അന്ന് തമ്പി പറഞ്ഞു, ‘ആ പാട്ട് എന്റെ പേരിൽ പറയരുത്, അതിലെ ഒരു വാക്കുപോലും എന്റേതല്ല’!
Mail This Article
ജീവിതത്തിൽ മുൻപോ പിൻപോ പി.ഭാസ്‌കരൻ ഇങ്ങനെ ഒരാഗ്രഹം പറഞ്ഞിട്ടില്ല. പക്ഷേ, ‘വിലയ്‌ക്കു വാങ്ങിയ വീണ’ (1971) എന്ന സിനിമയുടെ പാട്ടുകൾ എഴുതാൻ ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുമ്പോൾ പി.ഭാസ്‌കരൻ പറഞ്ഞു: ‘ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരു പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ പാട്ട് ഞാൻ എഴുതിക്കൊള്ളാം.’
അനുഗൃഹീത ഗാനരചയിതാവായ പി.ഭാസ്‌കരനാണ് സൂപ്പർഹിറ്റായ ‘വിലയ്‌ക്കു വാങ്ങിയ വീണ’ നിർമിച്ചതും സംവിധാനം ചെയ്‌തതും. സംഗീതപ്രധാനമായ തന്റെ ചിത്രത്തിനു ഗാനങ്ങൾ എഴുതാൻ ഗാനരചനയിൽ അന്ന് ഏറെക്കുറെ പുതുമുഖമായ ശ്രീകുമാരൻ തമ്പിയോട് അദ്ദേഹം ആവശ്യപ്പെട്ടതു തന്നെ കൗതുകം. (ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയതും ശ്രീകുമാരൻ തമ്പി).
‘ഗാനങ്ങളെല്ലാം ഞാൻ തന്നെ എഴുതണം എന്ന് ആവശ്യപ്പെട്ടശേഷം അദ്ദേഹം പറഞ്ഞു. പടത്തിന്റെ ക്ലൈമാക്‌സ് വളരെ പ്രധാനമാണ്. അത് പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ പാട്ട് അദ്ദേഹം തന്നെ എഴുതിക്കൊള്ളാമെന്ന്’. ശ്രീകുമാരൻ തമ്പി പറയുന്നു.
തീർച്ചയായും ഇതു തമ്പിയിലുള്ള വിശ്വാസക്കുറവുകൊണ്ടല്ല. പാട്ടിൽ ക്ലൈമാക്‌സ് വരുന്ന ചുരുക്കം ചില സിനിമാനുഭവങ്ങളേ മലയാളത്തിൽ ഉള്ളൂ. അത്തരമൊരു ചരിത്രനിമിഷത്തിന്റെ ഭാഗമാകണമെന്ന് പി.ഭാസ്‌കരന് ആഗ്രഹം തോന്നിയിരിക്കാം. അല്ലെങ്കിൽ, തന്റെ ഈ പരീക്ഷണം പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ അതിനു മറ്റൊരാൾ പഴി കേൾക്കേണ്ടതില്ലന്ന ഉദ്ദേശ്യശുദ്ധിയും ആവാം.
എന്തായാലും പടവും പാട്ടും സൂപ്പർഹിറ്റായി. പാട്ട് കാലാതിവർത്തിയുമായി. ദക്ഷിണാമൂർത്തിയുടെ അഭൗമമായ സംഗീതത്തിൽ യേശുദാസ് പാടിയ,
‘കാട്ടിലെ പാഴ്‌മുളം
തണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി
തീർത്തവളേ...
ആനന്ദകാരിണീ
അമൃത ഭാഷിണീ
ഗാന വിമോഹിനീ
വന്നാലും...’
ഗാനമേളകളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും എന്നാൽ ഗായകർ പാടാൻ വിഷമിക്കുന്നതുമായ ഗാനം.!
ഒരുപാടു കഷ്‌ടപ്പെട്ട ഒരു പാട്ടുകാരൻ, തന്റെ നല്ലകാലത്ത് ഒരു സമ്പന്നയുവതിയെ ഭാര്യയാക്കാനായി കാമുകിയെ ഉപേക്ഷിക്കുന്നു. കാലം മുന്നോട്ടുപോകുമ്പോൾ മറ്റൊരു പുതുമുഖ ഗായകന്റെ പ്രസിദ്ധിയിൽ ഇയാൾക്കു ചാൻസുകൾ നഷ്‌ടപ്പെടുന്നു. ഭാര്യയായിരുന്ന ആ സമ്പന്നയുവതി ഗായകനെ ഉപേക്ഷിച്ചു പുതുമുഖ ഗായകന്റെ പിന്നാലെ പോകുന്നു. ചതിക്കു ചതി തിരിച്ചടി കിട്ടിയ ഈ ഗായകൻ എല്ലാം നഷ്‌ടപ്പെട്ട് ഒടുവിൽ ഒരു സ്‌റ്റേജിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പഴയ കാമുകിയെ കണ്ടുമുട്ടുന്നു. ഈ അന്ത്യരംഗത്തിൽ ഗായകൻ പാടുന്ന പാട്ടായാണ് ‘കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്നും...’ ഉപയോഗിച്ചിരിക്കുന്നത്.
‘മന്മനോ വീണയിൽ
നീ ശ്രുതി ചേർത്തൊരു
തന്ത്രിയിലാകവേ
തുരുമ്പു വന്നു
തലയിൽ അണിയിച്ച
രത്നകിരീടം
തറയിൽ വീണിന്ന്
തകരുന്നു....’
ഇങ്ങനെ, സിനിമയുടെ കഥ മുഴുവൻ സ്‌പർശിച്ചുപോകുന്ന അതിമനോഹരമായ രചന. നായകന്റെ തകർച്ചയും തിരിച്ചറിവും മുഴുവൻ വ്യക്‌തമാക്കുന്ന വരികൾ. (ക്ലൈമാക്‌സിലെ ഗാനം മാത്രമേ എഴുതൂ എന്നു പറഞ്ഞെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ഭാസ്‌കരൻ മാഷും ശ്രീകുമാരൻ തമ്പിയും പങ്കിട്ടെഴുതുകയായിരുന്നു. പത്തു ഗാനങ്ങളിൽ അഞ്ചു വീതം.) സ്വന്തം ഗാനങ്ങൾ മറ്റുള്ളവരുടെ പേരിൽ അറിയപ്പെടുന്ന ദുർവിധി പേറുന്ന ഗാനരചയിതാവാണു ശ്രീകുമാരൻ തമ്പി. എന്നാൽ, കാട്ടിലെ പാഴ്‌മുളം... എന്ന ഗാനത്തിൽ ഇതു വിപരീതദിശയിലായി. പി.ഭാസ്‌കരന്റെ ഈ ഗാനം തമ്പിയുടെ പേരിലാണു പലരും എണ്ണിപ്പോരുന്നത്. അതുകൊണ്ട് ഈയിടെയും ഒരു ടെലിവിഷൻ അഭിമുഖത്തിൽ തമ്പി പറഞ്ഞു. ‘ഈ ചിത്രത്തിലെ മറ്റു പല ഗാനങ്ങളും ഞാൻ എഴുതിയതാണെങ്കിലും കാട്ടിലെ പാഴ്‌മുളം തണ്ട്... എന്റെ പേരിൽ പറയരുത്. അതിലെ ഒരു വാക്കുപോലും എന്റേതല്ല’ ബ്രഹ്‌മാനന്ദന്റെ ആലാപന മികവ് വ്യക്‌തമാക്കുന്ന ‘ദേവഗായകനെ ദൈവം ശപിച്ചു...’ എന്ന ഗാനം ഈ ചിത്രത്തിലാണ്.
Read Also: സിഐഡിമാർ പാടുന്നു, തമ്പിയുടെ പാട്ടുകൾ; രവി മേനോൻ എഴുതുന്നു
ജയചന്ദ്രൻ (കളിയും ചിരിയും മാറി), എസ്.ജാനകി, (ഇനിയുറങ്ങൂ), ബി.വസന്ത (നരനായിങ്ങനെ) എന്നിവരും ഗാനങ്ങൾ ആലപിച്ചു. സംഗീതം പഠിപ്പിക്കുന്നയാളുടെ ശബ്‌ദത്തിൽ യേശുദാസിനെ പല പാട്ടുകളിൽ നാം കേട്ടിട്ടുണ്ട്. കാവ്യമേളയിലെ ‘സ്വപ്‌നങ്ങൾ, സ്വപ്‌നങ്ങളേ നിങ്ങൾ..., സർഗത്തിലെ ‘ആന്ദോളനം...’ തുടങ്ങി പല ഉദാഹരണങ്ങൾ. എന്നാൽ, യേശുദാസ് പാട്ട് പഠിക്കുന്നതായി കേട്ടിട്ടുണ്ടോ? ഈ ചിത്രത്തിന് ഇങ്ങനെയൊരു അപൂർവതയുണ്ട്. ഇതിലെ ‘സുഖമെവിടെ, ദുഃഖമെവിടെ...’ എന്ന ഗാനശകലത്തിൽ സംഗീത പഠിതാവിനാണ് യേശുദാസ് ശബ്‌ദം നൽകുന്നത്. യേശുദാസിനെ പഠിപ്പിക്കുന്ന ഗുരുവിനു ശബ്‌ദം നൽകിയിരിക്കുന്നത് ആരാണെന്നോ? സാക്ഷാൽ ദക്ഷിണാമൂർത്തി! ഗാനരചയിതാവായതുകൊണ്ട് സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെല്ലാം താൻതന്നെ പാട്ടെഴുതും എന്ന വാശിയൊന്നും പി.ഭാസ്‌കരന് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും തമ്പിയാണ് ഗാനരചന.