ബ്ലാ..ബ്ലാ..ബ്ലാ..; പരിഹാസ ശരമെയ്ത് അവർ, തരംഗമായി ആക്ഷേപഹാസ്യഗാനം
Mail This Article
വെറുതേ ബ്ലാ..ബ്ലാ..അടിക്കല്ലേ സാറേയെന്നു പറയാൻ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ, പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചില അഴകൊഴമ്പൻ ഒഴികഴിവുകൾ കേൾക്കുമ്പോൾ. പല കാരണംകൊണ്ടും നമ്മളതു നേരിട്ട് പറയാറില്ലെന്നു മാത്രം. നമ്മൾ പറയാൻ ബാക്കിവച്ച ആ ബ്ലാ...ബ്ലാ...ഇതാ ഇവിടെ ചില പാട്ടുകാർ മറയില്ലാതെ പറയുന്നു. ഗ്രാമി പുരസ്കാര നേട്ടത്തിൽ പലതവണ പങ്കാളിയായ വയലിനിസ്റ്റ് മനോജ് ജോർജും സംഘവുമാണ് ബ്ലാ...ബ്ലാ...എന്ന ആക്ഷേപഹാസ്യ ഗാനവുമായി യുട്യൂബിൽ എത്തിയിരിക്കുന്നത്. 3 ദിവസം മുൻപ് സമൂഹമാധ്യമത്തിൽ റിലീസ് ചെയ്ത ഈ മലയാളം പാട്ടിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.
കമ്പിയില്ലാതെ തകർന്നുവീണ പാലത്തിന്റെ കാര്യം ചോദിച്ചാൽ അവർ പറയും ബ്ലാ...ബ്ലാ...ബ്ലാ... തകർന്ന റോഡിലൂടെ നമ്മൾ ഓടിക്കിതയ്ക്കുന്നത് റോഡ് ടാക്സ് അടച്ചല്ലേയെന്നു ചോദിച്ചാലും അധികൃതർ പറയും ബ്ലാ...ബ്ലാ...ബ്ലാ... കിമ്പളവും കൈക്കൂലിയും വാങ്ങുന്ന ഉദ്യോഗസ്ഥരെക്കുറിച്ചു ചോദിച്ചാലും അവർ പറയും ബ്ലാ...ബ്ലാ...ബ്ലാ... ഇങ്ങനെ ഒരുപാട് ബ്ലാ...ബ്ലാ...കൾ നമ്മെ നോക്കി കളിയാക്കുന്നതിനെതിരെയാണ് ഈ പ്രതികരണം.
മനോജും ടിറ്റോ പി.തങ്കച്ചനും ചേർന്നാണ് മൂന്നര മിനിറ്റു നീളുന്ന ഈ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത്. റാപ് മ്യൂസിക്കിനെ കൂട്ടുപിടിച്ച് ഹിപ് ഹോപ് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഈ പാട്ടിന്റെ ആലാപനവും സംഗീതവും വയലിനും മനോജ് തന്നെ. ഒപ്പം നിർമൽ ആന്റണി, ഗ്ലെന്റൻ ഫ്രാൻസിസ്, റിനാൾഡ് ഈദൻ എന്നിവരുമുണ്ട്. രമേഷ് പിഷാരടിയാണ് ഗാനം പുറത്തിറക്കിയത്.