മുഖം പൊത്തി കരഞ്ഞ് അമ്മ, കണ്ണീരടക്കിപ്പിടിച്ച് അച്ഛൻ; എല്ലാറ്റിനും സാക്ഷിയായി അരികിൽ സിദ്ധുവിന്റെ ചിത്രം! നോവ്
Mail This Article
കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ വീട്ടിലിപ്പോൾ നിറചിരികൾ മുഴങ്ങുകയാണ്. ഇടയ്ക്കൊക്കെ ഒരു കുഞ്ഞിളം കരച്ചിലും കേൾക്കാം, സിദ്ധുവിന്റെ കുഞ്ഞനിയന്റേത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സിദ്ധുവിന്റെ മാതാപിതാക്കളായ ബാൽകൗറും ചരൺ കൗറും രണ്ടാമത്തെ കൺമണിക്കു ജന്മം നൽകിയത്. ഇപ്പോഴിതാ മകനെ സ്വീകരിക്കുന്ന മാതാപിതാക്കളുടെ വിഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുഞ്ഞിനെ കണ്ട് കണ്ണീരണിയുന്ന അമ്മ ചരൺ കാഴ്ചക്കാരെയും വേദനിപ്പിക്കുന്നു. ആ കുഞ്ഞുമുഖത്തു നോക്കി പുഞ്ചിരിക്കുമ്പോൾ നഷ്ടപ്പെട്ട മകനെയോർത്ത് കരഞ്ഞു കണ്ണ് പൊത്തുകയാണ് ചരൺ. പിതാവ് ബാൽകൗർ കൺമണിയെ നെഞ്ചോടു ചേർത്തു പിടിച്ച് കരയാതെ, കണ്ണീർ തടഞ്ഞുനിർത്തുന്നു.
Read Also: രണ്ടാം കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ
ഐവിഫ് വഴിയാണ് സിദ്ധുവിന്റെ മാതാപിതാക്കൾ രണ്ടാമത്തെ കൺമണിയെ വരവേറ്റത്. ഡോ. രജനിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറുന്നതിന്റെ അതിമനോഹരദൃശ്യങ്ങൾ ഇപ്പോൾ സിദ്ധുവിന്റെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. കുഞ്ഞിനെ കയ്യിൽ പിടിച്ച് ബാൽകൗർ ആശുപത്രിയിൽ വച്ച് കേക്ക് മുറിച്ച് സന്തോഷം പ്രകടിപ്പിച്ചു. ചുറ്റുമുണ്ടായിരുന്നവരെല്ലാം മധുരം കഴിച്ച് കുടുംബത്തിന്റെ ആഘോഷത്തിൽ പങ്കുചേർന്നു. സിദ്ധുവിന്റെ നിറചിരിയോടെയുള്ള ചിത്രത്തിനു സമീപം കുഞ്ഞിനെ നെഞ്ചോടു ചേർത്തിരിക്കുന്ന ബാൽകൗറിന്റെ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ‘ഇതിഹാസങ്ങൾക്കു മരണമില്ല’ എന്നാണ് സിദ്ധുവിന്റെ ചിത്രത്തിനു താഴെ എഴുതിയിരിക്കുന്നത്.
ഞായറാഴ്ചയാണ് തങ്ങൾക്കു വീണ്ടും കുഞ്ഞ് ജനിച്ചെന്ന വിവരം ബാൽകൗർ സിങ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. തുടർന്ന് വിവിധയിടങ്ങളിൽ നിന്നായി അഭിനന്ദനസന്ദേശങ്ങൾ എത്തി. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർഥനയാലുമാണ് തങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാൽകൗർ അറിയിച്ചു.
ബാൽകൗർ സിങ്ങിന്റെയും ചരൺ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയ ഇരുവരുടെയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ബന്ധുക്കൾ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു. ചരൺ വീണ്ടും ഗർഭിണിയായതോടെ അതിയായ സന്തോഷത്തിലായിരുന്നു കുടുംബം.
2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.