇപ്പോഴും എന്നെ കാത്ത് എവിടെയെങ്കിലും നില്‍ക്കുന്നുണ്ടായിരിക്കാം എന്നൊരു തോന്നല്‍, എന്റെ കൂട്ടും പാട്ടുമൊക്കെ കേട്ടതാണ് അവള്‍ ഒരുപാട്. ആദ്യ വരികള്‍ വേഗത്തില്‍ ഞാനെഴുതി തീര്‍ത്തു, ബിച്ചു തിരുമല പറയുന്നു. പിന്നീട് ഞാനെന്റെ ആ ചിന്തകളിലേക്കു പ്രണയത്തിന്റെ ഭാവവും കലര്‍ത്തുകയായിരുന്നു. 'എന്റെ മിഴിക്കുള്ളില്‍ നിനക്കെന്തൊരിളക്കം' എന്നൊക്കെ ഞാന്‍ അങ്ങനെ എഴുതിയതാണ്. പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ നമുക്കെപ്പോഴും പ്രിയപ്പെട്ടതാണല്ലോ. ഏകാന്ത ചന്ദ്രികേ പിന്നീട് വലിയ ഹിറ്റായി മാറിയപ്പോള്‍ വലിയ സന്തോഷം തോന്നി. കാരണം ആ പാട്ടിന്റെ ഓരോ കേള്‍വിയിലും ഞാന്‍ ആ ആറുവയസ്സുകാരിയുടെ ഓര്‍മകളിലേക്ക് ഓടി പോകുമായിരുന്നു. പ്രണയസരോവരതീരം എന്ന ഗാനം എഴുതുമ്പോഴും അവളായിരുന്നു മനസ്സില്‍.' ബിച്ചു തിരുമല പില്‍ക്കാലത്ത് ഓര്‍മകള്‍ പങ്കുവച്ചത് ഇങ്ങനെയാണ്.

English Summary:

Background story of Ekantha chandrike song from the movie In Harihar Nagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com