ADVERTISEMENT

കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സുദീർഘമായ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഗായകന്റെ പ്രതികരണം. ഒരു കലാകാരൻ വേദിയിൽ പ്രകടനം നടത്തുമ്പോൾ അയാളെ തടസ്സപ്പെടുത്തുകയെന്നത് സംസ്കാരമില്ലാത്ത തരംതാഴ്ന്ന പ്രവൃത്തിയാണെന്ന് വേണുഗോപാൽ കുറിച്ചു. ഗായകന്റെ പോസ്റ്റ് ഇതിനകം വലിയ ചർച്ചകൾക്കു തുടക്കമിട്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ രേഖപ്പെടുത്തുന്നത്.

Read Also: ‘വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ്’; ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതികരിച്ച് മിഥുൻ ജയരാജ്

കുറിപ്പിന്റെ പൂർണരൂപം:

ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്നു പറയുന്നത് സംസ്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോള‌ജ് പ്രിൻസിപ്പലാണ് ഇതു ചെയ്തത് എന്നു കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്നു വരുന്നവെന്ന് മാത്രം. നല്ല അധ്യാപകരും പ്രിൻസിപ്പൽമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. 

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണു ജാസി. മലയാള സിനിമാ സംഗീതം ജാസിക്കു മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോർ ദ് പീപ്പിളിൽ ഞാൻ പാടി പുറത്ത് വരാത്ത ‘പാദസരമേ കിലുങ്ങാതെ’ എന്ന പാട്ടാണ്. ‘‘അതെന്റെ കയ്യിൽ നിന്നും പോയി ചേട്ടാ’’ എന്നു ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം.....

‘‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ’’

തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനമാലപിക്കവെ പ്രിൻസിപ്പൽ മൈക്ക് പിടിച്ചുവാങ്ങി പരിപാടി സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിക്കുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്നു പറഞ്ഞിരുന്നതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഇതു കുട്ടികള്‍ ലംഘിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രിൻസിപ്പലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദിവിട്ടിറങ്ങിപ്പോയി. അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം. ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിനു മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പ്രിൻസിപ്പലിന്റെ നടപടിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

English Summary:

Singer G Venugopal reacts on Jassie Gift college controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com