സംഗീതത്താൽ സമൃദ്ധമായ കാലഘട്ടത്തിന്റെ മറുപേര്: ശ്രീകുമാരൻ തമ്പി!
Mail This Article
ഹൃദയഗീതങ്ങളുടെ കവിയാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. അടിമുടി സിനിമയായ ഒരാൾ. ഇപ്പോൾ പഴയ കാലത്തോളം സജീവമല്ലെങ്കിലും മലയാള സിനിമയെ ഒരു കാലത്ത് പാട്ടു കൊണ്ടും വ്യത്യസ്തമായ തിരക്കഥകൾ കൊണ്ടും അനിതര സാധാരണമായ നിർമിതികൾ കൊണ്ടും അദ്ദേഹം സമ്പന്നമാക്കി.
ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാൽ മലയാള സിനിമയ്ക്ക് ഒരു ശ്രീകുമാരൻ തമ്പി കാലം ഉണ്ടായിരുന്നു. പ്രണയത്തിന്റെ കവിയാണ് ശ്രീകുമാരൻ തമ്പി. ഹൃദയസരസിലെ പ്രണയ പുഷ്പമേ എന്ന് പ്രണയിനിയെ വിളിക്കുന്ന കവി. യേശുദാസും ശ്രീകുമാരൻ തമ്പിയും ചേർന്നപ്പോൾ മലയാള സിനിമയ്ക്കും ലളിത ഗാന മേഖലയ്ക്കും കിട്ടിയത്. 'നിൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ', 'ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു', 'പൊൻവെയിൽ മണിക്കച്ച', തുടങ്ങി യേശുദാസിന്റെ ശബ്ദം കൊണ്ട് ഒരു കാലത്തെ വെള്ളിത്തിരയെ പ്രണയ സാന്ദ്രമാക്കിയത് ശ്രീകുമാരൻ തമ്പിയുടെ വരികളാണ്. പോന്നോണ തരംഗിണിയുടെ ഹിറ്റ് ആൽബങ്ങളിലും ഇവരുടെ കൂട്ടുകെട്ട് ഇതേ ചരിത്രമാവർത്തിച്ചു...
'ഉത്രാട പൂനിലാവേ വാ...' എന്നു പാടാതെ കടന്നു പോയ ഓണക്കാലങ്ങൾ മലയാളിക്കുണ്ടാവില്ല. ഒപ്പം പൂവിളി പൂവിളി പോന്നോണമായും തിരുവോണപുലരി തൻ തിരുമുൽ കാഴ്ചയായും മലയാളിയെ ഓണക്കാലത്തേക്കു കൊണ്ട് പോകുന്നു. പാതിരാമയക്കത്തിൽ എന്നു തുടങ്ങുന്ന ലളിതഗാനം സ്കൂൾ, കോളജ് കലോത്സവ വേദികളെ സജീവമാക്കിയ ഒന്നാണ്. പക്ഷിയായി മാറിയ ആദ്യാനുരാഗത്തെക്കുറിച്ച് പാടി മലയാളികളെ കരയിച്ച പാട്ടാണത്. മുടിപ്പൂക്കൾ വാടിയാലും ഒരു കാലത്തെ കാമുകന്മാരെ പ്രണയാർദ്രരാക്കി.
1600 ലേറെ പാട്ടുകൾക്ക് അദ്ദേഹം വരികൾ എഴുതി. പ്രണയവും വിരഹവും ദുഃഖവും സന്തോഷവും ആ വരികളിൽ നിറഞ്ഞു. എം.എസ്.വിശ്വനാഥ്, ദക്ഷിണാമൂർത്തി, ജി.ദേവരാജൻ, എം.എസ്.ബാബുരാജ്, എം.കെ.അർജുനൻ തുടങ്ങി ഇളയരാജ വരെയുള്ളവർ അദ്ദേഹത്തിന്റെ വരികൾക്ക് ഈണമെഴുതി. 'അകലെ അകലെ നീലാകാശം', 'നഷ്ട സ്വപ്നങ്ങളെ', 'കൂത്തമ്പലത്തിൽ വച്ചോ', 'ഹൃദയം കൊണ്ടെഴുതുന്ന കവിത', 'ഏഴിലം പാല പൂത്തു', 'താമരപ്പൂ നാണിച്ചു', 'ഒരു മുഖം മാത്രം കണ്ണിൽ', 'മലർക്കൊടി പോലെ', 'പാടാത്ത വീണയും', 'നിൻ മണിയറയിലെ', 'നീല നിശീഥിനി', 'വാൽക്കണ്ണേഴുതി' തുടങ്ങി ശ്രീകുമാരൻ തമ്പി ക്ലാസ്സിക്കുകൾ തന്നെ പറഞ്ഞാൽ തീരാത്തത്രയുമുണ്ട്.
Read Also: അന്ന് തമ്പി പറഞ്ഞു, ‘ആ പാട്ട് എന്റെ പേരിൽ പറയരുത്. അതിലെ ഒരു വാക്കുപോലും എന്റേതല്ല’!...
ചെട്ടിക്കുളങ്ങര ഭരണിയെ മലയാളികളുടെ മുഴുവൻ ആഘോഷമാക്കിയത് 'ചെട്ടിക്കുളങ്ങര ഭരണി നാളിൽ' എന്ന പാട്ടാണ്. കുസൃതിയും പ്രണയവും നിറഞ്ഞ ആ പാട്ട് അടിപൊളി പാട്ടുകളുടെ കൃത്യമായ മീറ്റർ ഉള്ള ഒന്നാണ്. വൈക്കത്തഷ്ടമിയും അദ്ദേഹത്തിന്റെ പാട്ടിലൂടെ തലമുറകൾ ഏറ്റുപാടിയ ഉത്സവമാണ്. ഹരിപ്പാട്ടെ ആറാട്ടും അദ്ദേഹത്തിന്റെ വരികളിലൂടെ കേൾക്കുന്നവരിൽ മുഴുവൻ ആഘോഷമായി.
1968 ൽ പുറത്തിറങ്ങിയ 'ഭാര്യമാർ സൂക്ഷിക്കുക' എന്ന ചിത്രത്തിലെ പാട്ടുകളെല്ലാം കവിതകൾ കൂടിയാണ്. 1993 ൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ബന്ധുക്കൾ ശത്രുക്കളും അടിമുടി പല ഗണത്തിലുള്ള പാട്ടുകൾ നിറഞ്ഞ സിനിമയാണ്. രാജീവ നയനേയും ചുംബന പൂ കൊണ്ട് മൂടിയും പ്രണയം നിറഞ്ഞ താരാട്ടുകളാണ്. ഒന്നാം രാഗം പാടിയും മേഘം പൂത്തു തുടങ്ങിയും ഉണരുമീ ഗാനവും താമരക്കിളി പാടുന്നുവും മലയാളികളിൽ സൃഷ്ടിച്ചെടുത്ത സ്വാധീനത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും സുഖമൊരു ബിന്ദുവും ഒക്കെയായി ജീവിതത്തിന്റെ അനിവാര്യമായ അവസ്ഥകളെക്കുറിച്ച് അദ്ദേഹം പാട്ടിലൂടെ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ പഠന ഗവേഷണങ്ങൾക്കപ്പുറം മലയാളിയുടെ ജീവിതത്തെ, സംഗീതത്തെ, ഓർമകളെ, ഒരു കാലത്തെ ഒക്കെ കുറിക്കുന്നു. സംഗീതം കൊണ്ട് സമൃദ്ധമായ ഒരു കാലത്തിന്റെ മറുപേരാണ് ശ്രീകുമാരൻ തമ്പി!